ADVERTISEMENT

ശബരിമല വിമാനത്താവളത്തിന്റെ സ്പെഷൽ ഓഫിസറായി വീണ്ടും നിയമിതനായ വി.തുളസീദാസ് സംസാരിക്കുന്നു; വിമാനത്താവളം പദ്ധതി എവിടെ വരെയെത്തി?

 

കോട്ടയം∙ സ്പെഷൽ ഓഫിസറായി വി.തുളസീദാസിനെ പുനർനിയമിച്ചതോടെ ശബരിമല വിമാനത്താവളം സംബന്ധിച്ച പ്രതീക്ഷകൾക്കും ടേക്ക് ഓഫ്. കണ്ണൂർ വിമാനത്താവളത്തിന്റെ ചുമതലക്കാരനും എയർ ഇന്ത്യ എക്സ്പ്രസിന്റെ തുടക്കക്കാരനും ഒക്കെയായി ശോഭിച്ച അദ്ദേഹത്തിന് എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ നിർമിക്കാനുദ്ദേശിക്കുന്ന വിമാനത്താവളം സംബന്ധിച്ചും കൃത്യമായ കണക്കുകൂട്ടലുകളുണ്ട്. ശബരിമല വിമാനത്താവളത്തിനു കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പിന്റെ അനുമതി താമസിയാതെ ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. മറ്റു തടസ്സങ്ങളില്ലാതെ അടുത്ത വർഷം അവസാനത്തോടെ നിർമാണം തുടങ്ങാൻ സാധിച്ചാൽ മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും ഉറപ്പിക്കുന്നു.

cheruvally-estate-skech
പ്രതീകാത്മക ചിത്രം.

പ്രതിരോധ മന്ത്രാലയത്തിൽ വ്യോമസേനയുടെ കാര്യങ്ങൾ പ്രത്യേകമായി നോക്കുന്ന ജോയിന്റ് സെക്രട്ടറിയായും എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം പറയുന്ന മറ്റൊരു കാര്യം റൺവേയെക്കുറിച്ചാണ്. കേരളത്തിലെ വിമാനത്താവളങ്ങളിൽ വച്ച് ഏറ്റവും വലിയ റൺവേയാകും ഇവിടെ പണിയുക. 3500 മീറ്റർ നീളത്തിലുള്ള റൺവേ കിഴക്കു പടിഞ്ഞാറ് ദിശയിൽ തന്നെയാകും. വിമാനത്താവളം സംബന്ധിച്ച കൂടുതൽ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം മനസ്സ് തുറക്കുന്നു.

? റൺവേയിലെ മണ്ണു പരിശോധന എത്രത്തോളമായി, കേന്ദ്രത്തിൽ നിന്നു കൂടുതൽ വിശദീകരണം ചോദിച്ചതിനു മറുപടി നൽകാനായോ

∙ ഏതു വിമാനത്താവളം നിർമിക്കുന്നതിന്റെയും ആദ്യപടിയാണ് മണ്ണുപരിശോധന. മുൻപു മറ്റൊരു കൺസൽറ്റൻസിയെയാണ് ഇതിനായി നിയമിച്ചിരുന്നത്. അവരുടെ റിപ്പോർട്ടിൽ അപാകതകൾ ഉണ്ടായിരുന്നു. ഞാൻ ചാർജ് എടുത്തപ്പോൾ തന്നെ ഇതു കണ്ടെത്തിയിരുന്നു. ആ സമയത്താണ് കേന്ദ്രവും ഇതെക്കുറിച്ച് ചോദിച്ചത്. മറുപടി നൽകിയിട്ടുണ്ട്. മണ്ണു പരിശോധന സംബന്ധിച്ച് എസ്റ്റേറ്റ് ഉടമകളുമായി ധാരണയായി. അവരുടെ നല്ല പിന്തുണ ലഭിക്കുന്നുണ്ട്

? സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവാദം, കോടതിയിലെ കേസ്

cheruvally-estate
ചെറുവള്ളി എസ്റ്റേറ്റ് (ഫയൽ ചിത്രം)

