അതിശയിപ്പിക്കുന്ന ആൾക്കൂട്ടം; സ്വീകരിക്കാൻ ഡിസിസി പ്രസിഡന്റ്: കണ്ണൂരിൽ തരൂർ തരംഗം

shashi-tharoor-7
(1) ഉയരെ ആവേശം... കണ്ണൂരിലെത്തിയ ശശി തരൂർ എംപിക്ക് ഡിസിസി ഓഫിസിൽ നൽകിയ സ്വീകരണം. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് സമീപം. ചിത്രം: മനോരമ (2) ശശി തരൂർ
SHARE

കണ്ണൂർ ∙ വിഭാഗീയ പ്രവർത്തനമാണു നടക്കുന്നതെന്ന ആരോപണം ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നതിനിടെ ജില്ലയിലെത്തിയ ശശി തരൂർ എംപിയെ ആവേശത്തോടെ വരവേറ്റ് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും. പാർട്ടി പരിപാടികൾ ഉണ്ടായിരുന്നില്ലെങ്കിലും തരൂർ പങ്കെടുത്ത ചടങ്ങുകളിലെല്ലാം നേതാക്കളുടെയും പ്രവർത്തകരുടെയും സജീവ സാന്നിധ്യം പ്രകടമായി. തരൂരിന്റെ പരിപാടികളോട് എതിർപ്പു പ്രകടിപ്പിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ തട്ടകത്തിലേക്കു ശശി തരൂരിനെ വരവേൽക്കാൻ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് തന്നെ മുന്നിട്ടിറങ്ങി. സുധാകരൻ സ്ഥലത്തുണ്ടായിരുന്നില്ല. 

തരൂരിന്റെ മലബാർ സന്ദർശനത്തിനു ചുക്കാൻ പിടിക്കുന്ന കണ്ണൂർ ജില്ലക്കാരൻ കൂടിയായ എം.കെ.രാഘവൻ എംപിക്കൊപ്പം ഡിസിസി പ്രസിഡന്റും തരൂരിനെ പരിപാടികളിൽ അനുഗമിച്ചു. ഔദ്യോഗികമായി പാർട്ടി ക്ഷണിച്ചിരുന്നില്ലെങ്കിലും തരൂരിനെ കേൾക്കാൻ ഗ്രൂപ്പ് വ്യത്യാസമില്ലാതെ അതിശയിപ്പിക്കുന്ന തരത്തിൽ ആൾക്കൂട്ടമുണ്ടായി. 

രാവിലെ തലശ്ശേരി ബിഷപ്സ് ഹൗസിൽ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയ്ക്കൊപ്പമായിരുന്നു പ്രഭാത ഭക്ഷണം. തരൂരിന്റെ  സന്ദർശനം കോൺഗ്രസിനു ഗുണം ചെയ്യുമെന്നു പിന്നീടു വ്യക്തമാക്കിയ മാർ ജോസഫ് പാംപ്ലാനി, കൂടിക്കാഴ്ചയിൽ രാഷ്ട്രീയം വിഷയമായില്ലെന്നും പ്രതികരിച്ചു. 

താൻ കോൺഗ്രസിൽ വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിനെതിരെ തരൂർ തലശ്ശേരിയിൽ മാധ്യമങ്ങളോടു പ്രതികരിച്ചു. ആരോപണം വിഷമമുണ്ടാക്കുന്നതാണെന്നു പറഞ്ഞ അദ്ദേഹം രണ്ടു കോൺഗ്രസ് എംപിമാർ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ ആർക്കാണു വിഷമമെന്ന ചോദ്യവുമുയർത്തി. ഊതി വീർപ്പിച്ച ബലൂണെന്ന വി.ഡി.സതീശന്റെ പ്രതികരണത്തിനെതിരെ എം.കെ.രാഘവനും തലശ്ശേരിയിൽ പ്രതികരിച്ചു.

