ADVERTISEMENT

കൊച്ചി∙ സാങ്കേതിക സർവകലാശാല (കെടിയു) വിസിയുടെ താൽക്കാലിക ചുമതല നൽകാൻ ഡോ. സിസ തോമസിനെ കണ്ടെത്തിയത് എങ്ങനെയാണെന്നു ഹൈക്കോടതി ചാൻസലറോട് ആരാഞ്ഞു. സിസയുടെ കാര്യത്തിൽ  ശുപാർശയോ കൂടിയാലോചനയോ ഉണ്ടായോ എന്നതുൾപ്പെടെ നിർണായക ചോദ്യങ്ങളാണു കോടതി ഉന്നയിച്ചത്. സംസ്ഥാനത്തെ 2 അധികാര കേന്ദ്രങ്ങൾ പരസ്പരം പോരടിക്കുന്നതു  ദുഃഖകരവും ദൗർഭാഗ്യകരവുമാണെന്നു കോടതി പറഞ്ഞു. 

കെടിയു വിസിയുടെ ചുമതല ഡോ.സിസ തോമസിനു നൽകിയ ചാൻസലറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ വാദത്തിനിടെയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശങ്ങൾ. സർക്കാരുമായി കൂടിയാലോചനയില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണു നിയമനം നടത്തിയതെന്നു സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ആരോപിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനത്തെയും വിദ്യാർഥി സമൂഹത്തെയും ആശങ്കയിലാക്കുന്ന സാഹചര്യമാണു നിലവിലുള്ളതെന്നു കോടതി പറഞ്ഞു.   

വിദ്യാഭ്യാസ കേന്ദ്രം എന്നുള്ള നാടിന്റെ സൽപേര് ഇല്ലാതാകും. ഈ ആശയക്കുഴപ്പം തുടരാൻ അനുവദിച്ചുകൂട. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ചാൻസലർ നടത്തുന്നതു പോരാട്ടം അല്ലെന്നും ഈ  മേഖലയെ സ്വതന്ത്രമാക്കാനും സർവകലാശാലകളുടെ സ്വയംഭരണം ഉയർത്തിപ്പിടിക്കാനുമുള്ള ശ്രമം മാത്രമാണെന്നും ചാൻസലറുടെ അഭിഭാഷകൻ പറഞ്ഞു. മറ്റു സർവകലാശാലകളിലെ വിസിമാരെയും പ്രോ വിസിമാരെയും പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും സിസയുടെ പേര് നിർദേശിച്ചത് ആരാണെന്നും കോടതി ചാൻസലറോടു ചോദിച്ചു. 

സർക്കാർ ശുപാർശ ചെയ്ത രണ്ടുപേർക്കും യോഗ്യതയില്ലാത്തതു കൊണ്ടാണു ചാൻസലർ സ്വന്തം നിലയ്ക്കു തിരഞ്ഞെടുപ്പ് നടത്തിയതെന്നു ചാൻസലറുടെ അഭിഭാഷകൻ മറുപടി നൽകി. സർക്കാർ ആദ്യം ശുപാർശ ചെയ്ത ഡിജിറ്റൽ സർവകലാശാലാ വിസി സജി ഗോപിനാഥ് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ യോഗ്യനല്ല. പിന്നീടു ശുപാർശ ചെയ്ത ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വിദ്യാഭ്യാസ വിദഗ്ധൻ അല്ലാത്തതിനാൽ യോജിക്കാനായില്ല. തുടർന്നാണു സ്വന്തം നിലയ്ക്കു നടപടിക്കു മുതിർന്നതെന്നും അറിയിച്ചു. 

വിയോജിപ്പ് അറിയിച്ചില്ലെന്നു സർക്കാരിന് ആക്ഷേപമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടിയപ്പോൾ അതു വീഴ്ചയാണെന്നു ചാൻസലറുടെ അഭിഭാഷകനും സമ്മതിച്ചു. പലരുടെയും ബയോ ഡേറ്റ പരിശോധിച്ച ശേഷം സിസയുടെ യോഗ്യത മാനിച്ചാണു നിയമനം നൽകിയതെന്നു ചാൻസലർ അറിയിച്ചു. സിസയ്ക്കു യുജിസി ചട്ടപ്രകാരമുള്ള യോഗ്യതയുണ്ടെന്നു ചാൻസലറും സിസയും വാദിച്ചു. ഒരു വിഭാഗം വിദ്യാർഥികളുടെയും ജീവനക്കാരുടെയും പ്രതിഷേധം ദൈനംദിന പ്രവർത്തനങ്ങൾക്കു തടസ്സമാകുന്നതായി സിസയുടെ അഭിഭാഷകൻ അറിയിച്ചു. ഹർജിയിൽ തിങ്കളാഴ്ച വാദം തുടരും.

ഒരു ദിവസത്തേക്ക് ആയാലും വിസിക്കു യോഗ്യത വേണം

കൊച്ചി∙ ഒരു ദിവസത്തേക്കു പോലും വിസി ആകുന്ന വ്യക്തിക്കു മതിയായ യോഗ്യത ഉണ്ടാകണമെന്നു ഹൈക്കോടതി. ഒരു ദിവസം ഇരുന്നാലും 5 വർഷം ഇരുന്നാലും വിസി ഒപ്പിടുന്ന സർട്ടിഫിക്കറ്റിലാണു വിദ്യാർഥികളുടെ ഭാവി. സർവകലാശാല എന്നാൽ വിദ്യാർഥികളാണ്. നിയമ പ്രശ്നങ്ങൾ പറഞ്ഞ് തർക്കിക്കുമ്പോൾ അവരെ മറക്കരുത്. വിദ്യാർഥികളുടെ വിശ്വാസം ആർജിക്കാതെ സർവകലാശാലകൾക്കു നിലനിൽപില്ല. 
സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അവരുടെ തൊഴിൽ, ഭാവി എല്ലാം തകരും. വിദ്യാർഥികളുടെ ജീവിതമാണു സർവകലാശാലകൾ കൈകാര്യം ചെയ്യുന്നതെന്ന് ഓർക്കണമെന്നു കോടതി പറഞ്ഞു.

English Summary: High Court on Ciza Thomas Appointment 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com