ADVERTISEMENT

തിരുവനന്തപുരം ∙ ചാൻസലർ സ്ഥാനത്തുനിന്നു തന്നെ നീക്കം ചെയ്തുകൊണ്ടുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കും എന്നു ഗവർണർ പരസ്യമായി പ്രഖ്യാപിച്ച നിലയ്ക്കു സർക്കാരിന്റെ അടുത്ത നീക്കം ആകാംക്ഷയുണർത്തുന്നു. ഗവർണർ അയയ്ക്കുന്ന ഓർഡിനൻ‌സ് ലഭിച്ചാൽ രാഷ്ട്രപതി ഭവൻ‌ കേന്ദ്ര സർക്കാരിലെ ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായം തേടും. അതു കേട്ട ശേഷമേ തീരുമാനം എടുക്കൂ. ഇൗ നടപടിക്രമം പൂർത്തിയാകാൻ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. അടിയന്തര ഇടപെടലെന്ന നിലയിൽ സർക്കാർ നടത്തിയ നീക്കം പാഴാകും. 

സർക്കാരിന് ഇനി ഓർഡിനൻസ് ഗവർണർക്ക് അയയ്ക്കാതിരിക്കാം. ഉടൻ മന്ത്രിസഭ ചേർന്ന് ഓർഡിനൻസ് റദ്ദാക്കാം. പകരം വൈകാതെ നിയമസഭ ചേർന്ന് ഓർഡിനൻസിനു പകരം ബിൽ പാസാക്കാം. എന്നാൽ‌, മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് തൊട്ടുപിന്നാലെ റദ്ദാക്കുമ്പോൾ ഒട്ടും വീണ്ടുവിചാരമില്ലാതെയാണു തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന പഴി കേൾക്കേണ്ടി വരും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിച്ച മന്ത്രിസഭാ തീരുമാനവും സർക്കാരിനു ദിവസങ്ങൾക്കകം പിൻവലിക്കേണ്ടി വന്നിരുന്നു.

ഗവർണറെ ചാൻസലർ പദവിയിൽനിന്നു നീക്കി നിയമം പാസാക്കിയാലും ഗവർണർ ഒപ്പിടണമെന്നില്ല. ലോകായുക്ത നിയമ ഭേദഗതി ബിൽ അടക്കം ഒപ്പിടാതെ ഗവർണർ പിടിച്ചു വച്ചിരിക്കുകയാണ്. മറ്റു പല സംസ്ഥാനങ്ങളിലും സമാനമായ ഒപ്പിടാത്ത ബില്ലുകൾ ഗവർണർമാരുടെ പക്കലുണ്ട്. ഗവർണർ ഒപ്പിടാതെ കൈവശം വച്ചിരുന്നാൽ സർക്കാരിന് ഒന്നും ചെയ്യാനാകില്ല. ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുന്ന കാര്യത്തിൽ നിയമവിദഗ്ധർക്കിടയിൽ ഭിന്നാഭിപ്രായം ഉള്ളതിനാൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല.

നയപ്രഖ്യാപനം എങ്ങനെ?

പോര് തുടരുമ്പോൾ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിന് തയാറാകുമോ എന്ന സംശയം സർക്കാരിനുണ്ട്. വർഷത്തെ ആദ്യ നിയമസഭാ സമ്മേളനം തുടങ്ങുന്നതു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്. ഇത് ഒഴിവാക്കാൻ ഇൗ മാസമോ അടുത്ത മാസമോ നിയമസഭാ സമ്മേളനം ചേർന്ന ശേഷം അതിന്റെ തുടർച്ചയായി ജനുവരിയിൽ ബജറ്റ് സമ്മേളനം ചേരാൻ ആലോചിക്കുന്നു. പിന്നീട് മേയിൽ വർഷത്തെ ആദ്യ സമ്മേളനം ചേർന്നാൽ മതിയാകും. അപ്പോഴേക്കും ഗവർണറുമായുള്ള പോര് അവസാനിച്ചാൽ കാര്യങ്ങൾ എളുപ്പമാകും.

കോടതി ഇടപെടലും നിർണായകം

കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ ഗവർണർ നിയമിച്ചതിന് എതിരായ സർക്കാർ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. 10 വിസിമാരെ നീക്കാതിരിക്കാൻ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടിസിനെതിരായ കേസ് 17ന് കോടതിയിൽ വരും.

English Summary: Will government of kerala withdraw ordinance to strip chancellor post from governor?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com