ലോകായുക്ത ദിനാഘോഷത്തിന് തമിഴ്നാട് ഗവർണർ ആർ.എൻ.രവി; എന്നുവരും ആ വിധി?

HIGHLIGHTS
  • മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിക്കൂട്ടിലാക്കി നൽകിയ ഹർജിയിലെ വിചാരണ കഴിഞ്ഞിട്ടും വിധി നീളുന്നു
Pinarayi Vijayan | File Photo: Manorama
പിണറായി വിജയന്‍ (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം ∙ നീതി വൈകുന്നത് നീതിനിഷേധത്തിനു തുല്യമാണ് – ഈ വാക്യം ഇന്നു ലോകായുക്ത ദിനം ആചരിക്കുന്ന കേരള ലോകായുക്തയ്ക്കും ബാധകമല്ലേ? അല്ലെങ്കിൽ ഒരു കേസിൽ വിചാരണ പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും വിധി പറയാതിരിക്കുന്നത് എന്തെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കണം. 

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിക്കൂട്ടിലാക്കി നൽകിയ ഹർജിയിലാണു വിധി അകാരണമായി നീളുന്നത്. അന്തിമവാദത്തിനിടെ, കാട്ടിലെ തടി തേവരുടെ ആന എന്ന രീതിയിലാണു ദുരിതാശ്വാസ നിധിയിൽ നിന്ന് എല്ലാ സർക്കാരും പണം അനുവദിക്കുന്നതെന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പരാമർശിച്ചിരുന്നു. ഖജനാവിന്റെ പൊതുമുതലെടുത്തല്ല സർക്കാർ ഔദാര്യം കാട്ടേണ്ടതെന്നും പറഞ്ഞു. 

എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന രാമചന്ദ്രൻനായരുടെ കുടുംബത്തിന്റെ വായ്പ അടയ്ക്കുന്നതിന് എട്ടര ലക്ഷം രൂപയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് സർക്കാർ ജോലിക്കു പുറമേ 20 ലക്ഷം രൂപയും നൽകിയത് അധികാര ദുർവിനിയോഗമാണെന്നും മന്ത്രിസഭാംഗങ്ങളെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് വിധി നീളുന്നത്. 

1999 ൽ കേരള ലോകായുക്ത നിലവിൽ വന്ന ശേഷം ഇതുവരെ ലഭിച്ച 37,186 പരാതികളിൽ 36,129 എണ്ണത്തിലും തീർപ്പുകൽപിച്ചു. 1057 കേസുകളാണു ശേഷിക്കുന്നത്. ലോകായുക്ത വിധിയുടെ പേരിൽ കെ.ടി.ജലീലിന്റെയും കെ.കെ.രാമചന്ദ്രന്റെയും മന്ത്രിസ്ഥാനം തെറിച്ചു. തിരുവനന്തപുരത്ത് അനധികൃതമായി കയ്യേറി ആർക്ടെക് ഗ്രൂപ്പിന്റെ കൈവശമിരുന്ന 12 സെന്റ് സർക്കാർ ഭൂമി തിരിച്ചുപിടിച്ചതു ലോകായുക്ത വിധിയിലൂടെ. 

അതേസമയം, മന്ത്രി ആർ.ബിന്ദുവിനും വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിനും ആശ്വസിക്കാവുന്ന ഉത്തരവുകളും ഉണ്ടായി. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ പിപിഇ കിറ്റ് അന്വേഷണം അന്തിമ ഘട്ടത്തിലാണ്. 

ഇന്നു ലോകായുക്ത ദിനാഘോഷം തമിഴ്നാട് ഗവർണർ ആർ.എൻ.രവി ഉദ്ഘാടനം ചെയ്യും. മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് എന്നിവർ പങ്കെടുക്കും.

Content Highlight: Lok Ayukta day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS