ADVERTISEMENT

കോട്ടയം ∙ ‘വിളിച്ചു വരുത്തി അടിച്ചു കൊന്നതാ സാറേ... പുറത്തറിയാതിരിക്കാനാ കുഴിച്ചു മൂടിയത്...’ ആലപ്പുഴ സ്വദേശി ബിന്ദുമോന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി മുത്തുകുമാറിന്റെ വെളിപ്പെടുത്തൽ കേട്ട് പൊലീസുകാർ പോലും ഞെട്ടി. ‘ഒന്നു കൂടാമെന്നു പറഞ്ഞു വിളിച്ചു വരുത്തിയതാണ്. മദ്യം നൽകി മയക്കിയാണു കൃത്യം നിർവഹിച്ചത്’ – പൊലീസിനോടു പ്രതി കുറ്റസമ്മതം നടത്തി. എന്തിനാണു കൊന്നതെന്ന ചോദ്യത്തിനു മാത്രം മുത്തുകുമാർ മറുപടി കൊടുത്തില്ല.

ചില തർക്കങ്ങൾ ഉണ്ടായിരുന്നെന്ന് ആദ്യം പറഞ്ഞ മുത്തുകുമാർ പിന്നെ അബദ്ധം പറ്റിയെന്നു പറഞ്ഞു തടിതപ്പാൻ ശ്രമം നടത്തി. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായി ചോദ്യം ചെയ്യൽ. കൃത്യമായ തെളിവുകൾ നിരത്തി പൊലീസ് ചോദിച്ചതോടെ മുത്തുകുമാർ പതറി. ഒടുവിലാണു കൃത്യം നടത്തിയത് താനുൾപ്പെടെ 3 പേരാണെന്നു സമ്മതിച്ചത്.

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി സി.ജി.സനൽ കുമാറിന്റെ നേതൃത്വത്തിൽ 3 സിഐമാർ ഉൾപ്പെടെ 20 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.

കൊലപാതകം 26ന്, സിമന്റിട്ടത് 28ന്

കോട്ടയം∙ കഴിഞ്ഞ മാസം 26ന് ഉച്ചയോടെയാണ് എസി കോളനിയിലെ വീട്ടിനുള്ളിൽ ബിന്ദുമോനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഈ സമയം മുത്തുകുമാറിന്റെ മക്കൾ വീട്ടിൽ ഇല്ലായിരുന്നു. പിടിയിലായ മുത്തുകുമാറും സുഹൃത്തുക്കളും ചേർന്നു ബിന്ദുമോനെ മർദിച്ചു കൊലപ്പെടുത്തിയ ശേഷം വീടിന്റെ ചായ്പിൽ എത്തിച്ച് കുഴിച്ചുമൂടി. തുടർന്ന് മുത്തുകുമാറിന്റെ സുഹൃത്തുക്കൾ മടങ്ങി. 

ബിന്ദുമോന്റെ ബൈക്ക് ഇവരിൽ ഒരാൾ ഇവിടെ നിന്നു കൊണ്ടുപോയി. 28നു പകൽ ഇവർ വീണ്ടും എത്തുകയും മണ്ണിട്ടു മൂടിയ ഭാഗം സിമന്റിട്ട് ഉറപ്പിക്കുകയും ചെയ്തു. 29നു സുഹൃത്തുക്കൾക്കൊപ്പം മുത്തുകുമാർ തമിഴ്നാട്ടിലേക്കു കടന്നു. തിരികെയെത്തിയപ്പോഴാണു പിടിയിലായതെന്നാണു പൊലീസ് നൽകുന്ന വിവരം.

 

English Summary: ‘Drishyam’ model murder in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com