ADVERTISEMENT

തിരുവനന്തപുരം ∙ സിപിഐ സമ്മേളനത്തിന്റെ ഗതി തിരിച്ചുവിട്ടത് പ്രതിനിധി സമ്മേളനത്തിലെ രാഷ്ട്രീയ–പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച. കാനം രാജേന്ദ്രന് അഭൂതപൂർവമായ പിന്തുണ നൽകുന്നതായിരുന്നു രണ്ടാം ദിവസത്തെ ആ 8 മണിക്കൂർ ചർച്ച.

ഇതോടെ സമ്മേളനത്തിന്റെ ‘ട്രെൻഡ്’ ഇസ്മായിൽ പക്ഷത്തിന് ബോധ്യമായി. പ്രായപരിധി നിർദേശത്തെ ചോദ്യം ചെയ്യാൻ ഒരുങ്ങിത്തന്നെയാണ് അവർ വന്നതെങ്കിലും അതിനു പോലും സാധിച്ചില്ല. മത്സരത്തിനു തുനിഞ്ഞാൽ പരാജയമാണ് കാത്തിരിക്കുന്നതെന്ന് അവർക്കു മനസ്സിലായി.

പാർട്ടി സമ്മേളനത്തിൽ വിഭാഗീയത അരങ്ങുവാഴും എന്നു പ്രവചിച്ചവർ നിരാശരായി എന്ന് മാധ്യമങ്ങളെ ഉദ്ദേശിച്ചെന്ന മട്ടിലാണ് കാനം പ്രതികരിച്ചതെങ്കിലും ഇത് ഇസ്മായിൽ പക്ഷത്തിനുള്ള മറുപടി തന്നെയായിരുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കട്ടെ എന്നാണ് സമ്മേളനത്തിനു മുൻപ് ഇസ്മായിൽ പറഞ്ഞത്. പ്രായപരിധി നിർദേശം പ്രമേയത്തിലൂടെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രണ്ടും നടക്കാതെ പോയതല്ല, നടപ്പാക്കാൻ കാനം വിഭാഗം സമ്മതിച്ചില്ല എന്നതാണ് വസ്തുത. അനായാസം കാനം ജയിച്ചെന്ന പ്രതീതിയാണ് പുറമേ എങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ അവർ വലിയ സമ്മർദത്തിൽ ആയിരുന്നു എന്നതാണ് വാസ്തവം. മറുവിഭാഗത്തിന്റെ ആസൂത്രണവും നീക്കങ്ങളും അവർ മനസ്സിലാക്കി. ഇതോടെ ഒരു വലിയ നിര നേതാക്കൾ കാനത്തിനു വേണ്ടി ഇപ്പുറത്ത് കച്ച മുറുക്കി. പി.സുരേഷ് രാജ്, പി.സന്തോഷ്കുമാർ, പി.പി.സുനീർ തുടങ്ങിയ രണ്ടാംനിരക്കാർ കരുക്കൾ നീക്കി. ചെറുപ്പക്കാരിൽ വലിയ വിഭാഗം അതിനൊപ്പം നിന്നു. സംഘടനാ, പാർലമെന്ററി രംഗങ്ങളിൽ യുവാക്കൾക്കായി കാനം നിലകൊണ്ടത് ആ ഐക്യദാർഢ്യത്തിനു കാരണമായി.

പലപ്പോഴും തങ്ങളെ ചോദ്യം ചെയ്തതു കൊണ്ടു തന്നെ കേന്ദ്ര നേതൃത്വത്തിനു കാനത്തോട് മമത ഇല്ലായിരുന്നു. എന്നാൽ, അവർ തന്നെ നിർദേശിച്ച 75 പ്രായപരിധി നടപ്പാക്കാൻ കേരള ഘടകം ശ്രമിക്കുമ്പോൾ അതിനെ ദുർബലപ്പെടുത്താൻ ഡി.രാജയ്ക്കു കഴിഞ്ഞില്ല. ദേശീയ നിർവാഹകസമിതി അംഗം ആനി രാജയെ സമ്മേളനത്തിന് ക്ഷണിക്കാത്തതു നേരത്തേ ചർച്ച ആയിരുന്നെങ്കിലും പ്രതിനിധികൾ ആരും അതേക്കുറിച്ച് പരാമർശിച്ചില്ല.

ദേശീയ നിർവാഹകസമിതി അംഗം എന്ന നിലയിലാണ് സംസ്ഥാന കൗ‍ൺസിലിൽ പങ്കെടുക്കുന്നതെന്നും അതിൽ അംഗമല്ലെന്നും ഇസ്മായിൽ ന്യായീകരിക്കുന്നുണ്ട്. എന്നാൽ, കഴി‍ഞ്ഞ മലപ്പുറം സമ്മേളനത്തിനു ശേഷം പുറത്തിറക്കിയ സംസ്ഥാന കൗ‍ൺസിൽ അംഗങ്ങളുടെ പട്ടികയിൽ രണ്ടാം പേരുകാരൻ ഇസ്മായിലാണ്. സംസ്ഥാന സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിൽ കൗൺസിൽ അംഗങ്ങളുടെ പട്ടികയിലും അദ്ദേഹം ഉണ്ട്. ഇന്നലെ സിപിഐ നൽകിയ അംഗങ്ങളുടെ പട്ടികയിൽ അദ്ദേഹം ഇല്ല. 

തിരുവനന്തപുരത്തെ പ്രതിനിധികൾ ജില്ലയിൽ നിന്നുള്ള പുതിയ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തു നൽകിയപ്പോൾ ദിവാകരനെയും ഒഴിവാക്കി. സെക്രട്ടറിയെ തിരഞ്ഞെടുക്കാനായി പുതിയ സംസ്ഥാന കൗൺസിൽ ചേരുന്നതിന് മുൻപു തന്നെ നിരാശനായ ദിവാകരൻ സമ്മേളന വേദി വിട്ടു. ദേശീയ നിർവാഹകസമിതി അംഗം എന്ന നിലയിൽ വിജയവാഡയിൽ ഒരു കൈ ശ്രമിക്കാം എന്ന പ്രതീക്ഷയിലാണ് കെ.ഇ.ഇസ്മായിൽ.

English Summary: Kanam Rajendran CPI state secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com