തിരുവനന്തപുരം ∙ സിപിഐയുടെ സംസ്ഥാന അസി.സെക്രട്ടറിമാരായി ഇ.ചന്ദ്രശേഖരൻ എംഎൽഎയെയും പി.പി.സുനീറിനെയും തിരഞ്ഞെടുത്തു. സംസ്ഥാന നിർവാഹക സമിതിയിൽ 4 മന്ത്രിമാരെയും ഉൾപ്പെടുത്തി. 21 അംഗ സമിതിയിൽ 6 പേർ പുതുമുഖങ്ങളാണ്. മുൻ മന്ത്രി വി.എസ്.സുനിൽ കുമാറിനെ നിർവാഹക സമിതിയിലേക്കു പരിഗണിച്ചില്ല.
സംസ്ഥാന സമ്മേളനത്തിൽ പാർട്ടിയുടെ പൂർണനിയന്ത്രണം പിടിച്ച സെക്രട്ടറി കാനം രാജേന്ദ്രന്റെ സർവാധിപത്യം പ്രതിഫലിക്കുന്നതായി പുതിയ അസി. സെക്രട്ടറിമാരുടെയും നിർവാഹകസമിതി അംഗങ്ങളുടെയും പട്ടിക. മന്ത്രി ജി.ആർ.അനിൽ (തിരുവനന്തപുരം), ആർ.രാജേന്ദ്രൻ (കൊല്ലം), സി.കെ.ശശിധരൻ (കോട്ടയം), കമല സദാനന്ദൻ, എ.കെ.അഷ്റഫ് (ഇരുവരും എറണാകുളം), ടി.വി.ബാലൻ (കോഴിക്കോട്) എന്നിവരാണു നിർവാഹക സമിതിയിലെ പുതുമുഖങ്ങൾ.
കാനം രാജേന്ദ്രൻ, ഇ.ചന്ദ്രശേഖരൻ, പി.പി.സുനീർ, സത്യൻ മൊകേരി, പി.വസന്തം, വി.ചാമുണ്ണി, സി.എൻ.ജയദേവൻ, കെ.പി.രാജേന്ദ്രൻ, കെ.രാജൻ, രാജാജി മാത്യു തോമസ്, പി.പ്രസാദ്, ജെ.ചിഞ്ചുറാണി, മുല്ലക്കര രത്‌നാകരൻ, കെ.ആർ.ചന്ദ്രമോഹനൻ, എൻ.രാജൻ എന്നിവരാണു മറ്റ് അംഗങ്ങൾ.
സി.ദിവാകരൻ, എ.കെ.ചന്ദ്രൻ എന്നിവർ 75 വയസ്സ് പിന്നിട്ടതിന്റെ പേരിൽ സംസ്ഥാന കൗൺസിലിൽ നിന്നു തന്നെ ഒഴിവായതിനാൽ നിർവാഹക സമിതിയിൽ നിന്നും പുറത്തായി. അന്തരിച്ച സി.എ.കുര്യൻ, ടി.പുരുഷോത്തമൻ എന്നിവരുടെ ഒഴിവുകളും ഉണ്ടായി. ദേശീയ നിർവാഹക സമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ.പ്രകാശ് ബാബു സംസ്ഥാന നിർവാഹക സമിതിയിൽ നിന്ന് ഒഴിവായി. കെ.ഇ.ഇസ്മായിലിനൊപ്പം ആ വിഭാഗത്തെ പ്രമുഖനായി നിന്ന മുൻ അസി. സെക്രട്ടറി സി.എൻ.ചന്ദ്രനെ പുറത്താക്കി.
ഈ 6 പേർക്കുള്ള പകരക്കാരെ സ്ഥാനമൊഴിയുന്ന നിർവാഹക സമിതി യോഗമാണു തീരുമാനിച്ചത്. ഉച്ചയ്ക്കു ശേഷം ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ പുതിയ പാനൽ വച്ചപ്പോൾ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയനെ കൂടി നിർവാഹക സമിതിയിൽ ഉൾപ്പെടുത്തണമെന്ന് ഒരാൾ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിമാരെ ആരെയും പരിഗണിച്ചിട്ടില്ലെന്നു കാനം മറുപടി നൽകി. 21 അംഗ നിർവാഹക സമിതിയിൽ ടി.വി.ബാലൻ മാത്രമാണ് ഇസ്മായിൽ വിഭാഗത്തോട് അനുഭാവം പുലർത്തുന്നത്.
പുതിയ സംസ്ഥാന കൺട്രോൾ കമ്മിഷൻ യോഗം ചേർന്നു സി.പി. മുരളിയെ ചെയർമാനായി വീണ്ടും തിരഞ്ഞെടുത്തു. അദ്ദേഹം നിർവാഹക സമിതിയിലെ എക്‌സ് ഒഫീഷ്യോ അംഗമായിരിക്കും. വി.എസ്.പ്രിൻസിനെ സെക്രട്ടറിയായും നിശ്ചയിച്ചു.
English Summary: Kanam Rajendran takes total control of CPI kerala faction