ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്യൻ സന്ദർശനം നടത്തുന്നത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഔദ്യോഗികമായി അറിയിച്ചില്ല. ഗവർണറെ അറിയിക്കണം എന്നു ചട്ടം ഇല്ലെങ്കിലും അറിയിക്കുന്നതാണ് കീഴ്‌വഴക്കം. കഴിഞ്ഞ തവണ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ അഭിപ്രായ ഭിന്നത നിലനിൽക്കുമ്പോഴും വിദേശയാത്രയുടെ കാര്യം മുഖ്യമന്ത്രി ഗവർണറെ അറിയിക്കുകയും സർക്കാർ ഔദ്യോഗികമായി യാത്രാവിവരം കൈമാറുകയും ചെയ്തിരുന്നു.

എന്നാൽ യാത്രയുടെ വിശദാംശങ്ങൾ സർക്കാർ ഇതുവരെ രാജ്ഭവനെ അറിയിച്ചിട്ടില്ല. കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിക്കാൻ ഗവർണർ കണ്ണൂരിൽ എത്തിയപ്പോഴാണ് 10 ദിവസത്തെ യൂറോപ്യൻ പര്യടനത്തെക്കുറിച്ചു മുഖ്യമന്ത്രി അനൗപചാരികമായി അറിയിച്ചത്. ഗവർണർ ആശംസയും നേർന്നു. കോടിയേരിയുടെ മരണത്തെ ത്തുടർന്നു മുഖ്യമന്ത്രി വിദേശയാത്ര രണ്ടു ദിവസത്തേക്കു നീട്ടിയിരുന്നു. അദ്ദേഹത്തിന് ഒപ്പം ഭാര്യ കമല, മകൾ വീണ, ചെറുമകൻ എന്നിവരുമുണ്ട്. നോർവേയ്ക്കു പുറമേ ഇംഗ്ലണ്ടും അദ്ദേഹം സന്ദർശിക്കും. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, പി.രാജീവ്, വീണാ ജോർജ് തുടങ്ങിയവരും സംഘത്തിൽ ഉണ്ട്.

അതേസമയം, നിയമസഭ പാസാക്കിയ കൂടുതൽ ബില്ലുകളിൽ ഒപ്പുവയ്ക്കാതെ ഗവർണർ ഇന്നലെ രാത്രി ഹൈദരാബാദിലേക്കു പോയി. 11നു മടങ്ങിയെത്തും.

സംസ്ഥാനത്തു മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്താനും ഫിഷറീസ്, അക്വാകൾചർ രംഗത്തു പുതിയ പദ്ധതികൾ നടപ്പാക്കാനും സഹകരിക്കാമെന്ന് നോർവേ ഫിഷറീസ് ആൻഡ് ഓഷൻ പോളിസി മന്ത്രി യോർണർ സെൽനെസ് ഷാരൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു. 1953ൽ കൊല്ലം നീണ്ടകരയിൽ ആരംഭിച്ച നോർവീജിയൻ പദ്ധതി കേരള മത്സ്യബന്ധന മേഖലയിലുണ്ടാക്കിയ ഗുണപരമായ മാറ്റം മുഖ്യമന്ത്രി വിശദീകരിച്ചു.

ഇന്ത്യ-നോർവേ സഹകരണത്തിൽ കേരളം പ്രധാന ഘടകമാണെന്നു ഷാരൻ അറിയിച്ചു. സഹകരണത്തിന്റെ പ്രധാന ഭാഗം കൊച്ചി ഷിപ്‍യാർഡിലെ കപ്പലുകളുടെ നിർമാണമാണ്. ഈ സഹകരണം വികസിപ്പിക്കാൻ നോർവേ തയാറാണെന്നും അതു കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മാരിടൈം ക്ലസ്റ്ററിന്റെ പ്രാധാന്യവും ഈ മേഖലയിലെ സാങ്കേതിക സഹകരണത്തിന്റെ ആവശ്യവും മന്ത്രി പി.രാജീവ് വിവരിച്ചു.

 മറൈൻ അക്വാകൾചർ മേഖലയിൽ കേരളവും നോർവേയും തമ്മിലുള്ള സഹകരണം കൂടുതൽ മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രി വി.അബ്ദുറഹ്മാൻ സംസാരിച്ചു.

ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ.രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്, ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണി, ഫിഷറീസ്, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ് എന്നിവർ പങ്കെടുത്തു.

ലോക സമാധാന സമ്മേളനം: കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് നൊബേൽ പീസ് സെന്റർ അധികൃതർ

തിരുവനന്തപുരം∙ ലോക സമാധാന സമ്മേളനം വിളിച്ചു ചേർക്കാനുള്ള കേരള സർക്കാരിന്റെ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്നു നൊബേൽ പീസ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ കെജെർസ്റ്റി ഫ്ലോഗ്സ്റ്റാഡ്.

നോർവേ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പു നൽകിയത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുന്ന സ്ഥാപനമാണ് നൊബേൽ പീസ് സെന്റർ. സംസ്ഥാന ബജറ്റിൽ ലോക സമാധാന സമ്മേളനം സംഘടിപ്പിക്കുമെന്നു പ്രഖ്യാപനമുണ്ടായിരുന്നു.

നൊബേൽ പീസ് സെന്ററുമായി സഹകരിച്ച് ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിക്കാൻ മുഖ്യമന്ത്രി താൽപര്യം പ്രകടിപ്പിച്ചു. കേരളത്തിന്റെ ഔദ്യോഗിക നിർദേശം ലഭിക്കുകയാണെങ്കിൽ ബന്ധപ്പെട്ട ചർച്ചകൾ നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി. 

English Summary: CM Pinarayi Vijayan European tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com