ADVERTISEMENT

തിരുവനന്തപുരം∙ കോർപറേഷനിലെ നിയമന വിവാദത്തിൽ ഏറ്റവുമാദ്യം മേയറുടെ രാജി ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് താനാണെന്നു ശശി തരൂർ എംപി പാർട്ടിയെ ഓർമിപ്പിച്ചു. ഇക്കാര്യം എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണെന്നും ചിലർ അതു മറന്നിട്ടുണ്ടെന്നും തരൂർ പറഞ്ഞു. കോ‍ർപറേഷനു മുൻപിൽ യുഡിഎഫ് നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ തരൂർ, മണ്ഡലത്തിലെ പരിപാടികളിൽ സജീവമല്ലെന്ന വിമർശനത്തിനു കൂടിയാണു മറുപടി നൽകിയത്.

പാർട്ടി തന്റെ നിലപാട് മനസ്സിലാക്കണം. വിഷയം മനസ്സിലാക്കിയാണ് എല്ലാ കാര്യത്തിലും താൻ നിലപാട് എടുത്തിട്ടുള്ളത്. അതിലൊന്നും പശ്ചാത്താപമില്ല. മുഖ്യമന്ത്രിയെ വിമർശിക്കാൻ പിശുക്കില്ലെന്നും മുഖ്യമന്ത്രി തെറ്റു ചെയ്താൽ ചൂണ്ടിക്കാട്ടാറുണ്ടെന്നും തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് ഇല്ലാതിരുന്നതിനാലാണു സമരവേദിയിൽ എത്താൻ വൈകിയതെന്നു സമരക്കാരെ അഭിവാദ്യം ചെയ്തു തരൂർ പറഞ്ഞു.

സമരത്തിനു തന്റെ പൂർണ പിന്തുണയുണ്ട്. യുവജനങ്ങളുടെ വലിയ പ്രശ്നമാണു തൊഴിലില്ലായ്മ. നികുതിദായകരാണു കോർപറേഷൻ ജീവനക്കാർക്കു ശമ്പളം കൊടുക്കുന്നത്. അതു പാർട്ടി ജോലിയാക്കി മാറ്റാൻ ആർക്കും അവകാശമില്ല. മേയറുടേതു ഭരണഘടനാ പദവിയാണ്. സ്ഥാനമേറ്റെടുത്തു കഴിഞ്ഞാൽ പിന്നെ പാർട്ടി നോക്കരുത്. എല്ലാവരുടെയും മേയറാകണം. മേയർ നടത്തിയതു സത്യപ്രതി‍ജ്ഞാ ലംഘനമാണ്. രാജ്യസഭാംഗം ജെബി മേത്തറെ മർദിച്ച വിഷയം രാജ്യസഭയിൽ ഉന്നയിക്കാൻ അവിടത്തെ സഹപ്രവർത്തകരോട് അഭ്യർഥിക്കുമെന്നും തരൂർ പറഞ്ഞു.

സതീശന്റെ ബലൂൺ പരാമർശം ‍ തരൂരിനെ ഉദ്ദേശിച്ചല്ല: രമേശ്

തിരുവനന്തപുരം∙ ശശി തരൂരുമായി ബന്ധപ്പെട്ട വിഷയം താൻ പ്രതിപക്ഷ നേതാവുമായി സംസാരിച്ചെന്നും ബലൂൺ പരാമർശം തരൂരിനെ ഉദ്ദേശിച്ചായിരുന്നില്ലെന്നും രമേശ് ചെന്നിത്തല. നേതാക്കളൊന്നും ഊതി വീർപ്പിച്ച ബലൂൺ അല്ലെന്നാണു പ്രതിപക്ഷ നേതാവ് ഉദ്ദേശിച്ചത്. മുഖ്യമന്ത്രിക്കുപ്പായം തയ്പിക്കാൻ നാലു വർഷമുണ്ടല്ലോയെന്നും പെട്ടെന്നു തയ്പിക്കേണ്ട കാര്യമില്ലല്ലോയെന്നും കെ.മുരളീധരന്റെ പരാമർശത്തിനു മറുപടിയായി ചെന്നിത്തല പറഞ്ഞു. കോൺഗ്രസിൽ സ്ഥാനാർഥി നിർണയം നടക്കുന്നത് എങ്ങനെയാണെന്ന് എല്ലാവർക്കും അറിയാം.

ഇപ്പോൾ തിരഞ്ഞെടുപ്പുകളില്ല. സമയമാകുമ്പോൾ പാർട്ടി തീരുമാനിക്കും. കോൺഗ്രസിൽ എല്ലാവർക്കും പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ അതു പാർട്ടിയുടെ ചട്ടക്കൂടിൽ നിന്നു വേണം. തനിക്ക് ഉൾപ്പെടെ ഇതു ബാധകമാണ്. പാർട്ടിയിൽ ഭിന്നിപ്പ് എന്ന തരത്തിലുള്ള വാർത്തകൾക്കു നേതാക്കൾ കാരണക്കാരാകുന്നതു ശരിയല്ല.

ആരും പാർട്ടിക്ക് അതീതരല്ല. എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കു താഴെയാണ് എന്നതു പോലെ എല്ലാ നേതാക്കളും പാർട്ടിക്കു താഴെയാണ്.
ഒരു നേതാവിനെയും ആരും ഭയപ്പെടേണ്ട കാര്യമില്ല. പരസ്പരം ആരോപണമുന്നയിക്കുന്ന നിലയിലേക്കു പോകരുത്. രാഷ്ട്രീയകാര്യ സമിതി ഉടൻ വിളിച്ചുകൂട്ടുമെന്നു കെപിസിസി പ്രസിഡന്റ് അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

English Summary: Appointment Controversy: Tharoor Says He Was the First to Demand the Mayor's Resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com