ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി ഇനി ഏറ്റെടുക്കേണ്ട 11 ഏക്കർ ഭൂമിയുടെ എസ്റ്റാബ്ലിഷ്മെന്റ് ചെലവായ 42.90 കോടി രൂപ സർക്കാർ ഇളവ് ചെയ്തു. തുറമുഖ മേൽനോട്ടത്തിനു സർക്കാർ രൂപീകരിച്ച വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡ് (വിസിൽ) കമ്പനിക്കാണ് ഇളവു നൽകിയത്. കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം. ഭൂമിയേറ്റെടുത്തു നൽകേണ്ടതും എസ്റ്റാബ്ലിഷ്മെന്റ് ചെലവ് വഹിക്കേണ്ടതും സർക്കാരാണെന്നു ചൂണ്ടിക്കാട്ടി വിസിൽ  കത്തു നൽകിയിരുന്നു.

കരയിൽ 230 ഏക്കറും കടലിൽ 130 ഏക്കറുമായി ആകെ 360 ഏക്കറിലാണു വിഴിഞ്ഞം തുറമുഖ പദ്ധതി വരുന്നത്. കരയിൽ ഏറ്റെടുത്തു നൽകേണ്ട 230 ഏക്കറിൽ 11 ഏക്കർ സർക്കാർ നൽകിയിട്ടില്ല. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭൂമിയേറ്റെടുക്കലിനു വേണ്ടിവരുന്ന തുകയുടെ 30 ശതമാനം എസ്റ്റാബ്ലിഷ്മെന്റ് ചെലവിനത്തിൽ റവന്യു വകുപ്പിനു നൽകണം. ഏറ്റെടുക്കൽ നടപടിക്ക് ആവശ്യമായ ഉദ്യോഗസ്ഥരുടെ ശമ്പളം ഉൾപ്പെടെയുള്ള ചെലവുകളാണ് എസ്റ്റാബ്ലിഷ്മെന്റ് ഇനത്തിൽ വരുന്നത്. ഈ തുക ആവശ്യപ്പെട്ടു റവന്യു വകുപ്പ് സമീപിച്ചതിനെത്തുടർന്നാണു വിസിൽ സർക്കാരിനു കത്തു നൽകിയത്.  തുറമുഖം നിർമിക്കുന്ന അദാനി പോർട്സിനു ലൈസൻസിങ് വ്യവസ്ഥയിൽ 40 വർഷത്തേക്കാണു ഭൂമി നൽകുന്നത്. ഈ കാലാവധി കഴിഞ്ഞാൽ ഭൂമി സർക്കാരിലേക്കു തന്നെ തിരിച്ചുകിട്ടും.

 

ഹർജികൾ 22നു പരിഗണിക്കും

കൊച്ചി ∙ വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിങ് പ്രോജക്‌ട്‌സും നൽകിയ ഹർജികളും കോടതി ഉത്തരവു പാലിച്ചില്ലെന്നുള്ള കോടതി അലക്ഷ്യ ഹർജികളും ഹൈക്കോടതി 22നു പരിഗണിക്കാൻ മാറ്റി. രണ്ടര മാസമായിട്ടും ഹൈക്കോടതി ഉത്തരവു നടപ്പാക്കിയിട്ടില്ലെന്നും നിർമാണ സ്ഥലത്തേക്കുള്ള തടസ്സം തുടരുകയാണെന്നും ഹർജിക്കാർ അറിയിച്ചു. കോടതി ഉത്തരവുകൾ പാലിച്ചെന്ന് ഉറപ്പാക്കാൻ കോടതി സർക്കാരിനു നിർദേശം നൽകി. പരിസ്ഥിതി പ്രശ്നങ്ങളും മറ്റും എതിർ കക്ഷികൾ ചൂണ്ടിക്കാട്ടിയെങ്കിലും പൊലീസ് സംരക്ഷണ ഹർജിയാണു പരിഗണിക്കുന്നതെന്നും മറ്റു വിഷയങ്ങൾക്ക് ഉചിതമായ കോടതിയെ സമീപിക്കുകയാണു വേണ്ടതെന്നും സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു.

 

 

English Summary: Rs 42.90 cr establishment costs of Vizhinjam port waived off in favour of Adani group

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com