ADVERTISEMENT

തിരുവനന്തപുരം ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രവൃത്തികൾ ജനാധിപത്യവിരുദ്ധവും ഫെഡറൽ തത്വങ്ങൾക്ക് എതിരുമാണെന്ന് സിപിഐ സംസ്ഥാന സമ്മേളനം. ഗവർണർ പദവി, കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ എന്നീ വിഷയങ്ങളിൽ ഫെഡറൽ തത്വങ്ങളുടെ അടിസ്ഥാനത്തിൽ പുനർവിചിന്തനം ആവശ്യമാണെന്നു സമ്മേളനം അംഗീകരിച്ച പ്രമേയം പറയുന്നു. 

മതപരമായി ജനങ്ങളെ വേർതിരിച്ചു രാഷ്ട്രീയ മുതലെടുപ്പിനാണു പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയായ ജനവിരുദ്ധ സംഘടനയാണ് പിഎഫ്ഐ എന്നും സമ്മേളനം വിലയിരുത്തി. 

 

കനയ്യ: ദേശീയ നേതൃത്വത്തിന് പരിഹാസം

 

യുവനേതാവായ കനയ്യ കുമാറിനെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ എത്തിച്ചതാണു സിപിഐ ദേശീയ നേതൃത്വത്തിന്റെ വലിയ സംഭാവന എന്നു സംസ്ഥാന സമ്മേളനത്തിൽ ആക്ഷേപം. ദേശീയ ബദൽ ഉണ്ടാക്കുമെന്നാണു പാർട്ടി പറയുന്നത്. പാർട്ടിയെ ഒരിഞ്ച് വളർത്തിയിട്ടു വേണം ഇതു പറയാൻ. മുന്നാക്ക സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന സിപിഐ നയത്തിനു വിരുദ്ധമായി ജനറൽ സെക്രട്ടറി ഡി.രാജ നിലപാട് എടുത്തതും ചോദ്യം ചെയ്യപ്പെട്ടു.  

 

സംഘടനാ ചുമതല: മന്ത്രിമാർക്ക് വിമർശനം

 

സിപിഐ മന്ത്രിമാർക്ക് അവരുടെ സംഘടനാ ചുമതലകൾ നിർവഹിക്കാൻ കഴിയുന്നില്ലെന്ന് പ്രവർത്തന റിപ്പോർട്ട്. മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, ജെ.ചിഞ്ചുറാണി എന്നിവർക്കു ജില്ലകളിലെ സംഘടനാ ചുമതലകൾ നിർവഹിക്കുന്നതിൽ പരിമിതിയുണ്ടെന്നാണു പറയുന്നത്.

 

കൊല്ലം മുന്നിൽ, വയനാട് പിന്നിൽ

സിപിഐക്ക് ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ളത് കൊല്ലത്ത്; കുറവ് വയനാട്ടിലും. 34,998 പേരാണു കൊല്ലത്തെ സിപിഎം അംഗങ്ങൾ. വയനാട്ടിൽ 2623 മാത്രം. തിരുവനന്തപുരമാണു (23686) രണ്ടാമത്. മറ്റു ജില്ലകൾ അംഗസംഖ്യയുടെ ക്രമത്തിൽ: ആലപ്പുഴ (19842), തൃശൂർ (19829), എറണാകുളം (14588), പത്തനംതിട്ട (11677), ഇടുക്കി (11572), കോട്ടയം (11278), പാലക്കാട് (7147), മലപ്പുറം (7028), കണ്ണൂർ (4737), കോഴിക്കോട് (6548), കാസർകോട് (3003). 

 

‘കേരള കോൺഗ്രസിന്റെ വരവ് ഗുണം ചെയ്തില്ല’

തിരുവനന്തപുരം ∙ കേരള കോൺഗ്രസ് (എം) പാർട്ടിയോടുള്ള നീരസം ആവർത്തിച്ച് സിപിഐ റിപ്പോർട്ട്. 

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭാഗമായിരുന്ന കാലത്തു കിട്ടിയ വോട്ട് അവർക്ക് എൽഡിഎഫിൽ വന്നപ്പോൾ സമാഹരിക്കാൻ കഴിഞ്ഞില്ലെന്നാണു രാഷ്ട്രീയ റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ.

‘പുതുതായി എൽഡിഎഫിൽ ചേർന്ന കേരള കോൺഗ്രസിന് മുൻ തിരഞ്ഞെടുപ്പിലെ 3.99 ശതമാനത്തി‍ൽ നിന്നു 0.71% വോട്ട് കുറഞ്ഞു. എന്നാൽ 5 സീറ്റിൽ ജയിക്കാൻ അവർക്കായി’–എൽ‍ഡിഎഫിൽ വന്ന കാലം മുതൽ കേരള കോൺഗ്രസിനെ അംഗീകരിക്കാൻ കാട്ടുന്ന വിമുഖത സമ്മേളനത്തിലും സിപിഐ ഇതു വഴി പ്രകടിപ്പിച്ചു.

 

English Summary: CPI against Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com