തരൂരിനോട് അസൂയ; കഥ മെനയുന്നവർക്ക് ഞാൻ വില്ലൻ: സതീശൻ

Mail This Article
കൊച്ചി ∙ കഥ മെനച്ചിലുകാർക്ക് ഇപ്പോൾ താനാണു വില്ലനെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘‘എല്ലാ കഥകളിലും ഒരു വില്ലൻ വേണം. ഇത്തവണ അതു ഞാനായി.’’ പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന കോൺക്ലേവിന്റെ സമാപന ചടങ്ങിൽ സതീശൻ പറഞ്ഞു.
കോൺഗ്രസിൽ ഇപ്പോഴുള്ള വിവാദങ്ങളുടെ പഴി മുഴുവനും മാധ്യമങ്ങളിലാണു സതീശൻ ചുമത്തിയത്. ‘ശശി തരൂരും ഞാനും ഒരേ വേദിയിൽ ഇരിക്കുന്നതിന്റെ ദൃശ്യം പകർത്താനാണു മാധ്യമങ്ങൾ ഇവിടെ എത്തിയതെന്ന് അറിയാം. പക്ഷേ, പരിപാടി ക്രമീകരിച്ചപ്പോൾ തരൂരിനു രാവിലെയും എനിക്കു വൈകിട്ടും ആയിപ്പോയി. അങ്ങനെ ക്രമീകരിച്ചതിൽ ഞങ്ങൾക്കു പങ്കില്ല. ഞങ്ങൾ നേരിൽ കണ്ടാൽ സംസാരിക്കില്ലെന്നാണ് ഇപ്പോൾ പറയുന്നത്.’
കണ്ണൂർ വിമാനത്താവളത്തിലെ ലോഞ്ചിൽ വച്ചും തിരുവനന്തപുരത്തെ പരിപാടിക്ക് എത്തിയപ്പോഴും തരൂരുമായി ദീർഘനേരം സംസാരിച്ചു. അതു കാണാതെ പരിപാടിക്കിടെ ഞങ്ങൾ ഇരു ദിശയിലേക്കും നോക്കിയിരിക്കുന്നതിന്റെ ചിത്രമെടുത്ത് ‘ഇവർ എപ്പോൾ മിണ്ടും’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചു.
ഒരു മണിക്കൂറിനിടെ ഒന്നിൽ കൂടുതൽ തവണ എങ്ങനെയാണ് അഭിവാദ്യം ചെയ്യുന്നതെന്നു സതീശൻ ചോദിച്ചു. തരൂരമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ കഴിവിലും പ്രാപ്തിയിലും അസൂയ ഉണ്ടെന്നു സമ്മതിക്കാൻ ഒരു മടിയുമില്ല. തങ്ങൾക്കിടയിൽ പ്രശ്‌നങ്ങളുണ്ടെന്ന സംശയം മാധ്യമങ്ങൾക്കു മാത്രമാണെന്നും സതീശൻ പറഞ്ഞു.
English Summary: VD Satheesan says no problem with Shashi Tharoor