ADVERTISEMENT

തിരുവനന്തപുരം ∙ വ്യക്തികളെ കേന്ദ്രീകരിച്ച് പുതിയ പോർമുഖങ്ങൾ തുറന്നതോടെ, സംസ്ഥാന രാഷ്ട്രീയത്തിൽ കിട്ടിയ ‘മൈലേജ്’ സംഘടനാപരമായി മുതലെടുക്കാനാകാതെ കോൺഗ്രസ്. തൃക്കാക്കര വിജയവും തദ്ദേശ ഉപതിരഞ്ഞെടുപ്പ് വിജയവും ഭാരത് ജോഡോ യാത്രയിലുണ്ടായ ഉണർവും സംഘടനയ്ക്ക് ഊർജമാക്കി മാറ്റാനാകുന്നില്ല. നേതാക്കളുടെ ഒറ്റയാൻ നീക്കങ്ങളും നിലപാടുകളും പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമ്പോൾ, കൂട്ടായ ചർച്ചകൾ നടക്കുന്നില്ലെന്ന വിമർശനവുമുയരുന്നു. രാഷ്ട്രീയകാര്യ സമിതിയോഗം ചേരണമെന്ന ആവശ്യം ഇതോടെ ശക്തമായി.

പുതിയ നേതൃത്വം വന്നശേഷം കെ.സുധാകരൻ, വി.ഡി.സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ചേർന്നുള്ള ആലോചനകൾ പതിവായിരുന്നു. അടുത്തകാലത്തായി ഇത്തരം ആലോചനകളില്ല. എല്ലാ മാസവും രാഷ്്ട്രീയകാര്യ സമിതി യോഗം ചേരുമെന്നു നേതൃത്വം പ്രഖ്യാപിച്ചെങ്കിലും 5 മാസമായി അതുണ്ടായില്ല. ഇതിനിടയിൽ ഭാരത് ജോഡോ യാത്ര, ദേശീയ പ്രസിഡന്റ് മത്സരം, പോഷക സംഘടനാ പുനഃസംഘടന, മുതിർന്ന നേതാക്കളുടെ പുറത്തുപോക്ക്, പാർട്ടിക്കു ക്ഷീണം ചെയ്ത കെ.സുധാകരന്റെ പ്രസംഗങ്ങൾ തുടങ്ങി പലതുമുണ്ടായി. ഒടുവിൽ ശശി തരൂരിനെ കേന്ദ്രീകരിച്ചു സംസ്ഥാനത്തെ കോൺഗ്രസ് പല തട്ടുകളിലുമായി. വിവാദം എത്രയും വേഗം അവസാനിപ്പിക്കുകയാണു വേണ്ടതെന്നും, അല്ല, ഇതുവഴി പാർട്ടിക്കു ലഭിച്ച ശ്രദ്ധ ഗുണകരമായി ഉപയോഗിക്കുകയാണു വേണ്ടതെന്നും അഭിപ്രായമുണ്ട്. ചർച്ച ചെയ്തു പൊതു നിലപാടിലെത്താൻ കഴിയാത്തതിലെ അസ്വസ്ഥത പാർട്ടിയിലെ നല്ലൊരു വിഭാഗത്തിനുണ്ട്.

പറയാനുള്ളതു പാർട്ടി ഫോറത്തിൽ പറയുമെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. രാഷ്ട്രീയകാര്യ സമിതിയെ അപ്രസക്തമാക്കാനുള്ള നീക്കമുണ്ടായപ്പോൾ ശക്തമായ പ്രതിരോധമുയർത്തിയത് ഉമ്മൻ ചാണ്ടിയായിരുന്നു. എ ഗ്രൂപ്പിനെ ചാരി തരൂർ വിഷയം കൊഴുക്കുമ്പോൾ തള്ളാനോ കൊള്ളാനോ തുനിയാത്തതു സമിതിയെ അവഗണിക്കുന്നതിലെ അമർഷം കൊണ്ടുകൂടിയാണ്. തരൂരിനെ പിന്തുണയ്ക്കുന്നവരിൽ നല്ലൊരു പങ്കും എ ഗ്രൂപ്പുകാരാണ്. അതിൽ തന്നെ യുവനിരയാണധികം. അനാരോഗ്യം മൂലം ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ കുറഞ്ഞതിനാൽ പഴയ കേഡർ സംവിധാനം ഇപ്പോൾ ഗ്രൂപ്പിനില്ല. പരസ്യനിലപാടെടുത്താൽ അത് ഗ്രൂപ്പിലാകെ അംഗീകരിക്കപ്പെടുമോ എന്ന സംശയം എ ഗ്രൂപ്പിനുണ്ട്.

പുതിയ കെപിസിസി പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള അധികാരം ഹൈക്കമാൻഡിനു നൽകി കാത്തിരിക്കുകയാണു കേരളത്തിലെ കോൺഗ്രസ്. അതുകൊണ്ടുതന്നെ, തരൂരിനെയും സതീശനെയും ഇരുധ്രുവങ്ങളിലാക്കിയുള്ള മത്സരത്തിൽ റഫറിയുടെ റോൾ മാത്രമെടുക്കാനേ സുധാകരനു കഴിയുന്നുള്ളൂ. എന്നാൽ, റഫറിയുടെ വിസിലിനു വില കൊടുക്കാത്ത തരത്തിലേക്കു വിവാദം വളർന്നുകഴിഞ്ഞു. ഒരാഴ്ച കൊണ്ടു കോൺഗ്രസ് രാഷ്ട്രീയത്തിൽ തരൂർ ഓളമുണ്ടാക്കിയെന്നതിൽ പാർട്ടിയിൽ ആർക്കും തർക്കമില്ല. എന്നാൽ ഓളമടങ്ങുമ്പോൾ, അതു പാർട്ടിക്കെന്തു നേട്ടമുണ്ടാക്കുമെന്നതിൽ പലർക്കും ആശങ്കയുണ്ടുതാനും.

വിമർശനങ്ങളെ നേരിടാൻ തരൂർ

സ്വന്തം പ്രവർത്തന മണ്ഡലമായ തിരുവനന്തപുരത്തു സജീവമല്ലെന്ന വിമർശനത്തിന്റെ മുനയൊടിക്കാൻ ശശി തരൂർ ഇന്ന് കോർപറേഷനിലെ നിയമന വിവാദത്തിൽ സമരരംഗത്തുള്ള യുഡിഎഫ് പ്രവർത്തകരെ സന്ദർശിക്കും. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ തന്നെയാണു തീരുമാനമെങ്കിലും നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചു സമാന്തര പരിപാടികളിൽ പങ്കെടുക്കില്ല.

English Summary: Congress not able to capitalise on recent victories and bharat jodo Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com