ADVERTISEMENT

എത്ര സൗഹൃദത്തിനിടയിലും തന്റെ തോളിൽ തൊടാതിരിക്കാനുള്ള അകലം സൂക്ഷിക്കും പിണറായി; കോടിയേരിയാകട്ടെ, നമ്മുടെ തോളും ചേർത്തുപിടിക്കും’ - പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും തമ്മിലെ വ്യത്യാസത്തെക്കുറിച്ച് മുതിർന്ന ഒരു നേതാവ് ഒരിക്കൽ പറഞ്ഞതിങ്ങനെയായിരുന്നു.

വിജയനും ബാലകൃഷ്ണനും അഥവാ പിണറായിയും കോടിയേരിയും! ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ സിപിഎം രാഷ്ട്രീയത്തെ ഏറ്റവും സ്വാധീനിച്ചത് ഈ കൂട്ടുകെട്ടും അതിന്റെ രസതന്ത്രവുമായിരുന്നു. ജ്യേഷ്ഠാനുജന്മാരെപ്പോലെ ഇരുവരും ചേർന്നു പാർട്ടിയെ നയിച്ചു. സിപിഎമ്മിന്റെ, കേരള ചരിത്രത്തിലെ ഏറ്റവും കൊടിയ വിഭാഗീയതയുടെ ഇരുണ്ട കാലത്ത് ഒരു ഭാഗത്ത് ഈ രണ്ടു നേതാക്കളായിരുന്നു. അതിശക്തനായ വിഎസിനെ വെട്ടിനിരത്താൻ പോന്ന ആസൂത്രണവും കാര്യശേഷിയും ഒത്തൊരുമയും ഇവർ പ്രകടിപ്പിച്ചു. പിണറായി പക്ഷത്തിന്റെ സേനാനായകനായിരുന്നു കോടിയേരി.

അതേ സമയം തന്നെ താൻ വിഭാഗീയതയുടെ വക്താവല്ലെന്ന വ്യക്തമായ സൂചന ഓരോ സന്ദർഭത്തിലും നൽകാൻ കോടിയേരി ശ്രദ്ധിച്ചു. പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ ആ കരുത്തനായ നേതാവിന് വേണമെങ്കിൽ ഒരു ‘കോടിയേരി പക്ഷ’ത്തിന് രൂപം കൊടുക്കാമായിരുന്നു. എന്നാൽ, വിഎസ് യുഗത്തിനു തിരശീല വീണശേഷം പിണറായിയും കോടിയേരിയും ഒരുമിച്ചായിരുന്നു, എല്ലാറ്റിനും. സർക്കാരും പാർട്ടിയും അങ്ങനെ ഒരേ മനസ്സോടെ നീങ്ങിയതിന്റെ കൂടി ഗുണഫലമാണ് ചരിത്രം കുറിച്ച തുടർഭരണം. 

ഇരുവരുടെയും കണ്ണൂരിലെ വീടുകൾ തമ്മിൽ വെറും 12 കിലോമീറ്റർ അകലമേയുള്ളൂ. തിരുവനന്തപുരത്താകട്ടെ, മുഖ്യമന്ത്രിയാകും വരെ  എകെജി ഫ്ലാറ്റ് സമുച്ചയത്തിൽ പിണറായി നാലാം നിലയിൽ. തൊട്ടുതാഴെ മൂന്നാം നിലയിൽ കോടിയേരി. മുഖ്യമന്ത്രി ആയശേഷം ക്ലിഫ് ഹൗസിലേക്ക് പിണറായി മാറുകയും കോടിയേരി പാർട്ടിയുടെ അമരത്തെത്തുകയും ചെയ്തതോടെ ഇരുവരും തമ്മിൽ സൗന്ദര്യപ്പിണക്കങ്ങൾ ഉയരുമെന്നു കരുതിയവർ ഏറെയായിരുന്നു. അതു പിന്നീട് പുതിയ ചേരികൾക്കു നാന്ദിയാകുമെന്നും ചിലർ പ്രവചിച്ചു. എന്നാൽ, പാർട്ടി വീണ്ടും വിഭാഗീയതയിലേക്കു കൂപ്പുകുത്തരുതെന്ന ഉറച്ച നിർബന്ധം ഒരുപോലെ ഇരുനേതാക്കൾക്കും ഉണ്ടായിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നല്ല, പക്ഷേ അതു വളരാതിരിക്കാൻ രണ്ടു പേരും ശ്രദ്ധിച്ചു. മുഖ്യമന്ത്രിയുടെ അധികാരങ്ങളിലേക്കു കടന്നുകയറാൻ കോടിയേരിയുടെ പാർട്ടി പോയില്ല. പാർട്ടിയും സർക്കാരും എല്ലാം പിണറായി വിജയന്റെ കൈപ്പിടിയിലാണെന്ന് വിമർശിക്കുന്നവരുടെ മുന്നിൽ സ്വന്തം പ്രാഗത്ഭ്യം തെളിയിക്കാനായി കലാപക്കൊടി ഉയർത്താൻ കോടിയേരിയും മുതിർന്നില്ല. 

