ADVERTISEMENT

കണ്ണൂർ ∙ തലശ്ശേരിയിൽ ലഹരി മാഫിയയുടെ ആക്രമണത്തിൽ ബന്ധുക്കളായ 2 സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ രാഷ്ട്രീയ ബന്ധം പുറത്തു വന്നതു സിപിഎമ്മിനു തിരിച്ചടിയായി. കൊല്ലപ്പെട്ടവരും കൊന്നവരും സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുന്നവരാണെന്നു വന്നതോടെ പാർട്ടി പ്രതിരോധത്തിലായി. 

ലഹരി വിരുദ്ധ പ്രവർത്തനത്തിനു സർക്കാരും പാർട്ടിയും മുന്നിട്ടിറങ്ങുന്നതിനിടയിലാണു സംഘടനയ്ക്കകത്തും ലഹരി മാഫിയ – ക്വട്ടേഷൻ സംഘം കടന്നു കൂടിയ വിവരം പുറത്തായത്. പാർട്ടിയുടെ യശസ്സിനു കളങ്കമേൽപിക്കുന്ന ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ നേതൃത്വം മുൻപു ശുദ്ധീകരണത്തിനു തീരുമാനിച്ചിരുന്നെങ്കിലും അതു ഫലപ്രദമായില്ലെന്നതിനു തെളിവുകൂടിയാണിത്. 

കേസിൽ പിടിയിലായവരിൽ പ്രധാന പ്രതി ബാബു പാറായി അടക്കം മിക്കവരും സിപിഎം ബന്ധമുള്ളവരാണ്. ഡിവൈഎഫ്ഐയുടെ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങലയിൽ കണ്ണിചേർന്ന ആളാണ് ബാബു. രാഷ്ട്രീയ എതിരാളികളെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 

സിപിഎമ്മിന്റെ മറപറ്റി ക്വട്ടേഷൻ സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന വിവരം നേരത്തേ പുറത്തു വന്നത് അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും മറ്റും അടങ്ങിയ സംഘത്തിന്റെ കേസുകളുമായി ബന്ധപ്പെട്ടാണ്. ആ സമയത്ത് സിപിഎം കുറെ പേർക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. ക്വട്ടേഷൻ പ്രവർത്തനങ്ങളുമായി നടക്കുന്നവരെ കണ്ടെത്താൻ സിപിഎം ബ്രാഞ്ച് കമ്മിറ്റികൾ തോറും പരിശോധനയും നടത്തി. 

അതൊന്നും കാര്യക്ഷമമായില്ലെന്നും ഇനിയും പരിശോധന വേണ്ടിയിരിക്കുന്നുവെന്നുമാണു തലശ്ശേരിയിലെ സംഭവം സിപിഎമ്മിനെ ഓർമപ്പെടുത്തുന്നത്. പ്രതികളെ സിപിഎം ഇതുവരെ തള്ളിപ്പറഞ്ഞിട്ടുമില്ല.

English Summary: Setback for cpm as party connection of two accused in twin murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com