കുത്തിയാൽ പൊട്ടുന്ന ബലൂണിനെയും സൂചിയെയും അതു കുത്താൻ ഉപയോഗിക്കുന്ന കൈകളെയും ഒരു പോലെ ബഹുമാനിക്കുന്നുവെന്നായിരുന്നു രാഘവന്റെ പ്രതികരണം. ഡിസിസി ഓഫിസിൽ തരൂരിനെ സ്വീകരിക്കാൻ ഗ്രൂപ്പിനതീതമായി  നേതാക്കളെത്തി. അന്തരിച്ച മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ വീടും തരൂർ സന്ദർശിച്ചു. വൈകിട്ട് വിമാന മാർഗം തിരുവനന്തപുരത്തേക്കു തിരിച്ചു. 

∙ ‘ഞാനും രാഘവനും കോൺഗ്രസ് പാർട്ടിക്ക് എതിരായി എന്തെങ്കിലും ചെയ്തോ? കേരളത്തിൽ എവിടെ പോയി പ്രസംഗിക്കാനും എനിക്കു പ്രയാസമില്ല. ഞങ്ങൾ 2 കോൺഗ്രസ് എംപിമാരാണ്. കോൺഗ്രസ് വേദികളിലും മറ്റു വേദികളിലും ചെല്ലുന്നു, പ്രമുഖ വ്യക്തികളെ കാണുന്നു, സംസാരിക്കുന്നു. ഇതിൽ എവിടെയാണു വിഭാഗീയത. പ്രതിപക്ഷ നേതാവുമായി കാര്യങ്ങൾ ചർച്ച ചെയ്യാൻ തയാറാണ്.’ – ശശി തരൂർ എംപി

∙ ‘നേതൃത്വം ആവശ്യപ്പെട്ടാൽ പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തും. സമ്മർദത്തെത്തുടർന്നാണ് യൂത്ത് കോൺഗ്രസ് തരൂരിന്റെ കോഴിക്കോട് പരിപാടി ഒഴിവാക്കിയത്. ആരാണു സമ്മർദം ചെലുത്തിയതെന്ന് അന്വേഷിച്ചു കണ്ടുപിടിക്കട്ടെ. ഇതിനാണ് കോൺഗ്രസ് പ്രസിഡന്റിനും സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി അയച്ചത്. വിഭാഗീയമായ പ്രവർത്തനമില്ല. കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ളതാണ് ഞങ്ങളുടെ പ്രവർത്തനം.’ – എം.കെ. രാഘവൻ

കയ്യിൽ സൂചി ഉണ്ടായിരുന്നോ ? സതീശനു തരൂരിന്റെ മറുപടി

തിരുവനന്തപുരം ∙ 14 വർഷമായി രാഷ്ട്രീയത്തിൽ നിൽക്കുന്ന താൻ ഒരു ഗ്രൂപ്പ് യോഗത്തിലും പങ്കെടുത്തിട്ടില്ലെന്നും ഗ്രൂപ്പുണ്ടാക്കാൻ പോകുന്നില്ലെന്നും ശശി തരൂർ എംപി. ‘ഊതിവീർപ്പിച്ച ബലൂണുകൾ സൂചി കൊണ്ടാൽ പൊട്ടിപ്പോകും’ എന്ന പ്രതിപക്ഷനേതാവ്  വി.ഡി.സതീശന്റെ പ്രസ്താവന ശ്രദ്ധയിൽപെടുത്തിയപ്പോൾ, അദ്ദേഹത്തിന്റെ കയ്യിൽ സൂചി ഉണ്ടായിരുന്നോ എന്നു നോക്കൂ എന്നായിരുന്നു പ്രതികരണം.

വിഭാഗീയത ഇല്ല: മുരളി

കോഴിക്കോട്∙ ശശി തരൂരിന്റെ പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസ്താവന തള്ളി കെ.മുരളീധരൻ എംപി. ശശി തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവർത്തനവും വിഭാഗീയതയല്ല. ഒരാളെ വിലയിരുത്തുമ്പോൾ അത് തരം താഴ്ത്തലിലേക്ക് പോകരുത്.  ബലൂൺ ചർച്ചയൊന്നും ഇവിടെ ആവശ്യമില്ല. ആളുകളെ വില കുറച്ച് കണ്ടാൽ കഴിഞ്ഞ ദിവസം  മെസ്സിക്കു പറ്റിയ പോലെ സംഭവിക്കും. 

English Summary: Shashi Tharoor wave in Kannur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA