ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ വകുപ്പിൽ ജോയിന്റ് ഡയറക്ടർ തസ്തികയിലുള്ള ഉദ്യോഗസ്ഥൻ ഇനി ജില്ലാ മേധാവി. കോർപറേഷൻ സെക്രട്ടറി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തികകളും ജോയിന്റ് ഡയറക്ടർക്കു തത്തുല്യ പദവികളായതിനാൽ ഇവയിലേക്കു പരസ്പരം മാറ്റി നിയമിക്കാനും കഴിയും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അടക്കമുള്ള വിവിധ വിഭാഗങ്ങളിൽ ജോയിന്റ് ഡയറക്ടറായും മാറ്റി നിയമിക്കാം. സംസ്ഥാനത്ത് ഏകീകൃത തദ്ദേശ സ്വയംഭരണ സർവീസിന്റെ പ്രത്യേക ചട്ടങ്ങൾ സർക്കാർ വിജ്ഞാപനം ചെയ്തതോടെയാണിതു സാധ്യമാകുന്നത്. ഒരു കാറ്റഗറിയിൽപെട്ട ഉദ്യോഗസ്ഥനെ അതേ കാറ്റഗറിയിലെ ഏതൊരു തസ്തികയിലേക്കും സ്ഥലം മാറ്റാൻ ചട്ടത്തിൽ വ്യവസ്ഥ ഉണ്ട്.  

ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറി (ഗ്രേഡ് 3), സീനിയർ സൂപ്രണ്ട്, ഡപ്യൂട്ടി മുനിസിപ്പൽ സെക്രട്ടറി, ഡപ്യൂട്ടി കോർപറേഷൻ സെക്രട്ടറി തുടങ്ങിയ തസ്തികകളിൽ ഉള്ളവരെയും പരസ്പരം മാറ്റി നിയമിക്കാം. സെക്രട്ടറിമാരിൽ 40% പേരെ നേരിട്ടു നിയമിക്കും. 

പഞ്ചായത്ത്, നഗരകാര്യ, ഗ്രാമവികസന, നഗരാസൂത്രണ വകുപ്പുകളും, മുനിസിപ്പൽ കോമൺ സർവീസ്, തദ്ദേശ സ്വയംഭരണ എൻജിനീയറിങ് വിഭാഗം എന്നിവ ഒറ്റ സർവീസായി മാറ്റിയ തീരുമാനം ഏറെ മുൻപ് എടുത്തെങ്കിലും ഉദ്യോഗസ്ഥരുടെ നിയമനവും മാറ്റവും സംബന്ധിച്ച പ്രത്യേക ചട്ടങ്ങൾ കഴിഞ്ഞ ദിവസമാണു വിജ്ഞാപനം ചെയ്തത്. പ്രിൻസിപ്പൽ ഡയറക്ടറാണ് ഏകീകൃത സർവീസിന്റെ സംസ്ഥാന മേധാവി. പഞ്ചായത്ത് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ, ഗ്രാമവികസന കമ്മിഷണർ തസ്തികകൾ ഇല്ലാതായി. പകരം റൂറൽ, അർബൻ ഡയറക്ടർമാർ വന്നു. ഈ മൂന്നു തസ്തികകളും ഐഎഎസ് ഉദ്യോഗസ്ഥർക്കുള്ളതാണ്. എൻജിനീയറിങ് വിഭാഗത്തിൽ ചീഫ് എൻജിനീയറും ആസൂത്രണ വിഭാഗത്തിൽ ചീഫ് ടൗൺ പ്ലാനറും മേധാവിയാകും.

ചട്ടങ്ങൾ നിലവിൽ വരും മുൻപ് ഉള്ള എല്ലാ ജീവനക്കാരുടെയും സീനിയോറിറ്റി സംരക്ഷിച്ച് സ്ഥാനക്കയറ്റത്തിനായി പരിഗണിക്കും. എക്സ്റ്റൻഷൻ ട്രെയിനിങ് സെന്ററുകളിൽ ജോലി ചെയ്യുന്ന വിവിധ തസ്തികകളിൽ ഉള്ളവരുടെ പ്രത്യേക ചട്ടങ്ങൾ ഇതിലെ അവസാനത്തെ വ്യക്തി വിരമിക്കുന്നതു വരെ മാറ്റമില്ലാതെ തുടരും. ഓരോ തസ്തികയ്ക്കും ഉള്ള വിദ്യാഭ്യാസ യോഗ്യതയും പരാമർശിച്ചിട്ടുണ്ട്. പ്രത്യേക ചട്ടങ്ങൾ സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ ഒരു വർഷത്തേക്കു പ്രത്യേക പരിഹാര സംവിധാനവും ഉണ്ടാകും.

English Summary: Corporation secretary can now become district panchayath secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com