ADVERTISEMENT

ന്യൂഡൽഹി ∙ സ്വർണക്കടത്തുകേസ് വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റുന്നത് സംസ്ഥാനത്തെ ജുഡീഷ്യറിക്ക് കളങ്കമാണെന്ന കേരളത്തിന്റെ വാദം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തള്ളി. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ആശങ്കയുടെ പേരിലല്ല കേസ് മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും നീതിപൂർവമായ വിചാരണ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഇഡി സുപ്രീം കോടതിയിൽ വിശദീകരിച്ചു. 

വിചാരണ സംസ്ഥാനത്തു നിന്നു മാറ്റാൻ, സ്വപ്നയുടെ രഹസ്യമൊഴി കേരളത്തിൽ കലാപാന്തരീക്ഷം സൃഷ്ടിച്ചെന്ന സർക്കാർവാദം മാത്രം മതിയെന്നു ചൂണ്ടിക്കാട്ടിയ ഇഡി, സാഹചര്യം കണക്കിലെടുത്ത് കേസ് മാറ്റണമെന്ന ആവശ്യം അംഗീകരിച്ച സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിയും ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയുടെ പവിത്രത ചൂണ്ടിക്കാട്ടി കേസ് മാറ്റുന്നതിനെ എതിർക്കുന്നവർ, മജിസ്ട്രേട്ടിനു മുന്നിൽ സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ ആധികാരികത ചോദ്യം ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും ഇഡി പറഞ്ഞു.

വിചാരണ ബെംഗളൂരുവിലേക്കു മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജിയിൽ കേരള സർക്കാർ നൽകിയ സത്യവാങ്മൂലത്തിനു മറുപടി നൽകുകയായിരുന്നു ഇഡി. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് കേസ് നവംബർ 3 ന് പരിഗണിക്കും.

പൊലീസ് അടക്കമുള്ള സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് അന്വേഷണം തടസ്സപ്പെടുത്താൻ  ഒന്നിലധികം ശ്രമങ്ങൾ നടന്നതായി ഇ‍‍ഡി ആവർത്തിച്ചു. അന്വേഷണം വഴിതെറ്റിക്കാൻ പൊലീസിന്റെ സഹായത്തോടെ വ്യാജ തെളിവുകൾ സൃഷ്ടിച്ചു. പ്രതികൾക്കെതിരെയും സാക്ഷികൾക്കെതിരെയും കേരള പൊലീസ് ചുമത്തിയ വിവിധ കേസുകൾ  അവരെ സമ്മർദത്തിലാക്കാനാണ്. ഇഡിക്കെതിരെയുള്ള ക്രൈം ബ്രാഞ്ച് എഫ്ഐആർ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചെന്നതിന്റെ തെളിവാണ്.

English Summary: Diplomatic Baggage Gold Smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com