ADVERTISEMENT

തലശ്ശേരി ∙ വീനസ് കോർണറിൽ ബന്ധുക്കളായ 2 സിപിഎം പ്രവർത്തകരെ കുത്തി കൊലപ്പെടുത്തിയ കേസിൽ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്കു പിന്നിൽ ലഹരി മാഫിയ സംഘമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കേസിൽ പിടിയിലായവരിൽ പ്രധാന പ്രതി ഉൾപ്പെടെ മിക്കവരും സിപിഎം പ്രവർത്തകരാണെന്നു വ്യക്തമായതോടെ, പാർട്ടിയെ മറയാക്കി ലഹരി മാഫിയ തഴച്ചുവളരുകയാണെന്ന ആരോപണം ഉയർന്നു.

സിപിഎം പ്രവർത്തകരായ നിട്ടൂർ ഇല്ലിക്കുന്ന് ത്രിവർണയിൽ കെ. ഖാലിദ് (52), സഹോദരീ ഭർത്താവ് പൂവനായി ഷമീർ (40) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നിട്ടൂർ വെള്ളാടത്ത് ഹൗസിൽ പാറായി ബാബു എന്ന സുരേഷ്ബാബു (47), വടക്കുമ്പാട് പാറക്കെട്ട് തേരേക്കാട്ടിൽ അരുൺകുമാർ (38), പിണറായി പുതുക്കുടി ഹൗസിൽ ഇ.കെ.സന്ദീപ് (38), പിണറായി പടന്നക്കര വാഴയിൽ ഹൗസിൽ സുജിത്ത്കുമാർ (45), വടക്കുമ്പാട് പാറക്കെട്ട് സാറാസിൽ മുഹമ്മദ് ഫർഹാൻ (21), നിട്ടൂർ മുട്ടങ്ങൽ ഹൗസിൽ ജാക്സൺ വിൻസൺ (28), വണ്ണത്താൻ വീട്ടിൽ കെ.നവീൻ (32) എന്നിവരാണു പിടിയിലായത്.

ഇതിൽ ബാബു പാറായി ഡിവൈഎഫ്ഐയുടെ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങലയിൽ കണ്ണിയായ ആളും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുമാണെന്ന വിവരവും പുറത്തുവന്നു. പ്രദേശത്ത് ലഹരിമരുന്നു വിൽപന നടത്തുന്നതിനെ എതിർത്തതിന്റെ പേരിലാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണു പരാതി. അടുത്ത കാലത്ത് ഈ സംഘം നടത്തിയ വാഹന ഇടപാടു സംബന്ധിച്ച തർക്കവും അന്വേഷിക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ അറിയിച്ചു. പിടിയിലായ പാറായി ബാബുവാണ് ഇരുവരെയും കുത്തിയതെന്നു പൊലീസ് പറഞ്ഞു.

khalid-shameer-thalassery-murder
മരിച്ച ഖാലിദ്, ഷമീർ.

പ്രധാന പ്രതി ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയിൽ പങ്കാളി

തലശ്ശേരി ∙ വീനസ് കോർണറിൽ ദേശീയപാതയിൽ കുത്തേറ്റു മരിച്ചവരും കൊലയാളി സംഘത്തിൽപെട്ടവരും സിപിഎം പ്രവർത്തകരാണെന്നു വെളിവായി. കേസിലെ പ്രധാന പ്രതി ബാബു പാറായി പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയ ബന്ധം മാത്രം പറഞ്ഞു കൊണ്ടിരുന്ന സിപിഎം പ്രതിരോധത്തിലായി. ലഹരി വിരുദ്ധ പരിപാടികളുമായി മുന്നോട്ടു പോകുന്ന സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുന്നവരും ലഹരി ഇടപാടുകളിൽ പങ്കാളികളാണെന്ന ഞെട്ടിക്കുന്ന വിവരമാണു പുറത്തു വന്നത്. ഡിവൈഎഫ്ഐ സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയിൽ ബാബു പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണു പുറത്തായത്. കൊല്ലപ്പെട്ടവർ സിപിഎമ്മുകാരാണെന്നു വെളിപ്പെടുത്തിയെങ്കിലും പ്രതികളുടെ രാഷ്ട്രീയ ബന്ധം സിപിഎം വ്യക്തമാക്കിയിരുന്നില്ല.

English Summary: Thalassery Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com