പ്രായം കടമ്പ; ഇസ്മായിൽ, ദിവാകരൻ പുറത്ത്

ke-ismail-and-c-divakaran
കെ.ഇ.ഇസ്മായിൽ, സി.ദിവാകരൻ
SHARE

തിരുവനന്തപുരം ∙ ബദൽ പക്ഷത്തെ സ്വന്തം പേരിലാക്കിയ‍ിരുന്ന കെ.ഇ.ഇസ്മായിൽ, നേതൃത്വം വച്ച പ്രായത്തിന്റെ കടമ്പയിൽ തട്ടി സിപിഐ സംസ്ഥാന കൗൺസിലിനു പുറത്ത്. പാർട്ടിയിലെ പ്രായപരിധിയുടെ പേരിൽ പരസ്യപ്രസ്താവന നടത്തിയ ഇസ്മായിലും സി.ദിവാകരനും 75 വയസ്സ് കടന്നതിനെത്തുടർന്നാണ് ഒഴിവാക്കപ്പെട്ടത്. എന്നാൽ, ദേശീയ നിർവാഹക സമിതി അംഗമായ ഇസ്മായിലിനു പാർട്ടി കോൺഗ്രസിനു ശേഷവും ആ സ്ഥാനത്തു തുടരാനായാൽ സംസ്ഥാന കൗൺസിലിൽ പങ്കെടുക്കാനാകും.

സംസ്ഥ‍ാന സമ്മേളനത്തിൽ പ്രായപരിധി കടമ്പയാകുമെന്ന് ഉറപ്പായിരുന്നു. പ്രായമല്ല, ആരോഗ്യമാണ് വേണ്ടതെന്നും അതു തനിക്കുണ്ടെന്നും ഇസ്മായിൽ തുറന്നടിച്ചത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ലക്ഷ്യമാക്കിയാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ദിവാകരൻ നേതൃത്വവുമായി നേരിട്ട് വാക്പോരു തന്നെ നടത്തി. എന്നാൽ, സമ്മേളനത്തിൽ എതിർത്തു നിൽക്കാനുള്ള അവസരം പോലും ലഭിക്കാതെ ഇരുവരും പുറത്തായി.

ഇരു നേതാക്കളും സംസ്ഥാന സെക്രട്ടറി പദത്തിനു തൊട്ടടുത്തു വരെയെത്തിയവരാണ്. പി.കെ.വാസുദേവൻ നായർ സെക്രട്ടറിയായിരിക്കെ 95 ൽ വെളിയം ഭാർഗവനൊപ്പമാണ് ഇസ്മായിൽ അസിസ്റ്റന്റ് സെക്രട്ടറിയായത്. തൊട്ടുപിന്നാലെ ഇ.കെ.നായനാർ മന്ത്രിസഭയിൽ അംഗമായി.  2015 ലെ കോട്ടയം സമ്മേളനത്തിൽ കാനം രാജേന്ദ്രനെതിരെ ഇസ്മായിലിന്റെ പേര് നിർദേശിക്കപ്പെട്ടെങ്കിലും അദ്ദേഹം പിന്മാ‌റി.

10 വർഷം മുൻപ്, സി.കെ.ചന്ദ്രപ്പന്റെ മരണത്തിനു ശേഷം സി.ദിവാകരനെ സെക്രട്ടറിയാക്കാൻ ദേശീയ നേതൃത്വം നിർദേശിച്ചെങ്കിലും സംസ്ഥാനത്തെ പാർട്ടിയിൽ വലിയ എതിർപ്പുണ്ടായി. കാനം രാജേന്ദ്രന്റെ പേരാണ് അന്നു ഭൂരിഭാഗം ജില്ലാ കൗൺസിലുകളും ശുപാർശ ചെയ്തത്. 

