ADVERTISEMENT

തലശ്ശേരി ∙ വീനസ് കോർണറിലെ നിട്ടൂർ ഇല്ലിക്കുന്നിൽ ബന്ധുക്കളായ 2 സിപിഎം പ്രവർത്തകരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് ആയുധം കണ്ടെടുത്തു. കേസിലെ പ്രതി സന്ദീപിന്റെ പിണറായി കമ്പൗണ്ടർ ഷാപ്പിനു സമീപത്തെ വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണു ‍കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെടുത്തത്. 

കേസിലെ മുഖ്യപ്രതി നിട്ടൂർ ഇല്ലിക്കുന്നിലെ പാറായി ബാബുവിനെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോഴാണ് കെ.ഖാലിദിനെയും സഹോദരീ ഭർത്താവ് പൂവനായി ഷമീറിനെയും കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഒളിപ്പിച്ച സ്ഥലം പൊലീസിനു കാട്ടിക്കൊടുത്തത്. 

പാറായി ബാബു സംഭവസമയത്തു ധരിച്ച വസ്ത്രങ്ങൾ സന്ദീപിന്റെ വീടിനു സമീപം നിർത്തിയിട്ട ഗുഡ്സ് വാഹനത്തിൽ നിന്നു കണ്ടെടുത്തു. കൊലപാതകം നടന്ന ദേശീയപാതയിലെ‍ വീനസ് കോർണറിനു സമീപത്തും പ്രതികളെ എത്തിച്ചു തെളിവെടുത്തു.  

സംഭവത്തിൽ പരുക്കേറ്റ പ്രതി ജാക്സണെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചതിനു ശേഷമാണു മുഖ്യപ്രതി പാറായി ബാബുവും മറ്റു നാലു പ്രതികളും ഓട്ടോറിക്ഷയിൽ സന്ദീപിന്റെ പിണറായിയിലെ വീട്ടിലേക്കു പോകുന്നത്. അവിടെ നിന്നു കുളിച്ചു വസ്ത്രം മാറി ഭക്ഷണം കഴിച്ച ശേഷം മറ്റൊരു പ്രതിയായ അരുൺകുമാറിന്റെ കാറിൽ സന്ദീപിനൊപ്പം കർണാടകയിലേക്കു കടക്കുകയായിരുന്നു. 

ഇതിനിടെ കർണാടകയിൽ പൊലീസിന്റെ സാന്നിധ്യം മനസ്സിലാക്കി തിരിച്ചുവരുമ്പോൾ ഇരിട്ടിയിൽ വച്ചു പിടിയിലാകുകയായിരുന്നു. പ്രതികളായ ജാക്സൺ, ഫർഹാൻ, സുജിത്ത് കുമാർ, നവീൻ എന്നിവർ സംഭവദിവസം രാത്രി തന്നെ പൊലീസ് പിടിയിലായിരുന്നു. 

English Summary: Evidence Collection in Thalassery Twin Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com