ADVERTISEMENT

തിരുവനന്തപുരം ∙ സാങ്കേതിക സർവകലാശാലയിൽ (കെടിയു) ഡോ.സിസ തോമസിനെ താൽക്കാലിക വൈസ് ചാൻസലറായി നിയമിച്ചതിനെ എതിർക്കുന്ന സർക്കാരും ഇടതു സംഘടനകളും ഫിഷറീസ് സർവകലാശാലയിൽ (കുഫോസ്) ഡോ.എം.റോസലിൻഡ് ജോർജിനെ താൽക്കാലിക വിസിയാക്കിയതിന് എതിരെ പ്രതികരിക്കുന്നില്ല. രണ്ടു നിയമനവും നടത്തിയതു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണെങ്കിലും സർക്കാരും ഇടതു സംഘടനകളും സ്വീകരിച്ച വ്യത്യസ്ത നിലപാട് ശ്രദ്ധേയം.

കെടിയുവിൽ ഡോ.സിസയെ നിയമിച്ചതിനെതിരെ ചാൻസലർ കൂടിയായ ഗവർണറെയും താൽക്കാലിക വിസിയെയും എതിർ കക്ഷികളാക്കി സർക്കാർ ഹൈക്കോടതിയിൽ കേസ് കൊടുത്തു. ഇത് കോടതിയുടെ പരിഗണനയിലാണ്. സിൻഡിക്കറ്റിന്റെ ഒത്താശയോടെ കെടിയുവിലെ ഉന്നത ഉദ്യോഗസ്ഥരും ഒരു വിഭാഗം ജീവനക്കാരും വിസിയോടു നിസ്സഹകരണം തുടരുന്നു. ഇടതു സംഘടനകൾ പ്രക്ഷോഭത്തിലാണ്. എന്നാൽ കുഫോസിൽ ഹൈക്കോടതി പുറത്താക്കിയ വിസി ഡോ.കെ.റിജി ജോണിന് പകരം അദ്ദേഹത്തിന്റെ ഭാര്യ കൂടിയായ ഡോ.റോസലിൻഡിനെ താൽക്കാലിക വിസിയായി നിയമിച്ച ഗവർണറുടെ നടപടിയിൽ സർക്കാരിനോ ഇടതു സംഘടനകൾക്കോ പരാതിയില്ല.

കെടിയുവിൽ ചാൻസലറുടെ ചുമതല നൽകേണ്ടതു സർക്കാരിന്റെ ശുപാ‍ർശയുടെ അടിസ്ഥാനത്തിൽ ആണെന്നു സർവകലാശാലാ നിയമത്തിൽ ഉണ്ടെന്നും അതു കൊണ്ടാണ് കേസിനു പോയത് എന്നുമാണ് സർക്കാരിന്റെ വാദം. എന്നാൽ സർവകലാശാലാ നിയമം അനുസരിച്ച് 2 തവണ ഗവർണർ സർക്കാരിനോട് അഭിപ്രായം ചോദിച്ചിരുന്നു. ആദ്യം ഡിജിറ്റൽ സർവകലാശാലാ വിസിക്ക് ചുമതല നൽകാനാണ് സർക്കാർ നിർദേശിച്ചത്. എന്നാൽ ഡിജിറ്റൽ വിസിയുടെ നിയമനം ചോദ്യം ചെയ്യപ്പെട്ടതിനാൽ ഗവർണർ അംഗീകരിച്ചില്ല. തുടർന്ന് അക്കാദമിക് വിദഗ്ധ അല്ലാത്ത കാർഷികോൽപാദന കമ്മിഷണർക്ക് ചുമതല നൽകാൻ സർക്കാർ നിർദേശിച്ചെങ്കിലും യുജിസി ചട്ടം ചൂണ്ടിക്കാട്ടി ഗവർണർ എതിർത്തു. തുടർന്നാണ് സിസയെ നിയമിച്ചത്. 

സ്വയംഭരണാധികാരമുള്ള സർവകലാശാലകളിൽ സർക്കാരിന് എന്താണു കാര്യമെന്നും ഈ വിഷയത്തിൽ സർക്കാർ കേസിനു പോകുന്നത് എന്തിന് എന്നുമാണ് ഗവർണറെ അനുകൂലിക്കുന്നവരുടെ ചോദ്യം. രണ്ടു സർവകലാശാലകളിൽ ഗവർണർ നടത്തിയ വിസി നിയമനങ്ങളെ വ്യത്യസ്ത രീതിയിൽ സർക്കാരും ഇടതു സംഘടനകളും സമീപിക്കാമോ എന്ന ചോദ്യമാണ് അക്കാദമിക് സമൂഹം ഉന്നയിക്കുന്നത്.

English Summary: Government of Kerala not against KUFOS vice chancellor 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com