തിരുവനന്തപുരം ∙ കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നുവെന്ന പരാതിയിൽ മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കു ലോകായുക്ത നോട്ടിസ് അയച്ചു. ശൈലജ നേരിട്ടോ വക്കീൽ മുഖാന്തരമോ ഡിസംബർ 8നു ഹാജരാകണം. ഇവരുടെ വാദം കേൾക്കുന്നതിനൊപ്പം രേഖകൾ പരിശോധിച്ച് ലോകായുക്ത നേരിട്ടുള്ള അന്വേഷണവും നടത്തും.
കെ.കെ.ശൈലജ, അന്നത്തെ ആരോഗ്യ സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെ, മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡിയായിരുന്ന ബാലമുരളി, മെഡിക്കൽ സർവീസസ് കോർപറേഷൻ മുൻ ജനറൽ മാനേജർ എസ്.ആർ.ദിലീപ് കുമാർ, സ്വകാര്യ കമ്പനി പ്രതിനിധികൾ എന്നിവരടക്കം 11 പേർക്കെതിരെയാണു പരാതി. ഐഎഎസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കു നോട്ടിസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂർത്തിയായതിനെത്തുടർന്നാണു കേസ് ഫയലിൽ സ്വീകരിച്ചത്. ശൈലജയ്ക്കു നോട്ടിസ് നൽകുകയോ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല.
വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥി ആയിരുന്ന വീണ എസ്.നായരാണു ലോകായുക്തയെ സമീപിച്ചത്. പിപിഇ കിറ്റുകൾക്കു പുറമേ സർജിക്കൽ ഉപകരണങ്ങൾ വാങ്ങിയതിലും അഴിമതി നടന്നതായി പരാതിയിൽ ആരോപിക്കുന്നു. ചട്ടങ്ങൾ പാലിക്കാതെ മരുന്നുകളും ഉപകരണങ്ങളും വാങ്ങിയതിലൂടെ ഖജനാവിനു വലിയ നഷ്ടമുണ്ടായി. മന്ത്രിയായിരുന്ന ശൈലജയുടെ അറിവോടെയാണ് ഇടപാടുകൾ നടന്നത്. വിപണി നിരക്കിനെക്കാൾ മൂന്നിരട്ടി വിലയ്ക്കാണു സ്വകാര്യ കമ്പനികളിൽ നിന്നു പിപിഇ കിറ്റുകൾ വാങ്ങിയത്. സാധാരണഗതിയിൽ സാധനങ്ങൾ വിതരണം ചെയ്ത ശേഷമാണു പണം അനുവദിക്കുക. കിറ്റുകൾ വിതരണം ചെയ്യുന്നതിനു മുൻപു തന്നെ കമ്പനിക്ക് 9 കോടി രൂപ അനുവദിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടി.
ഇല്ലാത്ത കമ്പനിയുടെ പിപിഇ കിറ്റ്; പച്ചക്കറിക്കടയിൽനിന്ന് ഗ്ലൗസ് !
കോവിഡ് മഹാമാരിയുടെ തുടക്കകാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി പിപിഇ കിറ്റ്, മാസ്ക്, കയ്യുറ തുടങ്ങിയവ സംഭരിച്ചതിൽ കോടികളുടെ ക്രമക്കേട് നടന്നതായാണ് ആരോപണം. 400 രൂപയ്ക്കു താഴെ പിപിഇ കിറ്റ് ലഭ്യമായിരുന്നപ്പോൾ സാൻ ഫാർമ കമ്പനിയിൽ നിന്ന് 1550 രൂപയ്ക്കാണ് കോർപ്പറേഷൻ വാങ്ങിയത്. ഇങ്ങനെയൊരു കമ്പനി തന്നെ ഇല്ല. 12.15 കോടി രൂപയുടെ ഗ്ലൗസ് കഴക്കൂട്ടത്തെ പച്ചക്കറി സംഭരണക്കാർ വഴി ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യാൻ അനുമതി നൽകി. ഇതു സംബന്ധിച്ച് ധന വിഭാഗത്തിന്റെയും അക്കൗണ്ടന്റ് ജനറലിന്റെയും പരിശോധന നടക്കുകയാണ്.
English Summary: Scam in Purchase of PPE Kit: Complaint Against KK Shailaja Accepted by Lokayukta