ADVERTISEMENT

കൊല്ലം∙ വിശുദ്ധിയും ലാളിത്യവും നിറഞ്ഞ വിസ്മയജീവിതത്തിലൂടെ ആദരം നേടിയ മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് ഭരണച്ചുമതല ഒഴിഞ്ഞ് വിശ്രമജീവിതത്തിലേക്ക്. പിൻഗാമി ഡോ. ജോസഫ് മാർ ദിവന്നാസ്യോസിനു നാളെ ചുമതല കൈമാറും. 

കൊച്ചിയിലും കൊല്ലത്തും 3 പതിറ്റാണ്ടിലേറെ ഭദ്രാസനാധിപൻ ആയിരുന്ന സഖറിയാസ് മാർ അന്തോണിയോസ് അജപാലന ജീവിതത്തിന്റെ ലാളിത്യം നിറഞ്ഞ മാതൃകയാണ്. വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടില്ല. പാസ്പോർട്ട് ഇല്ല. നാട്ടിലോ മറുനാട്ടിലോ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയിട്ടില്ല. അത്യാവശ്യത്തിനു മാത്രം യാത്രകൾ. ഉപയോഗിക്കുന്നത് സാധാരണ വാഹനം. മേൽപട്ടം സ്വീകരിച്ചു കൂടുതൽ ഉയരങ്ങളിലേക്കു പോകാൻ കഴിയുമായിരുന്നെങ്കിലും അതൊക്കെ ഉപേക്ഷിച്ചാണു വിശ്രമജീവിതത്തിന്റെ ശാന്തതയിലേക്കു കടക്കുന്നത്. കഴി‍ഞ്ഞ 3നായിരുന്നു വിരമിക്കൽ. 

പുനലൂർ വാളക്കോട് സെന്റ് ജോർജ് ഇടവകയിലെ ആറ്റുമാലിൽ വരമ്പത്ത് ഡബ്ല്യു.സി. ഏബ്രഹാമിന്റെയും മറിയാമ്മ ഏബ്രഹാമിന്റെയും 6 മക്കളിൽ മൂത്ത മകനായ ഡബ്ല്യു.എ.ചെറിയാൻ ആണ് സഖറിയാസ് മാർ അന്തോണിയോസ് ആയി മാറിയത്. 1946 ജൂലൈ 19 നു ജനനം.

കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽ നിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം കോട്ടയം പഴയ സെമിനാരിയിൽ ദൈവശാസ്ത്ര പഠനം.  1974 ഫെബ്രുവരി 2നു പൗരോഹിത്യം സ്വീകരിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ കൊല്ലം കൊല്ലം ഭദ്രാസനാധിപൻ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യനായി പ്രവർത്തിച്ചു. 1991 ഏപ്രിൽ 30നു എപ്പിസ്കോപ്പ പദവിയിലേക്ക്. 

കൃഷിയെയും ചെടികളെയും മരങ്ങളെയും സ്നേഹിക്കുന്ന സഖറിയാസ് മാർ അന്തോണിയോസ് കൊച്ചിയിൽ നിന്നു വന്നപ്പോൾ കൊണ്ടുവന്ന മരം ഭദ്രാസന ആസ്ഥാനത്ത് തണൽ വീശി നിൽക്കുന്നുണ്ട്. വികാരി ആയിരുന്നപ്പോൾ നട്ട നെല്ലിമരം പന്തലിച്ചു. വാഴയും ചേനയും ചാമ്പയും എല്ലാം മുറ്റത്തുണ്ട്. നാളെ ലളിതമായ ചടങ്ങുകളോടെയാണ് ചുമതല കൈമാറ്റം. 

വിശ്രമത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് മാർ അന്തോണിയോസ് ദയറയാണ്. നാളെ ഉച്ചയോടെ മാർ അന്തോണിയോസ് ഇവിടെ എത്തിച്ചേരും.

Content Highlight: Zacharias Mar Anthonios

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com