ADVERTISEMENT

കൊച്ചി ∙ ഇന്നു കൊച്ചിയിൽ നടക്കുന്ന ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് (എഐപിസി) സംസ്ഥാന കോൺക്ലേവായ ‘ഡീകോഡ്’ ഉയർത്തുന്നത് വലിയ രാഷ്ട്രീയ ആകാംക്ഷയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വിമാനത്തിലും തിരുവനന്തപുരത്തെ ചടങ്ങിലും പരസ്പരം കണ്ടിട്ടും മിണ്ടാതിരുന്ന ശശി തരൂരും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഒരേ വേദിയിലെത്തുന്ന പരിപാടിയാണിത്. 

ഹോട്ടൽ പ്രസിഡൻസിയിൽ രാവിലെ 9 ന് ആരംഭിക്കുന്ന പരിപാടിയിൽ വലിയ നിര കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നുണ്ട്. തരൂരിന്റെ മലബാർ പര്യടനമുണ്ടാക്കിയ വിവാദങ്ങൾക്കു ശേഷമുള്ള വലിയ നേതൃസംഗമമെന്നു തന്നെ വിളിക്കാം. എഐപിസി ദേശീയ അധ്യക്ഷനായ തരൂരാണ് മുഖ്യപ്രഭാഷകൻ. സതീശനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും ഉദ്ഘാടകരും. സുധാകരൻ വരാൻ സാധ്യതയില്ലെന്നിരിക്കെ സതീശൻ തന്നെയാണു മുഖ്യാതിഥി. ഉദ്ഘാടന സമ്മേളനത്തിലും തുടർന്നുള്ള സെഷനുകളിലും നേതാക്കളും ജനപ്രതിനിധികളും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. 

തണുപ്പിക്കാൻ കെപിസിസി ശ്രമം

കോഴിക്കോട് ∙ തരൂർ വിവാദം തണുപ്പിക്കാനുള്ള ശ്രമം കെപിസിസി നേതൃത്വം ആരംഭിച്ചു. കഴിഞ്ഞ ദിവസം കെപിസിസി അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.കെ.രാഘവൻ എംപിയെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. അച്ചടക്ക സമിതിക്കും എഐസിസിക്കും രാഘവൻ പരാതി അയച്ചിരുന്നു. 

ഇന്നലെ കോഴിക്കോട് ഡിസിസി ഓഫിസിന്റെ തറക്കല്ലിടൽ ചടങ്ങിന്റെ വേദിയിൽ വച്ചു പരാതിയെക്കുറിച്ച് രാഘവൻ താരിഖ് അൻവറുമായി സംസാരിച്ചു. പരാതി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും തിരിച്ചു ഡൽഹിയിൽ എത്തിയ ശേഷം പരിശോധിക്കാമെന്നും അദ്ദേഹം അറിയിച്ചു. പ്രശ്നം കേരളത്തിൽ തന്നെ പരിഹരിക്കണമെന്നു കെ.സുധാകരനുമായുള്ള ചർച്ചയിൽ താരിഖ് അൻവർ നിർദേശിച്ചുവെന്നാണു വിവരം.ശശി തരൂരിന് ഏതു പരിപാടിയിൽ പങ്കെടുക്കുന്നതിനും തടസ്സമില്ലെന്നും പക്ഷേ, ബന്ധപ്പെട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ അനുമതി വാങ്ങണമെന്നും താരിഖ് അൻവർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടും വ്യക്തമാക്കിയിരുന്നു. ഇതേ നിലപാടാണ് കെപിസിസി അച്ചടക്ക സമിതിയും സ്വീകരിച്ചത്. 

∙ ‘ശശി തരൂരിന്റെ പരിപാടിക്കു വിലക്കേർപ്പെടുത്തിയത് തെറ്റാണ്. പരിപാടി കൃത്യമായി അറിയിക്കുന്നതിൽ തരൂരിന്റെ ഭാഗത്തും വീഴ്ച പറ്റി. കെപിസിസിയോ എഐസിസിയോ തരൂരിനോട് അനീതി കാണിച്ചിട്ടില്ല. തരൂരിനെ വെട്ടാനും കുത്താനുമൊന്നും ആരുമില്ല. വി.ഡി.സതീശന് ആരെയും ഭയമില്ല. ഞങ്ങളെല്ലാം കയറ്റത്തിൽ സൈക്കിൾ ചവിട്ടി വളർന്നവരാണ്. ഇറക്കത്തിൽ സൈക്കിൾ ചവിട്ടി വന്നവരല്ല.’ – എം.എം.ഹസൻ (യുഡിഎഫ് കൺവീനർ)

∙ ‘കോൺഗ്രസിൽ അച്ചടക്കത്തിനു നിർവചനം വേണം, അച്ചടക്കത്തിന് ഏറ്റക്കുറച്ചിൽ ഉണ്ടാകരുത്. കെപിസിസി പ്രസിഡന്റ് എന്തു തീരുമാനിച്ചാലും അംഗീകരിക്കാൻ തയാറാണ്. കോൺഗ്രസിന്റെ തിരിച്ചുവരവിന് എല്ലാവരും പങ്കുവഹിക്കണം. കേരളത്തിന്റെ പൊതുതാൽപര്യം വിലയിരുത്തി അതിനനുസരിച്ചു പ്രവർത്തിക്കണം.’ – എം.കെ.രാഘവൻ എംപി

English Summary: Political eagerness over All India Professional Congress state conclave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com