ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂൾ വാഹനങ്ങളുടെ കാര്യത്തിൽ മോട്ടർ വാഹന വകുപ്പും വിദ്യാഭ്യാസ വകുപ്പും കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും വിദ്യാലയങ്ങളിൽനിന്നു പഠന–വിനോദ യാത്രകൾ പോകുന്ന സ്വകാര്യ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കാര്യമായ മാർഗനിർദേശങ്ങളൊന്നുമില്ല. പരിശോധനയുമില്ല.

വിദ്യാലയങ്ങളിൽനിന്നുള്ള വിനോദ യാത്രകൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ സംബന്ധിച്ചു ഗതാഗത കമ്മിഷണർ ജൂലൈയിൽ സർക്കുലർ ഇറക്കിയിട്ടുണ്ട്. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പാടില്ലെന്നും ആഡംബര ലൈറ്റുകളും അരോചകമായ ശബ്ദം പുറപ്പെടുവിക്കുന്ന ശബ്ദ സംവിധാനവും ഉപയോഗിക്കരുതെന്നും മാത്രമാണ് ഇതിൽ നിർദേശിച്ചിരിക്കുന്നത്. വിനോദയാത്ര ആരംഭിക്കുന്നതിനു മുൻപു ബന്ധപ്പെട്ട റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ അല്ലെങ്കിൽ ജോയിന്റ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസറെ അറിയിക്കുന്നത് ഉചിതമായിരിക്കും എന്നും ഒഴുക്കൻമട്ടിൽ പറയുന്നു. വകുപ്പിനെ അറിയിക്കണമെന്നു നിർബന്ധമില്ലെന്നു ചുരുക്കം. വാഹനത്തിന്റെ വിവരം നിർബന്ധമായും അറിയിക്കണമെന്നും അതിന്റെ അടിസ്ഥാനത്തിൽ വാഹനത്തിന്റെയും ഡ്രൈവറുടെയും വിവരങ്ങൾ മുൻകൂട്ടി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കുമെന്നും ഉണ്ടായിരുന്നെങ്കിൽ അപകട സാധ്യത വലിയ തോതിൽ ഒഴിവാകുമായിരുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഇടയ്ക്കിടെ വിനോദ– പഠനയാത്രകൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ ഇറങ്ങാറുണ്ട്. ഇതിലൊന്നും യാത്രയ്ക്കായി വിളിക്കുന്ന സ്വകാര്യ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച നിർദേശങ്ങളില്ല. 2007 ൽ ഇറക്കിയ സർക്കുലറിൽ രാത്രി 9നു ശേഷവും രാവിലെ 6ന് മുൻപും യാത്ര പാടില്ലെന്നു പറയുന്നുണ്ട്. എന്നാൽ, അതിനു ശേഷം ഇറങ്ങിയ സർക്കുലറുകളിൽനിന്ന് ഏറെ പ്രധാനപ്പെട്ട ഈ നിർദേശം ഒഴിവാക്കി. തന്മൂലം മിക്ക വിദ്യാലയങ്ങളിൽ നിന്നുള്ള വിനോദയാത്രകളും ആരംഭിക്കുന്നതുതന്നെ രാത്രിയിലാണ്. രാത്രി യാത്ര ചെയ്യുന്നതുമൂലം ആ ദിവസത്തെ താമസത്തിനുള്ള ഹോട്ടൽ ചെലവ് ചുരുക്കാമെന്നതാണ് ഇതിനു പിന്നിലെ പ്രധാന കാരണം. സുരക്ഷിതമായ വാഹനം തിരഞ്ഞെടുക്കണമെന്നും ആ സർക്കുലറിൽ പറയുന്നുണ്ടെങ്കിലും അത് ഉറപ്പാക്കേണ്ട മോട്ടർ വാഹന വകുപ്പ് ആ രീതിയിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

2020 ൽ പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളടക്കം പഠന യാത്ര സംഘടിപ്പിക്കുന്നതു സർക്കാർ അംഗീകൃത ടൂർ ഓപ്പറേറ്റർമാർ വഴിയായിരിക്കണമെന്നു നിർദേശിച്ചിരുന്നു. ഇതു പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നടപടികളില്ല.

സ്കൂൾ വാഹനങ്ങൾ എങ്ങനെയായിരിക്കണമെന്നും ഫിറ്റ്നസും വേഗപരിധിയും സംബന്ധിച്ചുമെല്ലാം മോട്ടർ വാഹന വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും എല്ലാ വർഷവും മാർഗരേഖ ഇറക്കാറുണ്ട്. ഡ്രൈവർമാർക്കു പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്നും 10 വർഷത്തെ അപകടരഹിത പ്രവൃത്തിപരിചയം വേണമെന്നുമെല്ലാം ഇതിൽ പറയുന്നു. എന്നാൽ, വിദ്യാലയങ്ങൾ ദീർഘദൂര യാത്രകൾക്ക് ആശ്രയിക്കുന്ന വാഹനങ്ങളുടെ കാര്യത്തിൽ ഈ നിബന്ധനകളോ പരിശോധനകളോ ഇല്ലാത്തതിന്റെ ദുരന്തഫലമാണ് വടക്കഞ്ചേരിയിലും സംഭവിച്ചത്.

English Summary: No guidelines and checking for tourist bus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com