ADVERTISEMENT

തൃശൂർ ∙ കേരള കാർഷിക സർവകലാശാലയിൽ സിപിഎം അനുകൂല സംഘടന നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ മന്ത്രിതല ചർച്ചയ്ക്കു വഴിയൊരുങ്ങുന്നു. സമരം നടത്തുന്ന ജനാധിപത്യ സംരക്ഷണ സമിതി ആവശ്യങ്ങളുന്നയിച്ചു കൃഷിമന്ത്രി പി.പ്രസാദിന് കത്തു നൽകിയിട്ടുണ്ട്. ഇതു പരിഗണിച്ചു സമരത്തിൽ ഇടപെടാനും ചർച്ച നടത്തി സമരം അവസാനിപ്പിക്കാനുള്ള ശ്രമം മന്ത്രിതലത്തിൽ ഉണ്ടാകുമെന്നാണു സൂചന.

ചാൻസലർ കൂടിയായ ഗവർണർ ഇടപെടുന്ന സാഹചര്യത്തിൽ സമരം സർക്കാർ തന്നെ അവസാനിപ്പിക്കാനാണു സാധ്യത. ഒന്നരമാസമായി സർവകലാശാലയുടെ പ്രവർത്തനം സ്തംഭിപ്പിച്ചു നടക്കുന്ന സമരത്തെക്കുറിച്ചു വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന അഗ്രികൾചറൽ പ്രൊഡക്‌ഷൻ കമ്മിഷണർ ഇഷിത റോയിയോട് ഗവർണർ റിപ്പോർട്ട് തേടിയിരുന്നു.

മുൻ വിസി ഡോ.ആർ.ചന്ദ്രബാബു വിരമിക്കുന്ന ദിവസം ഒപ്പിട്ട ഉത്തരവുപ്രകാരം സിപിഎം സംഘടനയായ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.വി. ഡെന്നിയെ അസിസ്റ്റന്റ് റജിസ്ട്രാർ തസ്തികയിൽ നിന്നു 2 ഗ്രേഡ് തരം താഴ്ത്തിയ നടപടി പിൻവലിക്കുക, സിപിഎം അനുകൂല സംഘടനയിലെ അധ്യാപക നേതാക്കളെ അനാവശ്യമായി സ്ഥലം മാറ്റിയതു പിൻവലിക്കുക, സർവകലാശാലയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മന്ത്രിക്കും വിസിക്കും സമരസമിതി കത്ത് നൽകിയിരിക്കുന്നത്.

അതേസമയം, സർവകലാശാല നേരിടുന്ന തകർച്ചയ്ക്കു പ്രധാന കാരണം ജനറൽ കൗൺസിലിലേക്കുള്ള നാമനിർദേശം രണ്ടര വർഷമായി ഒപ്പിടാത്ത ഗവർണറുടെ നിലപാടാണെന്നു ജനാധിപത്യ സംരക്ഷണ സമിതി ആരോപിച്ചു. കാർഷിക സർവകലാശാലയുടെ പരമോന്നത അധികാര സഭയായ ജനറൽ കൗൺസിലിലേക്ക് 4 കർഷക പ്രതിനിധികൾ, 4 വിദഗ്ധ ശാസ്ത്രജ്ഞർ, 2 പഞ്ചായത്ത് പ്രസിഡന്റുമാർ, ഒരു കർഷകൻ എന്നിവരെ ഗവർണർ നാമനിർദേശം ചെയ്യണം. ഈ ഫയൽ 2020 മുതൽ ഗവർണറുടെ കാര്യാലയം തടഞ്ഞുവച്ചിരിക്കുകയാണ്. നിലവിലെ ജനറൽ കൗൺസിലിന് ഇനി ആറു മാസം മാത്രമേ കാലാവധിയുള്ളൂ. വൈകിയെങ്കിലും ഇക്കാര്യത്തിലെ നടപടികൾ ഗവർണർ പൂർത്തിയാക്കണമെന്നു സംരക്ഷണ സമിതി ചെയർമാൻ ഡോ.പി.കെ. സുരേഷ് കുമാർ ആവശ്യപ്പെട്ടു.

ഭീഷണി പ്രസംഗം; റജിസ്ട്രാർ പരാതി നൽകി

മണ്ണുത്തി ∙ കാർഷിക സർവകലാശാല ആസ്ഥാനത്ത് സിപിഎം അനുകൂല സംഘടന നടത്തിവരുന്ന ഉപരോധത്തിൽ ഡിവൈഎഫ്ഐ നേതാവ് നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ റജിസ്ട്രാർ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. ഓഫിസ് വിട്ടു വീട്ടിലേക്കു മടങ്ങുമ്പോൾ നാട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരുണ്ടെന്ന് ഓർക്കണം എന്നു പ്രസംഗിച്ച ഡിവൈഎഫ്ഐ നേതാവും കൗൺസിലറുമായ അനീസ് അഹമ്മദിനെതിരെയാണു പരാതി.

അതേസമയം, റജിസ്ട്രാർ ഭീഷണിപ്പെടുത്തുന്നതായി സിപിഎം സംഘടന ആരോപിച്ചു. ഒന്നരമാസമായി സമരത്തിനു നേതൃത്വം കൊടുക്കുന്ന സംഘടനകളുടെ ജനറൽ സെക്രട്ടറിമാർക്കു റജിസ്ട്രാർ നോട്ടിസ് നൽകി. സമരത്തിന്റെ ഭാഗമായ കൊടിതോരണങ്ങൾ അഴിച്ചു മാറ്റിയില്ലെങ്കിൽ സംഘടനാ ജനറൽ സെക്രട്ടറിമാരുടെ വ്യക്തിപരമായ ബാധ്യതയായി കണ്ട് അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണു നോട്ടിസിൽ. വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതിന് പകരം ഭീഷണി മുഴക്കുകയാണെന്നാണ് ഇവരുടെ ആരോപണം. 

English Summary: Attempt to solve agriculture university strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com