ADVERTISEMENT

തലശ്ശേരി ∙ മുൻ ആഭ്യന്തരമന്ത്രികൂടിയായ കോടിയേരി ബാലകൃഷ്ണനു പൂർണ ഔദ്യോഗിക ബഹുമതികളോടെയാണു പൊലീസ് യാത്രാമൊഴിയേകുന്നത്. ചെന്നൈയിൽനിന്നുള്ള എയർ ആംബുലൻസ് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ മുതൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ സുരക്ഷയും അകമ്പടിയും ഒരുക്കിയിരുന്നു. 

ഡിഐജി രാഹുൽ ആർ.നായർ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം വിലാപയാത്രയ്ക്കൊപ്പം നീങ്ങി. വിലാപയാത്ര തലശ്ശേരി ടൗൺ ഹാൾ പരിസരത്ത് എത്തിയപ്പോൾ ബ്യൂഗിൾ സല്യൂട്ടോടെയാണു പൊലീസ് അഭിവാദ്യം ചെയ്തത്. ടൗൺ ഹാളിൽ നിന്നു രാത്രി വൈകി വീട്ടിൽ കോടിയേരിയുടെ മൃതദേഹം എത്തിച്ചപ്പോഴും പൊലീസ് ബ്യൂഗിൾ സല്യൂട്ട് നൽകി. 

ഇന്ന് വൈകിട്ട് പയ്യാമ്പലത്ത് സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ പൊലീസ് ഗൺ സല്യൂട്ട് ഉൾപ്പെടെ പൂർണ ഔദ്യോഗിക ബഹുമതികൾ നൽകും. കോടിയേരി ബാലകൃഷ്ണന് അന്ത്യോപചാരമർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തും. ഇന്ന് 10 മണിക്ക് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയാണ് അദ്ദേഹം കോടിയേരിക്ക് അന്ത്യോപചാരമർപ്പിക്കുക.

എന്റെ രാഷ്ട്രീയ ഗുരു: ഷംസീർ

തലശ്ശേരി∙ കോടിയേരിയുടെ കൈപിടിച്ചു കേരള രാഷ്ട്രീയത്തിൽ പടവുകൾ ചവുട്ടിക്കയറിയ സ്പീക്കർ എ.എൻ.ഷംസീർ കോടിയേരിയുടെ അന്ത്യയാത്രയിലും നിഴലായി കൂടെ നിന്നു. മരണ വിവരം അറിഞ്ഞതു മുതൽ കോടിയേരിയിലെ വീട്ടിലും തലശ്ശേരി ടൗൺഹാളിലും പാർട്ടി പ്രവർത്തകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി ഷംസീറുണ്ടായിരുന്നു.

‘ഒരേ നാട്ടുകാരാണെങ്കിലും തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരിക്കുമ്പോൾ 18-ാം വയസ്സിലാണു കോടിയേരിയുമായി അടുത്തു പരിചയപ്പെടുന്നത്. അന്നു മുതൽ കോടിയേരി ഒരു മകനെപ്പോലെ വാത്സല്യത്തോടെ പെരുമാറി. ബ്രണ്ണൻ കോളജിലെ പഠനം കഴിഞ്ഞു തിരുവനന്തപുരത്ത് എന്നെ എൽഎൽബിക്ക് ചേർത്തതും അദ്ദേഹമാണ്. എന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും പോരായ്മ കണ്ടാൽ ശാസിക്കുമായിരുന്നു. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പു കാലത്ത് എഎസ്പിയുമായി ഒരു പ്രശ്നത്തിന്റെ പേരിൽ വാക്കേറ്റമുണ്ടായി. വിവരം അറിഞ്ഞ കോടിയേരി വിളിച്ചു ശാസിച്ചു. ആരോടും മോശമായി പെരുമാറരുത്. എല്ലാവരെയും ചേർത്തു നിർത്തുന്നതായിരിക്കണം പൊതുപ്രവർത്തകരുടെ പ്രവർത്തന രീതിയെന്ന് അദ്ദേഹം ഉപദേശിച്ചു.’ ഷംസീർ പറഞ്ഞു.

അനുശോചിച്ച് കമൽഹാസൻ

ചെന്നൈ ∙ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽഹാസൻ അനുശോചിച്ചു. പൊതുസേവനത്തിനായി കോടിയേരി അരനൂറ്റാണ്ടിലധികം ജീവിതം സമർപ്പിച്ചെന്നും കേരളത്തിൽ പാർട്ടിയുടെ വളർച്ചയ്ക്കു തുടക്കമിട്ടവരിൽ ഒരാളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English Summary: Thousands pay homage to Kodiyeri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com