കോടിയേരിയിലെ ഓണിയൻ സ്‌കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണു ബാലകൃഷ്‌ണൻ ആദ്യമായി വിജയനെ കാണുന്നത്. അന്നു കെഎസ്‌എഫിന്റെ യൂണിറ്റ് ഉദ്‌ഘാടനത്തിന് എത്തിയ സംസ്‌ഥാന സെക്രട്ടറിയെ സ്‌നേഹത്തോടെ വരവേറ്റ യൂണിറ്റ് സെക്രട്ടറിയായിരുന്നു കോടിയേരി. കെഎസ്‌എഫിന്റെ കണ്ണൂരിൽ നടന്ന സംസ്‌ഥാനതല ക്യാംപോടെ ഇരുവരും കൂടുതൽ അടുത്തു. അടിയന്തരാവസ്‌ഥക്കാലത്തെ കാരാഗൃഹവാസം പിന്നെയും അടുപ്പിച്ചു. അന്ന് 27 പേരെ ഒരേദിവസം ‘മിസ’ പ്രകാരം അറസ്‌റ്റ് ചെയ്‌തപ്പോൾ അതിൽ ഇവർ രണ്ടുപേരുമുണ്ടായിരുന്നു. മർദനത്തിനിരയായി നടക്കാൻ പോലും കഴിയാത്ത സ്‌ഥിതിയിലായിരുന്ന വിജയനെ ശുശ്രൂഷിക്കാൻ പാർട്ടി ഏൽപിച്ചത് ജയിലിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലകൃഷ്‌ണനെയായിരുന്നു. അന്നു പിണറായി എംഎൽഎ കൂടിയാണ്. 

പിന്നീട് കണ്ണൂരിൽ എന്തിനും ഏതിനും പിണറായിക്കു വിശ്വാസം കോടിയേരിയെയായി. എം.വി.രാഘവൻ സിപിഎം വിട്ട  കടുത്ത വെല്ലുവിളിയുടെ നാളുകളിലാണ് 36–ാം വയസ്സിൽ കോടിയേരി കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്. ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്ന് പിണറായി സിപിഎം സംസ്ഥാന സെക്രട്ടറി ആയതോടെ അദ്ദേഹത്തിന്റെ വിശ്വസ്തനായ സെക്രട്ടേറിയറ്റ് അംഗമായി കോടിയേരി മാറി.അന്നു നായനാർ മന്ത്രിസഭയിൽ പിണറായി അംഗം ആയിരുന്നതിനാൽ കോടിയേരി സെക്രട്ടറി ആകുമെന്ന പ്രചാരണം ശക്തമായിരുന്നു. എന്നാൽ, മന്ത്രിസഭയിൽ നിന്ന് സംഘടനയെ നയിക്കാൻ പിണറായി വിജയനെ സിപിഎം തിരഞ്ഞെടുത്തപ്പോൾ മുതൽ അദ്ദേഹത്തിന് കരുത്തുപകർന്ന് കോടിയേരി കൂടെയുണ്ടായി. കേന്ദ്ര കമ്മിറ്റിയിലേക്കും പൊളിറ്റ്ബ്യൂറോയിലേക്കും ഒടുവിൽ സംസ്ഥാന സെക്രട്ടറി പദത്തിലേക്കും കോടിയേരി കടന്നുവന്നതിലും പിണറായിയുടെ പിന്തുണയും അദ്ദേഹത്തിനു കോടിയേരിയിൽ ഉണ്ടായ വിശ്വാസവും പ്രധാന ഘടകങ്ങളായിരുന്നു.

Content Highlights: Kodiyeri Balakrishnan, Remembering Kodiyeri Balakrishnan, Communist Party of India Marxist CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com