∙ ഉടമസ്ഥാവകാശം സംബന്ധിച്ചെല്ലാം തീർപ്പു പറയേണ്ടത് റവന്യു വകുപ്പാണ്. വിമാനത്താവളം നിർമാണ കാര്യങ്ങളാണ് എന്റെ ചുമതലയിലുള്ളത്. കണ്ണൂരിലും സ്ഥലമെടുപ്പ് സംബന്ധിച്ച കാര്യങ്ങളെല്ലാം നോക്കിയിരുന്നത് കിൻഫ്രയായിരുന്നു. ഇവിടെ അത് കെഎസ്ഐഡിസി ആണ്.

? പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ ആയിട്ടാണല്ലോ വിമാനത്താവളം നിർമിക്കാൻ ഉദ്ദേശിക്കുന്നത്.

∙ അതെ. കൊച്ചിയിലെയും കണ്ണൂരിലെയും പോലെ. ഇവിടെ സ്വകാര്യ വ്യക്തികളാകും നിക്ഷേപകരായി എത്തുക. കണ്ണൂരിൽ എണ്ണായിരത്തിലധികം നിക്ഷേപകരാണുള്ളത്. അതുപോലെ കോട്ടയത്തും നിക്ഷേപകരെത്തുമെന്ന് ഉറപ്പുണ്ട്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലുടൻ കമ്പനി റജിസ്റ്റർ ചെയ്യണം. തുടർന്ന് ധനസമാഹരണം.

നിർദിഷ്ട വിമാനത്താവളത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന എരുമേലി ചെറുവള്ളി 
എസ്​റ്റേറ്റിനുള്ളിലെ റോഡ്.
നിർദിഷ്ട വിമാനത്താവളത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന എരുമേലി ചെറുവള്ളി എസ്​റ്റേറ്റിനുള്ളിലെ റോഡ്. (ഫയൽ ചിത്രം)

അതിനു ശേഷം ടെൻഡർ വിളിച്ച് നിർമാണം ആരംഭിക്കണം. ആറു മുതൽ 12 മാസത്തിനുള്ളിൽ ഇവയെല്ലാം നടക്കും. കണ്ണൂരിലെ അനുഭവം വച്ചു പറഞ്ഞാൽ നിർമാണം തുടങ്ങി മൂന്നു വർഷം കൊണ്ട് എല്ലാം പൂർത്തിയാകും.

? ശബരിമല വിമാനത്താവളത്തിന്റെ പ്രത്യേകതകൾ

∙ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലക്കാർക്ക് ഏറ്റവുമധികം പ്രയോജനം ലഭിക്കും. കോട്ടയത്തു നിന്ന് വെറും 40 കിലോമീറ്റർ മതി ഇവിടെ എത്താൻ. തമിഴ്നാട്ടിലെ ചില ജില്ലക്കാർക്കും ഇവിടേക്ക് എളുപ്പം വരാനാകും.
ശബരിമലയും എരുമേലിയും, മാരാമണും എല്ലാം ചേർന്ന് തീർഥാടക ടൂറിസത്തിന് വൻ സാധ്യത.

കുമരകം, മൂന്നാർ, തേക്കടി, വാഗമൺ തുടങ്ങി വിനോദ സഞ്ചാരമേഖലയ്ക്കും പ്രയോജനം. സുഗന്ധ വ്യഞ്ജനങ്ങൾ, തേയില തുടങ്ങിയവയുടെയും മറ്റ് കാർഷിക ഉൽപന്നങ്ങളുടെയും കയറ്റുമതിക്ക് എളുപ്പം.

ഇവയുടെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന കേന്ദ്രങ്ങൾ തുറക്കാനും സഹായകരമാകും. ഗൾഫിനു പുറമേ യൂറോപ്പിലും വടക്കേ അമേരിക്കയിലുമെല്ലാം ഉള്ള പ്രവാസികൾ ധാരാളമുള്ള മേഖലയാണിത്. വിമാനത്താവളം അവർക്കെല്ലാം പ്രയോജനകരമാകും.

Content Highlights: Sabarimala Airport, V Thulasidas, Cheruvally Estate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com