ADVERTISEMENT

കൊച്ചി ∙ സമൂഹത്തിലെ വലിയൊരു വിഭാഗം വനിതകൾക്കു കരിയർ താൽപര്യങ്ങൾക്കു മുൻഗണന നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെന്നു ശശി തരൂർ എംപി. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സ്ത്രീകളുടെ സ്വാശ്രയത്വവും സുരക്ഷിതത്വവും വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. രാത്രിയിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ അതു നിർവഹിക്കാം. ലിംഗ ഭേദമില്ലാതെ തുല്യ വേതനവും കൂടുതൽ അവസരങ്ങളും സ്ത്രീകൾക്കു ലഭിക്കാൻ സാങ്കേതികവിദ്യയിലെ മുന്നേറ്റം സഹായിച്ചിട്ടുണ്ടെന്നും ശശി തരൂർ പറഞ്ഞു. 

ടൈ കേരളയും വിമൻ ഒൻട്രപ്രനർ നെറ്റ്‌വർക്കും (വെൻ) ചേർന്നു സംഘടിപ്പിച്ച വിമൻ ഇൻ ബിസിനസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ശാക്തീകരണത്തിലൂടെ മാത്രമേ സ്ത്രീകൾ നേരിടുന്ന വിവേചനം അവസാനിപ്പിക്കാൻ കഴിയൂവെന്നു കോൺക്ലേവിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വനിത സംരംഭകത്വം, മുന്നേറ്റം, വനിതകൾക്കു വിജയകരമായി നടപ്പാക്കാവുന്ന സംരംഭക മാതൃകകൾ തുടങ്ങിയവ സമ്മേളനം ചർച്ച ചെയ്തു.

സമൂഹത്തെ പൊളിച്ചെഴുതുന്ന തരത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഉൾക്കൊള്ളുകയും നൂതനാശയങ്ങൾ അവതരിപ്പിക്കുകയും ചെയ്യുകയെന്നതു സംരംഭക രംഗത്തെ വിജയത്തിനു പ്രധാനപ്പെട്ട കാര്യമാണെന്നു മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു പറഞ്ഞു. ജീവിതത്തിൽ സമൂല മാറ്റം സൃഷ്ടിക്കുകയും പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്താണ് ഇന്റർനെറ്റ് കടന്നു വന്നത്. ലോകത്തു ഗൂഗിൾ പ്രവർത്തനം തുടങ്ങുന്നതിനും രാജ്യത്ത് ഇന്റർനെറ്റ് വ്യാപകമാകുന്നതിനും മുൻപാണു മനോരമ ഓൺലൈൻ ആരംഭിച്ചതെന്ന് അവർ പറഞ്ഞു.

ടൈ കേരള പ്രസിഡന്റ് അനീഷ ചെറിയാൻ, വെൻ ഫൗണ്ടേഷൻ പ്രസിഡന്റ് മരിയ ഏബ്രഹാം, വെൻ സ്ഥാപക പ്രസിഡന്റും വി സ്റ്റാർ ക്രിയേഷൻസ് മാനേജിങ് ഡയറക്ടറുമായ ഷീല കൊച്ചൗസേപ്പ്, പഴ്സനൽ ബ്രാൻഡിങ് പരിശീലന തൻവി ഭട്ട്, കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് സിഇഒ ശരത് വി. രാജ്, കീ വെഞ്ച്വർ സ്ഥാപക നിധി സറഫ്, വൈൽഡ് എർത്ത് സ്ഥാപക ഷാബിയ വാലിയ, താമര ലെഷർ എക്സ്പീരിയൻസ് സിഇഒയും ഡയറക്ടറുമായ ശ്രുതി ഷിബുലാൽ, ഫൈസൽ ശബാന ഫൗണ്ടേഷനിലെ ശബാന ഫൈസൽ, സോഫിയ ഫൈസൽ, സാറാ ഫൈസൽ, ശാന്തി ഫൗണ്ടേഷൻ ഡയറക്ടർ ഉമ പ്രേമൻ, ഡോറ ബ്യൂട്ടി വേൾഡ് മാനേജിങ് ഡയറക്ടർ രഞ്ജു രഞ്ജിമാർ, ദി അൺബോട്ടിൽ കോ സഹ സ്ഥാപക ഐശ്വര്യ മുരളി, വെഴ്സെ ഇന്നവേഷൻ ചീഫ് പീപ്പിൾ ഓഫിസർ മായ ജോൺ, നടി അനുരാധ മേനോൻ, പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ഡയറക്ടർ സുപ്രിയ മേനോൻ, പുഷ്പി ബി. മുരിക്കൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു.

English Summary: Women are an untapped source of economic growth for the country: women in business conclave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com