ADVERTISEMENT

തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയ നാട്ടുകാരും പൊലീസും ഏറ്റുമുട്ടി. അസിസ്റ്റന്റ് കമ്മിഷണർ, ഇൻസ്പെക്ടർ എന്നിവർ ഉൾപ്പെടെ 35 പൊലീസുകാർക്കും ഒട്ടേറെ സമരക്കാർക്കും പരുക്കേറ്റു. ഇതിൽ 2 പൊലീസുകാർക്കു ഗുരുതര പരുക്കാണ്.

സ്റ്റേഷനിലുണ്ടായിരുന്ന 4 ജീപ്പും 2 വാനും 20 ബൈക്കുകളും തകർത്തു. സ്റ്റേഷനിലെ കംപ്യൂട്ടറും ഫർണിച്ചറും ഉൾപ്പെടെയുള്ള ഉപകരണങ്ങളും എസിയും നശിപ്പിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് പലതവണ കണ്ണീർ വാതകം പ്രയോഗിച്ചു. ചിതറിയോടിയ പ്രവർത്തകർ സ്റ്റേഷനു മുന്നിൽ തിരികെയെത്തി. വിരട്ടിയോടിക്കാൻ ശ്രമിച്ച പൊലീസുകാർക്കു നേരെ പ്രവർത്തകർ പാഞ്ഞടുത്തു. തുടർന്ന് ലാത്തിച്ചാർജുണ്ടായി. മനോരമ ചീഫ് ഫൊട്ടോഗ്രഫർ ആർ.എസ്. ഗോപൻ ഉൾപ്പെടെയുള്ളവർക്ക് ലാത്തിയടിയേറ്റു.

കൂടുതൽ പൊലീസ് എത്തിയെങ്കിലും രാത്രി വൈകിയും സംഘർഷം തുടർന്നു; പൊലീസുകാർക്കു പുറത്തിറങ്ങാൻ കഴിഞ്ഞില്ല. പരുക്കേറ്റവരെ കൊണ്ടു പോകാനെത്തിയ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ തിരിച്ചയച്ചു. സ്റ്റേഷനും വാഹനങ്ങളും കത്തിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളള യാത്രക്കാർ വഴിയിൽ കുടുങ്ങി. മാധ്യമപ്രവർത്തകരെയും ആക്രമിച്ചു.

ശനിയാഴ്ചയുണ്ടായ സംഘർഷത്തിന്റെ പേരിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. തുറമുഖ വിരുദ്ധ സമിതി പ്രവർത്തകൻ ഷെൽസണെ അറസ്റ്റും ചെയ്തു. വിവരം അന്വേഷിക്കാൻ സ്റ്റേഷനിലെത്തിയ ഇടവക ