ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ 2 തവണ വിദേശത്തു പോയപ്പോഴും തന്നെ അറിയിച്ചില്ലെന്നും വിദേശത്തുള്ള അദ്ദേഹത്തെ അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നെന്നും ചൂണ്ടിക്കാട്ടി രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കത്തെഴുതി. കഴിഞ്ഞ 15ന് എഴുതിയ കത്തിന്റെ പകർപ്പ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്കും അയച്ചു. ഇതു സംബന്ധിച്ചു കേന്ദ്രം തുടർനടപടി സ്വീകരിച്ചോയെന്ന് അറിവില്ലെന്നു സംസ്ഥാന സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സാമൂഹിക പ്രവർത്തക ദയാബായി നടത്തിയ നിരാഹാര സമരവുമായി ബന്ധപ്പെട്ടാണു ഗവർണർ കത്തയച്ചത്. മുഖ്യമന്ത്രിമാർ വിദേശത്തു പോകുന്നതിനു മുൻപ് ഗവർണറെ അറിയിക്കുന്ന കീഴ്‌വഴക്കം ഉണ്ടെന്നും എന്നാൽ കഴിഞ്ഞ 2 തവണയായി മുഖ്യമന്ത്രി പിണറായി വിജയൻ അതു പാലിച്ചില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ദയാബായിയുടെ നിരാഹാരം അനിശ്ചിതമായി നീണ്ടപ്പോൾ അവരുടെ ജീവൻ രക്ഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ആളുകൾ തനിക്കു നിവേദനം നൽകി.

ഈ സമയത്തു മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ഫിൻലൻഡ്, നോർവേ, യുകെ എന്നീ രാജ്യങ്ങൾ സന്ദർശിക്കുകയായിരുന്നു. മടങ്ങുന്ന വഴി മുഖ്യമന്ത്രി യുഎഇയിൽ 2 ദിവസം ചെലവഴിക്കുമെന്നും മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. 82 വയസ്സുള്ള ദയാബായിയുടെ കാര്യം ഉന്നയിക്കാൻ മുഖ്യമന്ത്രിയുമായി എങ്ങനെ ബന്ധപ്പെടുമെന്നു തനിക്കു ധാരണ ഇല്ലായിരുന്നു. ഇത് അസൗകര്യം ഉണ്ടാക്കി. ഇത്തരം സാഹചര്യം ഗൗരവത്തോടെ കാണണമെന്നും ഗവർണറുടെ കത്തിലുണ്ട്.

English Summary: Governor's letter to P residen of india regarding  chief minister foreign travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com