ADVERTISEMENT

തിരുവനന്തപുരം ∙ ഓരോ തവണയും കൂടുന്ന പതിവിനു വിപരീതമായി സമീപകാല ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്ത് വോട്ടർമാരുടെ എണ്ണം കുറഞ്ഞു. ആകെ കുറഞ്ഞത് 3.13 ലക്ഷം പേർ. മരിച്ചവരെയും സ്ഥലംമാറിപ്പോയവരെയും നീക്കുന്ന പതിവു രീതിക്കു പുറമേ ഒന്നിലേറെത്തവണ പട്ടികയിൽ പേരുള്ളവരെ ആധാർ ബന്ധിപ്പിക്കലിലൂടെ കണ്ടെത്തി നീക്കിയതോടെയാണ് ഇന്നലെ പ്രസിദ്ധീകരിച്ച നിയമസഭാ, ലോക്സഭാ കരട് വോട്ടർ‌പട്ടികയിൽ എണ്ണം കുറഞ്ഞത്.

ജനുവരി ഒന്നിനു പ്രസിദ്ധീകരിച്ച പട്ടികയിൽ 2,73,65,345 വോട്ടർമാരുണ്ടായിരുന്നു. പുതിയ പട്ടികയിൽ ഇത് 2,71,62,290 ആയി കുറഞ്ഞു. പുതുതായി 1,10,646 പേർ പട്ടികയിൽ പേരു ചേർത്തിട്ടു കൂടിയാണ് 3,13,701 പേരുടെ കുറവുണ്ടായത്.

സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) കരട് വോട്ടർപട്ടികയുടെ വിവരങ്ങൾ ലഭിക്കും. താലൂക്ക്, വില്ലേജ് ഓഫിസുകളിലും ബൂത്ത് ലവൽ ഓഫിസറുടെ പക്കലും വോട്ടർപട്ടികയുണ്ട്. അംഗീകൃത രാഷ്ട്രീയപാർട്ടികൾക്ക് താലൂക്ക് ഓഫിസിൽനിന്ന് വോട്ടർപട്ടിക ശേഖരിക്കാം. പട്ടികയെക്കുറിച്ചുള്ള പരാതികളും മറ്റും ഡിസംബർ 8 വരെ സമർപ്പിക്കാം.

17 വയസ്സ് പൂർത്തിയായവർക്ക് ഇത്തവണ മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മുൻകൂറായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ച ശേഷം ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 എന്നീ 4 യോഗ്യതാ തീയതികളിൽ എന്നാണോ 18 വയസ്സ് പൂർത്തിയാകുന്നത് അതനുസരിച്ച് അപേക്ഷ പരിശോധിക്കുകയും പട്ടികയിൽ ചേർക്കുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയൽ കാർഡ് കിട്ടും. 2023 ജനുവരി 1 യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർപട്ടിക ജനുവരി 5നു പ്രസിദ്ധീകരിക്കും.

English Summary: Voters decreased after Voter ID - Aadhar Linking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com