ADVERTISEMENT

മുളന്തുരുത്തി ∙ ബുധ‌നാഴ്ച വൈകിട്ട് 42 കുട്ടികൾ ചിരിച്ച് ആഹ്ലാദത്തോടെ യാത്രയായ മുളന്തുരുത്തി ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾമുറ്റം ഇന്നലെ ഉച്ചയ്ക്കുശേഷം കരഞ്ഞുകലങ്ങി. പരസ്പരം ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ നാട് വിങ്ങുകയായിരുന്നു. കോവിഡിനു ശേഷം കാത്തുകാത്തിരുന്നാണ് സ്കൂളിൽനിന്ന് ഒരു വിനോദയാത്ര പുറപ്പെട്ടത്. 24 എസ്എസ്എൽസി വിദ്യാർഥികളും ബാക്കി പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളും 5 അധ്യാപകരുമാണ് ഊട്ടിയിലേക്കു യാത്ര തിരിച്ചത്. ശനിയാഴ്ച രാവിലെ തിരികെ എത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. ഇതിനിടെയാണ് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂളിന്റെ ഭാഗമായ 6 ജീവൻ പൊലിഞ്ഞ ദുരന്തവാർത്ത പുലർച്ചെ നാടറിഞ്ഞത്.

അപകട വിവരം അറിഞ്ഞ് പുലർച്ചെ മുതൽ സ്കൂളിലേക്ക് ആളുകൾ എത്തി. എല്ലാവർക്കും അറിയേണ്ടത് ഒറ്റക്കാര്യമായിരുന്നു; കുഞ്ഞുങ്ങൾക്ക് എങ്ങനെയുണ്ട് ? മറുപടി എന്തു പറയുമെന്നറിയാതെ പലരും കുഴങ്ങി. കുട്ടികൾക്ക് ഒന്നും സംഭവിക്കരുതേ എന്ന പ്രാർഥനയിലായിരുന്നു പലരും. അപകടത്തിൽ പരുക്കേറ്റവരും മരിച്ചവരുടെ സഹപാഠികളും ഉച്ചയോടെ സ്കൂളിലെത്തിയപ്പോൾ കരച്ചിലടക്കാൻ പാടുപെട്ടു. അധ്യാപകർ അവരെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും പലർക്കും പിടിച്ചുനിൽക്കാനായില്ല.

പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങളുമായി പാലക്കാട്ടുനിന്നുള്ള 6 ആംബുലൻസുകൾ 2.50നു സ്കൂൾ മൈതാനത്തെത്തിയപ്പോൾ നാടൊന്നാകെ സ്കൂളിലുണ്ടായിരുന്നു. അധ്യാപകൻ വി.കെ.വിഷ്ണുവിനു കോവിഡ് സ്ഥിരീകരിച്ചതിനാൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണു മൃതദേഹം എത്തിച്ചത്. കളിച്ചും കളി പഠിപ്പിച്ചും ഒത്തുചേർന്നിരുന്ന സ്കൂൾ മുറ്റത്ത് 6 പേരുടെയും മൃതദേഹം ചേർത്തുവച്ചു. തുടർന്നു പ്രാർഥന. അന്ത്യോപചാരം അർപ്പിക്കുന്ന വേളയിൽ നിയന്ത്രണംവിട്ട് പലരും പൊട്ടിക്കരഞ്ഞു. 3.50നു സംസ്കാരച്ചടങ്ങുകൾക്കായി വീണ്ടും യാത്ര. മടങ്ങിവരാത്ത യാത്ര.

∙ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം ∙ വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനാപകടം ആരെയും ഞെട്ടിക്കുന്നതാണെന്നും റോഡിലെ നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നോർവേയിൽ ഉള്ള മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അപകടത്തിന്റെ കാരണം അന്വേഷിക്കും. അപകടത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദുഃഖം രേഖപ്പെടുത്തി. ഹൈദരാബാദിൽ നിന്ന് അദ്ദേഹം മന്ത്രി എം.ബി.രാജേഷിനെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു.

‘അലർട്ട്’ ലഭിച്ചിട്ടും ബസുടമ ഇടപെട്ടില്ല: ട്രാൻസ്പോർട്ട് കമ്മിഷണർ

പാലക്കാട് ∙ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് അമിതവേഗത്തിലാണെന്ന് ഉടമയ്ക്കു രണ്ടു തവണ ‘അലർട്ട്’ ലഭിച്ചിട്ടും ഇടപെട്ടില്ലെന്നതു ഗൗരവമായി കാണണമെന്നു സ്ഥലം സന്ദർശിച്ച ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത്. വിനോദയാത്രയ്ക്കു മുൻപു തന്നെ വിവരം സ്കൂളുകൾ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന നിർദേശം നേരത്തെ നൽകിയതാണ്. പരിശോധനാവേളയിൽ ‘എക്സ്ട്രാ ഫിറ്റ്ങ്സ്’ അഴിച്ചുവച്ചാണ് വാഹന ഉടമകൾ ഫിറ്റ്നസ് നേടുന്നതെന്നു ശ്രദ്ധയിൽപെട്ടിട്ടുണ്ട്. റോഡിൽ പരിശോധന കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Vadakkencherry Tourist Bus Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com