മെട്രോ രണ്ടാം ഘട്ടം: വായ്പയ്ക്ക് മറ്റു വഴി തേടി കെഎംആർഎൽ

HIGHLIGHTS
  • എഡിബി ഉൾപ്പെടെ രാജ്യാന്തര വായ്പ ഏജൻസികളുമായി ചർച്ച
kochi-metro-1a
SHARE

കൊച്ചി ∙ മെട്രോ രണ്ടാംഘട്ടത്തിന് എഎഫ്ഡി (ഫ്രഞ്ച് വികസന ബാങ്ക്) വായ്പ ലഭിക്കില്ലെന്ന് ഉറപ്പായതോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മറ്റു രാജ്യാന്തര ഏജൻസികളിൽ നിന്നു വായ്പയ്ക്കു ശ്രമം തുടങ്ങി. ലോക ബാങ്ക്, ഏഷ്യൻ വികസന ബാങ്ക് (എഡിബി), യൂറോപ്യൻ യൂണിയൻ, ജർമൻ വികസന ബാങ്ക് എന്നീ ഏജൻസികളുമായി പ്രാഥമിക ചർച്ച നടത്തിയതിൽ എഡിബിയുമായുള്ള ചർച്ചയിൽ പുരോഗതിയുണ്ട് എന്നാണു സൂചന. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതിക്ക് അനുസൃതമായിരിക്കും തുടർചർച്ചകൾ.

വിഷയം ഇപ്പോൾ കേന്ദ്ര സാമ്പത്തികകാര്യ സമിതിക്കു മുന്നിലാണ്. പലിശ, തിരിച്ചടവു കാലാവധി തുടങ്ങിയ കാര്യങ്ങളാണു പ്രധാനമായും തീരുമാനമെടുക്കേണ്ടത്. കലൂർ രാജ്യാന്തര സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ടം നിർമാണം ആരംഭിക്കാനിരിക്കെ പുതിയ വായ്പ ഏജൻസിയെ കണ്ടെത്തേണ്ടി വരുന്നത് പദ്ധതി വളരെ വൈകാൻ ഇടയാക്കും. അനുമതി ലഭിക്കാനുണ്ടായ താമസമാണു എഎഫ്ഡിയെ പദ്ധതിയിൽ നിന്നു പിന്തിരിപ്പിച്ചത്. രണ്ടാംഘട്ടത്തിന്റെ അനുമതി 8 വർഷത്തോളം വൈകിയപ്പോൾ പദ്ധതിത്തുക പല മടങ്ങ് വർധിച്ചു. എസ്റ്റിമേറ്റ് വെട്ടിക്കുറച്ചും അനുമതി വൈകിപ്പിച്ചും കേന്ദ്ര സർക്കാർ കൊച്ചി മെട്രോയെ കുടുക്കിലാക്കുകയായിരുന്നു.

വായ്പ നടപടികൾ തുടക്കം മുതൽ ആരംഭിക്കണം എന്നതിനാൽ രണ്ടാം ഘട്ട നിർമാണം വൈകാൻ സാധ്യതയേറെയാണ്. എഎഫ്ഡിയിൽ നിന്നു 1.9% പശിലയ്ക്കായിരുന്നു വായ്പ. ഇതേ നിരക്കിൽ വായ്പ ലഭിക്കുമോ എന്നതും അശങ്കയുളവാക്കുന്നു. 11.17 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി 1957 കോടി രൂപയ്ക്കു പൂർത്തിയാക്കാനാകുമോ എന്നതും കെഎംആർഎലിനെ ആശങ്കയിലാക്കുന്നു. പുതിയ ട്രെയിനുകൾ വാങ്ങാതെ, സ്റ്റേഷനുകളുടെ മോടി കുറച്ച്, കോൺക്രീറ്റ് പരമാവധി കുറച്ച് ഇതേ എസ്റ്റിമേറ്റിൽ പദ്ധതി പൂർത്തിയാക്കുമെന്നാണു കെഎംആർഎൽ പറയുന്നത്.

പുതിയ ഏജൻസിയുമായി വായ്പ കരാർ ഒപ്പിടുന്നതിനു മുന്നോടിയായി മെട്രോയിൽ കൂടുതൽ യാത്രക്കാരെ കയറ്റാനുള്ള നടപടികളും ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത മാർച്ച് മുതൽ മെട്രോ ടിക്കറ്റ് നിരക്കിൽ ഇളവു നൽകുന്നതും പരിഗണനയിലാണ്. അതേസമയം, ഇന്ത്യയിലെ പുതിയ മെട്രോ പദ്ധതികൾക്കു പൂർണമായും വായ്പ നൽകേണ്ടെന്നാണു എഎഫ്ഡിയുടെ തീരുമാനമെന്നും വ്യാഖ്യാനമുണ്ട്.

കേന്ദ്ര സർക്കാർ മെട്രോ നയത്തിൽ മാറ്റം വരുത്തിയതും വൻകിട നഗരങ്ങൾക്കു മാത്രം മെട്രോ അനുവദിച്ചാൽ മതിയെന്നു തീരുമാനിച്ചതുമാണ് എഎഫ്ഡി ഇത്തരമൊരു നിലപാടെടുക്കാൻ കാരണം. ഏതാനും മാസം മുൻപാണ് ഈ തീരുമാനമെടുത്തത്. എന്നാൽ പോലും കൊച്ചി മെട്രോ രണ്ടാം ഘട്ടം അനുമതി വൈകിയില്ലായിരുന്നു എങ്കിൽ എഎഫ്ഡി വായ്പ ലഭിക്കുമായിരുന്നു.

English Summary: Kochi Metro Second Phase: KMRL Seeks Alternative Route for Loan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA