ADVERTISEMENT

തിരുവനന്തപുരം∙ മുന്നണി ഘടകകക്ഷികൾ ആശങ്ക വ്യക്തമാക്കുകയും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്നു കേരളത്തിലെത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ അന്തരീക്ഷം അൽപം മയപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ശശി തരൂരിനെയും മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ബന്ധപ്പെട്ടു. മഞ്ഞുരുക്കാനും ശ്രമിച്ചു. ഇതിന്റെ ഭാഗമായാണു ചെന്നിത്തല ഇന്നലെ വാർത്താ സമ്മേളനം നടത്തി പാർട്ടിയാണു മുഖ്യമെന്ന് ഓർമിപ്പിച്ചത്. പക്ഷം പിടിക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധ വച്ചു.

തരൂരിന്റെ പര്യടനത്തിനു മാധ്യമങ്ങൾ നൽകിയ അമിത പ്രാധാന്യമാണു വിവാദത്തിലേക്കു നയിച്ചതെന്ന് ആരോപിച്ച് ഒഴിയാനാണു പുറമേ നേതാക്കൾ ശ്രമിക്കുന്നത്. എന്നാൽ തരൂരിന്റെ പര്യടനം അത്ര നിഷ്കളങ്കമായിരുന്നെന്നു പാർട്ടിയിലെ പ്രബലവിഭാഗം വിശ്വസിക്കുന്നില്ല. എന്നാൽ പാർട്ടിയോ, പാർട്ടിയോട് അടുത്തു നിൽക്കുന്നവരോ നടത്തിയ പരിപാടികളിൽ തരൂർ പങ്കെടുത്തതു വിഭാഗീയ പ്രവർത്തനമായി കരുതാനുമാകില്ല.

തരൂരിന്റെ സന്ദർശനം പ്രത്യേക ഉദ്ദേശ്യത്തോടെ പര്യടന പരിപാടിയാക്കി മാറ്റിയതിനു പിന്നിലെ ആസൂത്രണത്തെയാണു വിഭാഗീയ പ്രവർത്തനമായി നേതൃത്വം കാണുന്നത്. കെ.മുരളീധരന്റെ ‘മന്ത്രിക്കുപ്പായം’ പരാമർശം ഇതിനു മറ്റൊരു മാനം നൽകുകയും ചെയ്തു. എന്തായാലും തൽക്കാലം വെടിനിർത്തൽ എന്ന സൂചനകളാണു ലഭിക്കുന്നത്.

മുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിനെ ഇപ്പോൾ നയിക്കുന്നവരെക്കുറിച്ചു തങ്ങൾക്കു പരാതിയില്ലെന്നാണ് ആർഎസ്പി നേതാവ് എ.എ.അസീസ് പ്രതികരിച്ചത്. ഇപ്പോൾ ആരും മുഖ്യമന്ത്രിക്കുപ്പായം തയ്പിക്കേണ്ട, ആരും ഭയക്കുകയും വേണ്ടെന്നു ഷിബു ബേബിജോൺ പറഞ്ഞു. തരൂ‍ർ യുഡിഎഫിന്റെ എംപിയായിരിക്കുന്നിടത്തോളം അദ്ദേഹത്തെയും ചേർത്തു നിർത്തി മുന്നോട്ടു പോകുമെന്നു പറഞ്ഞ കേരള കോൺഗ്രസ് (ജോസഫ്) നേതാവ് മോൻസ് ജോസഫ്, വിവാദം വേണ്ടിയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

അതേസമയം, ഇന്നലെ തലസ്ഥാനത്തെ സ്വകാര്യ ചടങ്ങിൽ രണ്ടു മണിക്കൂറോളം ഒരുമിച്ചിരുന്നിട്ടും വി.ഡി.സതീശന്റെയും ശശി തരൂരിന്റെയും ശരീരഭാഷ സൗഹാർദത്തിന്റേതായിരുന്നില്ല. നേതാക്കൾ തമ്മിൽ വ്യക്തിപരമായുണ്ടായ അകൽച്ച മാറാൻ സമയമെടുക്കുമെന്നാണ് ഇതു നൽകുന്ന സൂചന.
പരസ്യപ്രസ്താവനാ വിലക്ക് ചില നേതാക്കൾ ലംഘിച്ചതിൽ കെ.സുധാകരന് അമർഷമുണ്ടെങ്കിലും നടപടിയെടുത്തു വിവാദം വളർത്തേണ്ടെന്നാണു തീരുമാനം. കോഴിക്കോട് ഡിസിസി ഓഫിസിന്റെ തറക്കല്ലിടൽ ചടങ്ങിനാണു താരിഖ് അൻവർ എത്തുന്നത്. നാളെ നടക്കുന്ന ചടങ്ങിൽ സുധാകരനും എം.കെ.രാഘവനും പങ്കെടുക്കുന്നുണ്ട്.

English Summary: Tharoor Controversy in Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com