സ്വകാര്യ സർവകലാശാല വരും; സ്വകാര്യ, വിദേശ വായ്പ തേടും: എൽഡിഎഫ് പൊതുവികസന രേഖ

cpm-cpi-symbol
ഫയൽചിത്രം
SHARE

തിരുവനന്തപുരം ∙ പിണറായി സർക്കാർ വിദ്യാഭ്യാസ, കാർഷിക, വ്യവസായ മേഖലയിൽ വൻതോതിൽ സ്വകാര്യ നിക്ഷേപത്തെ ആകർഷിക്കുമെന്ന സൂചന നൽകുന്ന വികസനരേഖ ഇടതുമുന്നണിയിൽ ചർച്ചയ്ക്കു വച്ചു. സാമൂഹിക നിയന്ത്രണത്തിനു വിധേയമായി വിദേശ നിക്ഷേപം വേണമെന്നും രേഖ ആവശ്യപ്പെട്ടു. 2 മണിക്കൂർ നീണ്ട ചർച്ചയിൽ രേഖ അന്തിമമായില്ല.

വിദേശ, സ്വകാര്യ വായ്പകൾക്ക് പച്ചക്കൊടി കാട്ടാനായി ഒരു പോംവഴി രേഖയിൽ വ്യക്തമാക്കുന്നു: ‘വിദേശ വായ്പകൾ അടക്കം വേണ്ടിവരുമ്പോൾ നാടിന്റെ പൊതുവായ താൽപര്യം ഹനിക്കുന്ന വായ്പ പാടില്ലെന്ന നയവും സ്വീകരിക്കാൻ കഴിയണം’.

വിവിധ ഘടകകക്ഷികളുടെ അഭിപ്രായം കൂടി ഉൾപ്പെടുത്തി രേഖയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. കൂടുതൽ നിർദേശങ്ങൾ എഴുതി നൽകാനും ആവശ്യപ്പെട്ടു. അടുത്ത എൽഡിഎഫ് യോഗം വികസന രേഖ അന്തിമമാക്കും. വികസന നയരേഖകൾ സിപിഎം നേരത്തേയും തയാറാക്കിയിട്ടുണ്ടെങ്കിലും എൽഡിഎഫിന്റെ പൊതുവായ ആദ്യ വികസന രേഖയാണ് ഇത്. സിപിഎമ്മിന്റെ എറണാകുളം സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരള രേഖയുടെ ചുവടു പിടിച്ചാണ് പുതിയ രേഖ തയാറാക്കിയത്. പ്രകടനപത്രികയെ അടിസ്ഥാനമാക്കി വികസന കർമപദ്ധതി തയാറാക്കണമെന്ന് 20 പേജുള്ള രേഖ ആവശ്യപ്പെടുന്നു.

സ്വകാര്യ സർവകലാശാല വരും; നിക്ഷേപം സംഘടിപ്പിക്കും

ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കണം. ഇതിനു വലിയ തോതിലുള്ള നിക്ഷേപം ആവശ്യമായി വരും. നിക്ഷേപം ഏതു തരത്തിൽ സംഘടിപ്പിക്കണമെന്ന കാര്യം ആലോചിക്കണമെന്നും സാമൂഹിക നിയന്ത്രണത്തോടെ സ്ഥാപനങ്ങൾ തുടങ്ങണമെന്നും രേഖയിൽ പറയുന്നു. ആഗോള തലത്തിൽ മുന്നിൽ നിൽക്കുന്ന സ്ഥാപനങ്ങളോട് കിടപിടിക്കുന്ന ഉന്നത കലാലയങ്ങൾ വളർത്തിക്കൊണ്ടു വരണം.

കുട്ടികൾക്ക് സ്കോളർഷിപ്പുകൾ നൽകണം. സ്വകാര്യ സർവകലാശാലകളുടെ അടക്കം വരവാണ്, അക്കാര്യം നേരിട്ടു പറയാതെ രേഖ സൂചിപ്പിക്കുന്നത്.

നിയമനം സുതാര്യമാകണം

വികസന നയരേഖയുടെ ആവശ്യകത അംഗീകരിച്ച സിപിഐ, അതേസമയം സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടി അതിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പിഎസ്‌സി വഴിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ മാത്രം നിയമനങ്ങൾ മതിയെന്ന നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രകടിപ്പിച്ചത്. തിരുവനന്തപുരം കോർപറേഷനിലെ നിയമന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഐയുടെ നിലപാട്. 

ഭൂമി തടസ്സമാകരുത്

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപയോഗിക്കാത്ത ഭൂമി വ്യവസായ പാർക്കുകളാക്കി മാറ്റണം. വ്യവസായ രംഗത്തെ അനാരോഗ്യ പ്രവണതകൾ തൊഴിലാളികളുടെ പിന്തുണയോടെ ഇല്ലാതാക്കണം. 

സ്ഥാപനങ്ങളുടെ നിലനിൽപു കൂടി കണക്കിലെടുത്തുള്ള ആവശ്യങ്ങൾക്കേ പിന്തുണ നൽകാവൂ. സംസ്ഥാനത്തിനു പുറത്തുള്ള വ്യവസായികളുമായി ബന്ധപ്പെടുന്നതിന് പ്രത്യേക സംവിധാനം വേണം. 

ഭൂമിയുടെ ലഭ്യതക്കുറവ് വ്യവസായ പുരോഗതിയെ ബാധിക്കാതിരിക്കാനായി സർക്കാർ തന്നെ മുൻകൈയെടുത്തു ഭൂമി വാങ്ങണമെന്ന നിർദേശവും എൽഡിഎഫിന്റെ പരിഗണനയിലാണ്.

English Summary: Kerala seeks foreign private loans

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS