ADVERTISEMENT

പത്തനംതിട്ട ∙ അങ്കമാലി – എരുമേലി നിർദിഷ്ട ശബരി റെയിൽപാതയിൽ വന്ദേഭാരത് ട്രെയിൻ ഉൾപ്പെടെ ഓടിക്കാൻ കഴിയുംവിധം വൈദ്യുതീകരണ സംവിധാനത്തിൽ മാറ്റംവരുത്തിയുള്ള എസ്റ്റിമേറ്റ് തയാറായി. പുതുക്കിയ എസ്റ്റിമേറ്റ് പ്രാഥമിക ചർച്ചകൾക്കായി കെ–റെയിൽ ഇന്ന് ദക്ഷിണ റെയിൽവേക്കു കൈമാറും. 

പദ്ധതിച്ചെലവ് 3347 കോടിയിൽനിന്ന് 3600 കോടിയായി ഉയരുമെന്നാണു സൂചന. പദ്ധതിക്കായി കിഫ്ബി വഴി 2000 കോടി രൂപ നീക്കിവയ്ക്കുമെന്നു കേരളം നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രം ഗതിശക്തി പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് ഇത്തവണ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ.

തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റിൽ വ്യത്യാസം വരാമെന്നും ദക്ഷിണ റെയിൽവേയുമായുള്ള ചർച്ചകൾക്കു ശേഷം എസ്റ്റിമേറ്റ് അന്തിമമാക്കി റെയിൽവേ ബോർഡിനു കൈമാറുമെന്നും കെ–റെയിൽ അധികൃതർ പറഞ്ഞു. സംസ്ഥാന സർക്കാരും റെയിൽവേയും പകുതി വീതം ചെലവു വഹിക്കാമെന്നു ധാരണയിലെത്തിയതിനാലാണു ശബരി പാതയുടെ എസ്റ്റിമേറ്റ് കെ–റെയിൽ തയാറാക്കിയത്. അങ്കമാലി–എരുമേലി പാതയുടെ ഡിസൈൻ മണിക്കൂറിൽ 130 കിലോമീറ്റർ വേഗം സാധ്യമാകുന്ന തരത്തിലാണു പരിഗണിക്കുന്നത്. 111 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 7 സ്ഥലങ്ങളിൽ 100 കിലോമീറ്റർ എന്ന വേഗനിയന്ത്രണമുണ്ടാകും.

തിരുവനന്തപുരം യാത്രയ്ക്കും വേഗമേറും

പദ്ധതിയുടെ രണ്ടാം ഘട്ടമായ എരുമേലി–പുനലൂർ–നെടുമങ്ങാട്–കഴക്കൂട്ടം പാതയുടെ അലൈൻമെന്റ് 160 കിലോമീറ്റർ വേഗം സാധ്യമാകുന്ന തരത്തിൽ തയാറാക്കാൻ കഴിഞ്ഞാൽ കേരളത്തിന് നേട്ടമാകും. അങ്കമാലിയിൽ നിന്നു തിരുവനന്തപുരത്തേക്കു കൂടുതൽ വേഗം കൈവരിക്കാൻ സാധിക്കും. ശബരി റെയിൽ എരുമേലിയിൽ നിന്നു പുനലൂർ, നെടുമങ്ങാട് വഴി പാത തിരുവനന്തപുരത്തേക്കു നീട്ടാനുള്ള സർവേ മുൻപു നടത്തിയതാണ്.

sabari-rail-route

50,000 ജനസംഖ്യയുള്ള, റെയിൽവേ എത്താത്ത പട്ടണങ്ങളെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര നിർദേശത്തിൽ നെടുമങ്ങാട് ഉൾപ്പെടുന്നതിനാൽ ശബരി പാതയുടെ രണ്ടാം ഘട്ടത്തിനു കൂടുതൽ കേന്ദ്ര സഹായത്തിനു സാധ്യതയുണ്ട്. രണ്ടാംഘട്ട അനുമതിക്കായി സംസ്ഥാനം കേന്ദ്രത്തിൽ സമ്മർദം ശക്തമാക്കേണ്ടിവരും.

English Summary: Vande Bharat train through Sabari route

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com