ADVERTISEMENT

തിരുവനന്തപുരം ∙ നിരോധിത പുകയില ഉൽപന്നത്തിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിൽനിന്ന് 24000 രൂപ കൈക്കൂലി വാങ്ങിയതിന് എക്സൈസ് സിഐ ഉൾപ്പെടെ 8 ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. 

അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സിഐ പി.ഇ.ഷൈബുവിനെയും സ്ക്വാഡിലെ 7 ഉദ്യോഗസ്ഥരെയുമാണ് എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ സസ്പെൻഡ് ചെയ്തത്. 

ചാലക്കുടി കൊരട്ടി സിഐയുടെ സഹോദരീ ഭർത്താവ്,  സുഹൃത്ത് എന്നിവരിൽ നിന്നുമാണു ഭീഷണിപ്പെടുത്തി എക്സൈസ് സംഘം കൈക്കൂലി വാങ്ങിയത്. 

ഇടുക്കി എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ നൽകിയ അന്വേഷണ റിപ്പോർട്ട് പ്രകാരമാണു ഷൈബുവിനു പുറമേ പ്രിവന്റീവ് ഓഫിസർമാരായ എം.സി.അനിൽ, സി.എസ്.വിനേഷ്, കെ. എസ്.അസീസ്, സിവിൽ എക്സൈസ് ഓഫിസർമാരായ വി.ആർ.സുധീർ, കെ.എൻ.സിജുമോൻ, ആർ.മണികണ്ഠൻ, ഡ്രൈവർ പി.വി.നാസർ എന്നിവരെ സസ്പെൻഡ് ചെയ്തത്. 

ഒക്ടോബർ 29ന് കൊരട്ടി സിഐയുടെ സഹോദരിയും ഭർത്താവും, സുഹൃത്തിന്റെ കുടുംബവുമൊന്നിച്ചു മൂന്നാറിലേക്കു പോകുമ്പോഴായിരുന്നു സംഭവം. എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ സിഐയുടെ സഹോദരീ ഭർത്താവിൽ നിന്നു മൂന്നു പൊതി നിരോധിത പുകയില ഉൽപന്നം കണ്ടെടുത്തു. കഞ്ചാവാണോ എന്നു പരിശോധിക്കാനായി 2 മണിക്കൂർ ഇവരെ നടുറോഡിൽ നിർത്തി. പരിശോധനയിൽ നിരോധിത പുകയില ഉൽപന്നമാണെന്ന് കണ്ടെത്തിയതോടെ, വിട്ടയയ്ക്കണമെങ്കി‍ൽ 24000 രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇവർ പണം നൽകി.  3000 രൂപ പിഴയീടാക്കി കേസെടുത്ത ശേഷം  21000 രൂപ ഉദ്യോഗസ്ഥർ കൈവശപ്പെടുത്തിയെന്നാണ് കേസ്. സംഭവം വിവാദമായതിനെത്തുടർന്ന് എക്സൈസ് സംഘം തുക മടക്കി നൽകിയെങ്കിലും എക്സൈസ് കമ്മിഷണർ അന്വേഷണത്തിന് നിർദേശം നൽകുകയായിരുന്നു.

English Summary: 8 excise officers suspended in Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com