ADVERTISEMENT

തിരുവനന്തപുരം ∙ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു പുറത്താക്കുന്ന ബിൽ സർക്കാരിനു സാമ്പത്തിക ബാധ്യത ഉണ്ടാക്കാത്ത വിധത്തിൽ ആയിരിക്കും നിയമസഭയിൽ അവതരിപ്പിക്കുക. സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ ബിൽ സഭയിൽ പാസാക്കുന്നതിനു മു‍ൻപ് ഗവർണറുടെ അനുമതി വേണ്ടി വരും.

14 സർവകലാശാലകളിൽ, സമാനസ്വഭാവമുള്ള ആർട്സ് ആൻഡ് സയൻസ് സർവകലാശാലകൾക്ക് ഒരു ചാൻസലർ ആയിരിക്കും. ഇദ്ദേഹത്തിന് ഇവയിൽ ഏതെങ്കിലുമൊരു സർവകലാശാലാ ആസ്ഥാനത്ത് ഓഫിസ് സൗകര്യം ഒരുക്കും.

ചെലവിന് ആവശ്യമായ തുക സർവകലാശാലാ ഗ്രാന്റിൽനിന്നു നൽകും. കാർഷികം, സാങ്കേതികം, കുസാറ്റ്, ഫിഷറീസ്, ആരോഗ്യം, വെറ്ററിനറി തുടങ്ങിയ സർവകലാശാലകളിൽ അതതു മേഖലകളിലെ വിദഗ്ധരാണ് ചാൻസലർ ആവുക. പ്രോട്ടോക്കോൾ പ്രശ്നം ഉള്ളതിനാൽ ചാൻസലർ സ്ഥാനം അതതു വകുപ്പു മന്ത്രിമാർ വഹിച്ചാൽ മതിയെന്ന നിർദേശവുമുണ്ട്. ഈ ബിൽ നിയമസഭ പാസാക്കിയാലും ഗവർണർ ഒപ്പുവയ്ക്കാൻ സാധ്യതയില്ല. 

തന്നെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനമെടുക്കില്ലെന്നും രാഷ്ട്രപതിക്ക് അയയ്ക്കുമെന്നും ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർക്കെതിരായ ബിൽ നിയമസഭയിൽ വരുമ്പോൾ പ്രതിപക്ഷത്തെ വെട്ടിലാക്കാമെന്നും സർക്കാർ കരുതുന്നു. ഗവർണറോടുള്ള സമീപനത്തിൽ കോൺഗ്രസിനും മുസ്‍ലിം ലീഗിനും വ്യത്യസ്ത നിലപാടാണ്. ഇതു പ്രതിപക്ഷനിരയിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നു പ്രതീക്ഷിക്കുന്നു.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള സർവകലാശാലകളിൽ ചാൻസലർ സ്ഥാനത്തു രാഷ്ട്രപതിയോ ഗവർണറോ വേണമെന്ന ചട്ടഭേദഗതിക്കു കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി സൂചനയുണ്ട്. ഭേദഗതി നടപ്പായാൽ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമം പാഴാകും.

 

 

 

English Summary: Kerala moves to remove Governor as Chancellor of universities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com