പെരിയ കേസിലെ പ്രതികളെ കണ്ണൂർ ജയിലിൽനിന്നു മാറ്റും

Mail This Article
കൊച്ചി∙ കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും ജയിൽ മാറ്റണമെന്ന കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടിന്റെ അപേക്ഷ സിബിഐ പ്രത്യേക കോടതി അനുവദിച്ചു. കേസിലെ ഒന്നാം പ്രതി പീതാംബരനെ വിചാരണക്കോടതിയെ അറിയിക്കാതെ കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിലേക്കു മാറ്റിയ സംഭവത്തിൽ ജോയിന്റ് സൂപ്രണ്ട് ക്ഷമാപണം നടത്തി. ഇതിനൊപ്പമാണു പ്രതികളെ ജയിൽ മാറ്റുന്നതിനുള്ള അപേക്ഷയും കോടതി മുൻപാകെ ജോയിന്റ് സൂപ്രണ്ട് സമർപ്പിച്ചത്.
കേസിലെ മുഴുവൻ പ്രതികളെയും തൃശൂർ വിയ്യൂർ അതിസുരക്ഷാ ജയിലിലേക്കു മാറ്റാനാണു കോടതി അനുവാദം നൽകിയത്. കോഴിക്കോട് ഗവ.മെഡിക്കൽ കോളജിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചു പീതാംബരനെ ബോർഡ് മുൻപാകെ ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
കേസ് 26നു വീണ്ടും പരിഗണിക്കും. കേസിൽ റിമാൻഡ് നീട്ടാൻ പീതാംബരൻ 2 തവണ ഹാജരാവാതിരുന്ന സാഹചര്യത്തിലാണു വിചാരണക്കോടതി ജയിൽ അധികാരിയെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചത്. ഒക്ടോബർ 19നാണു പീതാംബരനു ചികിത്സ വേണമെന്നു നിർദേശിച്ചു ജയിൽ ഡോക്ടർ റിപ്പോർട്ട് നൽകിയത്. തുടർന്നു 40 ദിവസം ചികിത്സ നൽകാൻ തീരുമാനിച്ചു. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണു പീതാംബരനെ ജില്ലാ ആയുർവേദ ആശുപത്രിയിലേക്കു മാറ്റിയത്. എന്നാൽ ഇതൊന്നും വിചാരണക്കോടതിയെ അറിയിച്ചില്ല.
2019 ഫെബ്രുവരി 17നാണു കാസർകോട് പെരിയയിൽ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. സിപിഎം പ്രാദേശിക നേതാവ് പീതാംബരൻ ഉൾപ്പെടെയുള്ള പ്രതികൾ രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്നു കൊല നടത്തിയെന്നാണു സിബിഐ കേസ്.
English Summary: Periya case culprits to be moved from Kannur jail