വന്യജീവി ആക്രമണം: പട്ടികവിഭാഗ ഇൻഷുറൻസ് നിർത്തി

idukki-forest-department-barred-entry-story1
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്ന പട്ടികജാതി, വർ‍ഗക്കാർക്ക് വനം വകുപ്പ് ഏർപ്പെടുത്തിയ ഇൻഷുറൻസ് പരിരക്ഷ രഹസ്യമായി നിർത്തി. ക്ലെയിമുകൾ കൂടിയതോടെ ഇൻഷുറൻസ് കമ്പനി പ്രീമിയം തുക വർധിപ്പിച്ചതോടെ‍യാണ് ഇതു നിർത്തിയത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് പോളിസി കാലാവധി അവസാനിച്ചെങ്കിലും സർക്കാർ പുതു‍ക്കിയില്ല. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ഓഗസ്റ്റിൽ വനം വകുപ്പിനു കത്തയച്ചെങ്കിലും പ്രീമിയം തുക വർധിപ്പിച്ച സാഹചര്യത്തിൽ ധനവകുപ്പിന്റെ അനുമതി വേണമെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്. സമ്മർദമേറിയതോടെ ആവശ്യം ഉന്നയിച്ച് വനം വകുപ്പ് ശുപാർശ നൽകിയിട്ടും സർക്കാർ തയാറായില്ല. കഴിഞ്ഞ വർഷം സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം പട്ടികജാതി , വർ‍ഗക്കാരായ 18,750 പേർ പദ്ധതിയിൽ ചേർന്നിരുന്നു. ഇവർക്കെല്ലാം ആനൂകൂല്യം മുടങ്ങി.

വനത്തിനുള്ളിൽ വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്ന പട്ടികജാതി – പട്ടിക വർഗക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന് 2012 മുതലാണ് വനം വകുപ്പും – ഇൻഷുറൻസ് കമ്പനിയും സംയുക്തമായി ഗ്രൂ‍പ്പ് പഴ്സനൽ ആക്സിഡന്റ് പോളിസി ആരംഭിച്ചത്. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട പട്ടികജാതി പട്ടിക വർഗത്തിൽ‍പ്പെടുന്നവരുടെ ആശ്രിതർക്ക് 1 ലക്ഷം രൂപയും, പരുക്കേറ്റവർക്ക് ചികിത്സാർഥം ചെലവാകുന്ന മുഴുവൻ തുകയും നൽകുമെന്നാണ് വനം വകുപ്പും ഇൻഷുറൻസ് കമ്പനിയും തമ്മിലുണ്ടായിരുന്ന വ്യവസ്ഥ.

2020–21 ൽ 13 ലക്ഷമായിരുന്നു പ്രീമിയം തുക. 2021–22 വർഷത്തെ തുക 18 ലക്ഷമായി വർധിപ്പിച്ചു. പോളിസി കാലാവധി അവസാനിച്ച സാഹചര്യത്തിൽ പ്രീമിയം തുക 18 ലക്ഷമാക്കി‍യെന്നും പോളിസിയിൽ അംഗമായ ഒരു വ്യക്തിക്ക് ഇനി മുതൽ102 രൂപ വീതം(നികുതി ഉൾപ്പെടെ) വനം വകുപ്പ് ഒടുക്ക‍ണമെന്നും കമ്പനി നിർദേശിച്ചെങ്കിലും സർക്കാർ തീരുമാ‍നമെടുത്തില്ല.

വന്യജീവി ആക്രമണത്തിന് ഇരയാകുന്ന പട്ടികവർഗ വിഭാഗക്കാർക്കു മാത്രമായി ഇൻഷുറൻസ് പരി‍രക്ഷകളൊന്നും നിലവിൽ ഇല്ലെന്നാണ് വനം വകുപ്പ് ആസ്ഥാനത്തു നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. പോളിസി പുനഃ‍രാരംഭിക്കുമോ എന്നും വ്യക്തതയില്ല. സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും വനം വകുപ്പ് പറയുന്നു. സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയും, പരുക്കേൽക്കുന്നവർക്ക് പരമാവധി 1 ലക്ഷം രൂപയുമാണ് വനം വകുപ്പ് നിലവിൽ അനുവദിക്കുന്നത്. ഇതിനു പുറമേയാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്ന പട്ടിക ജാതി – പട്ടിക വർഗക്കാരുടെ ആശ്രിതർക്ക് 1 ലക്ഷവും ചികിത്സാ ചെലവും കൂടി നൽകിയിരുന്നത്.

English Summary: Wildlife Attacks: Insurance for Scheduled Tribe Stopped

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA