ADVERTISEMENT

തിരുവനന്തപുരം∙ കണ്ണൂർ സെൻട്രൽ ജയിലിൽ പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ സെൻട്രൽ ജയിൽ സൂപ്രണ്ട് ആർ.സാജനെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തു. ഗുരുതരമായ സംഭവം യഥാസമയം ജയിൽ ആസ്ഥാനത്തു റിപ്പോർട്ട് ചെയ്തില്ലെന്നതിനാണു നടപടി. നടപടിയാവശ്യപ്പെട്ടു ജയിൽ വകുപ്പ് മേധാവി ആഭ്യന്തര വകുപ്പിനു റിപ്പോർട്ട് നൽകിയിരുന്നു. ഉത്തരമേഖലാ ജയിൽ ഡിഐജി സാം തങ്കയ്യനു ജാഗ്രതക്കുറവുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഡിഐജിക്കെതിരെ ഈ ഘട്ടത്തി‍ൽ നടപടിയില്ല.

കഴിഞ്ഞ മാസം 15നാണു  സെൻട്രൽ ജയിലിൽ 3 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ജയിൽ അടുക്കളയിലേക്കുള്ള പച്ചക്കറി എന്ന വ്യാജേന ഗുഡ്സ് ഓട്ടോയിൽ എത്തിക്കുകയായിരുന്നു. ലഹരിമരുന്നു കേസിൽ അകത്തു കഴിയുന്ന കോഴിക്കോട് സ്വദേശി അഷ്റഫിനു വേണ്ടിയാണു കഞ്ചാവ് എത്തിച്ചതെന്നും കണ്ടെത്തി. എന്നാൽ ജയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് കടത്ത് പിടിച്ചിട്ടും ആസ്ഥാനത്ത് അറിയിച്ചില്ല. ലോക്കൽ പൊലീസിൽ അന്നു തന്നെ വിവരം നൽകിയെങ്കിലും സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയില്ല. കഞ്ചാവ് എന്നു തോന്നുന്ന പൊതി പിടിച്ചുവെന്നു മാത്രമായിരുന്നു പൊലീസിനെ അറിയിച്ചത്.

കഴിഞ്ഞ 20നു മലയാള മനോരമ ഇക്കാര്യം പുറത്തുവിട്ടപ്പോഴാണു ജയിൽ ആസ്ഥാനത്തു വിവരം നൽകിയത്. ജയിലിനുള്ളിലേക്ക് ഒരു വാഹനം കടത്തിവിടുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. ഇതു സംബന്ധിച്ചു ഡിജിപിയുടെ രേഖാമൂലമുള്ള നിർദേശവും നിലവിലുണ്ട്. ഇതൊന്നും കണ്ണൂർ സെൻട്രൽ ജയിലിൽ പാലിക്കപ്പെട്ടില്ലെന്നായിരുന്നു റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ. കൃത്യമായ പരിശോധനയും നിരീക്ഷണവും ഉറപ്പാക്കുന്നതിലും ക‍ഞ്ചാവ് പിടിച്ച സംഭവം കൈകാര്യം ചെയ്തതിലും ഡിഐജിക്കു ജാഗ്രതക്കുറവുണ്ടായെന്ന കുറ്റപ്പെടുത്തലും റിപ്പോർട്ടിലുണ്ടായിരുന്നു.

English Summary: Suspension in Kannur jail ganja case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com