ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുമെന്ന സൂചനകൾ വന്നതോടെ ശശി തരൂരിനെ പൊതു പരിപാടികൾക്ക് ക്ഷണിച്ച്  കൂടുതൽപേർ. പൊതു പരിപാടികൾക്കൊപ്പം വ്യക്തിപരമായ കൂടിക്കാഴ്ചകൾക്കുമാണു ക്ഷണം. കോർപറേഷനിലെ നിയമന വിവാദത്തിൽ സമരം നടത്തി ജയിലിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജയിലിലെത്തി സന്ദർശിച്ച തരൂർ പാർട്ടി പ്രവർത്തനത്തിൽ കൂടി പങ്കാളിത്തം വഹിക്കാനുള്ള നിശ്ചയത്തിലാണ്.

പൂ‍ർവ വിദ്യാർഥി സംഗമത്തിനും ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് പരിപാടിക്കുമായി ഇന്നലെ മുംബൈയിലെത്തിയ തരൂർ ഇന്നു കൊച്ചിക്കു മടങ്ങും. നാളെ കൊച്ചിയിൽ പ്രഫഷനൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന സ്റ്റേറ്റ് കോൺക്ലേവ് നടക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പങ്കെടുക്കുന്ന കോൺക്ലേവിൽ മുഖ്യപ്രഭാഷകനാണു തരൂർ. 

കൊച്ചിയിൽ ചില പ്രമുഖ വ്യക്തികൾ തരൂരിനെ കാണാനുള്ള താൽപര്യം അറിയിച്ചിട്ടുണ്ട്. ഇവരുമായി കൂടിക്കാഴ്ച നടത്തും. വി.ഡി.സതീശന്റെ മണ്ഡലമായ പറവൂരിൽ ഒരു ഡെന്റൽ ക്ലിനിക്കിന്റെ ഉദ്ഘാടനവും നാളെ നിർവഹിക്കും.  ഇതു നേരത്തേ നിശ്ചയിച്ച പരിപാടിയായതിനാൽ ഇപ്പോഴത്തെ വിവാദവുമായി ബന്ധമില്ല. 

കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. ഡിസംബർ 3നു പാലായിൽ കെ.എം.ചാണ്ടി സ്മാരക പ്രഭാഷണം നിർവഹിക്കും. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടാണ് ഉദ്ഘാടകൻ. വൈകിട്ട് ഈരാറ്റുപേട്ടയിൽ ജില്ലാ യൂത്ത് കോൺഗ്രസിന്റെ സമ്മേളനത്തിൽ ഉദ്ഘാടകനാകും. വിവാദമുയർന്നെങ്കിലും തരൂരിനെ പങ്കെടുപ്പിച്ചു പരിപാടിയുമായി മുന്നോട്ടുപോകാൻ ഇന്നലെ ചേർന്ന യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. കോഴിക്കോട്ടെ അനുഭവമുള്ളതിനാൽ വിലക്കു വേണ്ടെന്നു കോൺഗ്രസ് നേതൃത്വവും തീരുമാനിച്ചു. 

അന്നു രാത്രി കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കലിനൊപ്പം അത്താഴം. നാലിനു ചങ്ങനാശേരി അതിരൂപതയുടെ യൂത്ത് കോൺക്ലേവിൽ  ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിനൊപ്പം പങ്കെടുക്കും. പന്തളം കൊട്ടാരത്തിലേക്കും തരൂരിനു ക്ഷണമുണ്ട്. വലിയകോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണ ദർശനവും നടത്തും. ജെ.എസ്.അടൂരിന്റെ ബോധിഗ്രാമിന്റെ ചടങ്ങിലും പങ്കെടുത്താണു തിരുവനന്തപുരത്തേക്കുള്ള മടക്കം.

വിവാദം ചർച്ച ചെയ്ത് അച്ചടക്ക സമിതി

ശശി തരൂരിനെ കേന്ദ്രീകരിച്ചു കോൺഗ്രസിൽ ഉയർന്ന വിവാദം ചർച്ച ചെയ്ത് കെപിസിസി അച്ചടക്ക സമിതി. പാർട്ടിക്ക് എതിരല്ലാത്ത ഏതു യോഗത്തിലും ഏതു നേതാവിനും പങ്കെടുക്കാമെന്ന അഭിപ്രായത്തിലാണു സമിതിയെത്തിയത്. എന്നാൽ, പാർട്ടിയുടെ ചട്ടക്കൂടു പൊളിക്കാതെയും സൗഹൃദാന്തരീക്ഷം കളയാതെയും അച്ചടക്കം ലംഘിക്കാതെയും വേണം ഇതെല്ലാം. ഇക്കാര്യം അച്ചടക്ക സമിതിയുടെ നിർദേശമായി നേതാക്കൾക്കു നൽകും. ഭിന്നിപ്പിൽ നിൽക്കുന്ന നേതാക്കളുമായി അച്ചടക്ക സമിതിയെന്ന നിലയിൽ ബന്ധപ്പെടുകയും ചെയ്യും. 

തരൂരിന് പങ്കെടുക്കാം; ഡിസിസി അനുമതിയോടെ: താരിഖ് അൻവർ

കോഴിക്കോട്∙ ശശി തരൂരിന് എവിടെയും പരിപാടികൾ പങ്കെടുക്കാമെന്നും എന്നാൽ ബന്ധപ്പെട്ട ഡിസിസിയുടെ അനുമതി ആവശ്യമാണെന്നും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. താൻ അങ്ങനെയാണ് പരിപാടികളിൽ പങ്കെടുക്കാറുള്ളത്. എം.കെ.രാഘവന്റെ പരാതി എഐസിസിക്കു ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു. 

എം.കെ.രാഘവൻ പരാതി നൽകി

കോഴിക്കോട്∙ ശശി തരൂർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടനത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പിൻമാറിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു എം.കെ.രാഘവൻ എംപി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനു പരാതി നൽകി.  

English Summary: Shashi Tharoor gets invitation for more programs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com