ADVERTISEMENT

തിരുവനന്തപുരം ∙ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫിസുകൾ നിർത്തലാക്കാൻ തപാൽ വകുപ്പു നടപടി തുടങ്ങി. ആദ്യപടിയായി, കേരളത്തിലെ നൂറോളം പോസ്റ്റ് ഓഫിസുകളുടെ വാടകക്കരാർ പുതുക്കേണ്ടെന്നും ഇവ ഹെഡ് പോസ്റ്റ് ഓഫിസുകളോട് അനുബന്ധമായി പ്രവർത്തിക്കാനും നിർദേശം നൽകി. 

എ,ബി,സി വിഭാഗത്തിൽപ്പെട്ട കേരളത്തിലെ ഭൂരിഭാഗം പോസ്റ്റ് ഓഫിസുകളും വാടകക്കെട്ടിടങ്ങളിലാണ്. ഇവയാണ് കൂട്ടത്തോടെ നിർത്തലാക്കുന്നത്. ലാഭകരമായി പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ കോട്ടൺഹിൽ, പാലക്കാട്ടെ ഫോർട്ട് പോസ്റ്റ് ഓഫിസുകളും അടച്ചുപൂട്ടുന്നവയുടെ പട്ടികയിലുണ്ട്. 

‘സി’ ക്ലാസ് പോസ്റ്റ് ഓഫിസുകളിൽ ഒരു ക്ലറിക്കൽ സ്റ്റാഫ് മാത്രമാണ് ജോലി ചെയ്യുന്നത്. ‘ബി’ ക്ലാസിൽ ഒരു പോസ്റ്റ് മാസ്റ്ററും ക്ലറിക്കൽ സ്റ്റാഫും ‘എ’ ക്ലാസിൽ പോസ്റ്റ് മാസ്റ്റർക്കു പുറമേ 2 ക്ലറിക്കൽ സ്റ്റാഫുമുണ്ടാകും. പോസ്റ്റ് ഓഫിസുകൾ നിർത്തുമ്പോൾ ഇവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെ തപാൽ വകുപ്പിന്റെ മറ്റു വിഭാഗങ്ങളിലേക്കു മാറ്റും. 

5,000 മുതൽ 10,000 രൂപ വരെ വാടക നൽകിയാണു മേൽപറഞ്ഞ പോസ്റ്റ് ഓഫിസുകളുടെ പ്രവർത്തനം. ഹെഡ് പോസ്റ്റ് ഓഫിസ് തലം മുതൽ തപാൽ വകുപ്പിനു സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ട്. എ, ബി,സി പോസ്റ്റ് ഓഫിസുകളുടെ വരുമാനക്കണക്കു ശേഖരിച്ച ശേഷം ഘട്ടംഘട്ടമായി ഓഫിസുകൾ നിർത്താനാണു നീക്കം. 

ചെലവുചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ അവധി ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കിയതായി പരാതിയുണ്ട്. അവധിയിലായവർക്കു പകരം താൽക്കാലിക അടിസ്ഥാനത്തിൽ ആരേയും വയ്ക്കാൻ അനുവദിക്കുന്നില്ല. തപാൽ, ആർഎംഎസ് ഓഫിസുകളിൽ പോസ്റ്റ്മാൻ, എംടിഎസ് തസ്തികകളിൽ പകരക്കാരെ വയ്ക്കരുതെന്നാണു നിർദേശിച്ചിരിക്കുന്നത്. 

അയയാതെ തപാൽ വകുപ്പ്

കോട്ടൺഹിൽ പോസ്റ്റ് ഓഫിസ് നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപി തപാൽ വകുപ്പിനു കത്തയച്ചു. പാലക്കാട്ടെ ഫോർട്ട് പോസ്റ്റ് ഓഫിസിനായി സംസ്ഥാന സർക്കാർ സ്ഥലം നൽകാമെന്ന് അറിയിച്ചിട്ടും അടച്ചുപൂട്ടണമെന്ന നിലപാടു തുടരുകയാണ്. ഓഫിസുകളുടെ വാടക / കെട്ടിട പ്രശ്നങ്ങൾക്കു പ്രായോഗിക പരിഹാരം കാണണമെന്നും അടച്ചു പൂട്ടുന്ന നയം പിൻവലിക്കണമെന്നും പോസ്റ്റൽ ജോയിന്റ് കൗൺസിൽ ഓഫ് ആക്‌ഷൻ കേരള സർക്കിൾ കൺവീനർ പി.കെ.മുരളീധരൻ ആവശ്യപ്പെട്ടു. 

5,000 പോസ്റ്റ് ഓഫിസുകളിലൂടെ ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഈ ഓഫിസുകൾ നിർത്തലാക്കുന്നത് മുതിർന്ന പൗരന്മാർക്കു ബുദ്ധിമുട്ടുണ്ടാക്കും. നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ ലഭിക്കുന്നതിനാൽ പോസ്റ്റ് ഓഫിസുകളിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരെയും ഓഫിസ്മാറ്റം വലയ്ക്കും. 

English Summary: Post offices shutting down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com