ഒടുവിൽ, ഒത്തുതീർപ്പെന്ന നിലയിൽ പന്ന്യൻ രവീന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരുവനന്തപുരം സീറ്റുമായി ബന്ധപ്പെട്ട ‘പേയ്മെന്റ് സീറ്റ്’ വിവാദത്തിന്റെ പേരിൽ ദിവാകരൻ ദേശീയ നിർവാഹക സമിതിയിൽ നിന്നും കൗൺസിലിൽ നിന്നും ഒഴിവാക്കപ്പെട്ടു. ദേശീയ കൗൺസിലിലും പ്രായപരിധി കർശനമാക്കിയാൽ ഇസ്മായിൽ ഒഴിവാക്കപ്പെടും. ദിവാകരന്റെ ഭാവി തീരുമാനിക്കേണ്ടത് പുതിയ സംസ്ഥാന കൗൺസിലാണ്.

കഥ മെനഞ്ഞവർ വല്ലാതെ നിരാശപ്പെട്ടു: കാനം

സിപിഐയിൽ ഗ്രൂപ്പുകളോ വിഭാഗീയതയോ ഇല്ലെന്നും അത്തരം കഥകൾ മെനഞ്ഞവർക്കു സംസ്ഥാന സമ്മേളനം നിരാശയാണു സമ്മാനിച്ചതെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സമ്മേളനം വിഭാഗീയതയുടെ അരങ്ങാകുമെന്നു പ്രവചിച്ചവർ നിരാശയിലായി. വ്യത്യസ്ത അഭിപ്രായമുള്ള സഖാക്കൾ പാർട്ടിയിലുണ്ട്. അഭിപ്രായങ്ങൾ ജനാധിപത്യപരമായി പ്രകടിപ്പിക്കാനുള്ള അവകാശവുമുണ്ട്. അതു തെറ്റാണെന്നു കരുതാനാവില്ല. പാർട്ടി അഭിപ്രായ സമന്വയത്തിലൂടെ തീരുമാനത്തിലെത്തുന്നു. വിമർശനങ്ങളുണ്ടെങ്കിലും സിപിഐ വേറിട്ട പാർട്ടിയാണെന്ന് തെളിഞ്ഞു. കണിശതയോടെ, ഐക്യത്തോടെ പാർട്ടിയെ മുന്നോട്ടു നയിക്കുമെന്നും കാനം പറഞ്ഞു.

∙ ‘എന്നെ ആരും വെട്ടിയും നിരത്തിയുമില്ല. എന്നെ വെട്ടാനുള്ള കത്തി ഇവരുടെ ആരുടെ കയ്യിലുമില്ല. ഞാൻ സ്വയം ഒഴിവായതാണ്. ഒരാൾ തന്നെ സെക്രട്ടറിയായി ഇരിക്കേണ്ടതില്ലെന്ന അഭിപ്രായത്തിൽ മാറ്റമില്ല. പരസ്യപ്രസ്താവന െതറ്റാണെന്നു തോന്നുന്നില്ല. നേരത്തേ എന്നെ സെക്രട്ടറിയാക്കാൻ ദേശീയ നേതൃത്വം തീരുമാനിച്ചതാണ്. അന്ന് ആക്കിയില്ല. പിന്നീട് ആ ആഗ്രഹമുണ്ടായിട്ടുമില്ല. ഇനിയുള്ള കാലം എഴുത്തും വായനയും സാംസ്കാരിക പ്രവർത്തനവുമായി മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം.’ – സി.ദിവാകരൻ

∙ ‘എന്നെ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയെന്നതു മാധ്യമ സൃഷ്ടിയാണ്. ദേശീയ നിർവ‍ാഹക സമിതി അംഗം എന്ന നിലയിൽ ഞാൻ സംസ്ഥാന കൗൺസിലിലും അംഗമാണ്. ഉപരി സമിതി അംഗം എന്ന നിലയിലാണ് സംസ്ഥാന കൗൺസിലിൽ നിന്നു മാറിയത്.’ – കെ.ഇ.ഇസ്മായിൽ

English Summary: K.E. Ismail and C. Divakaran out of CPI state council

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA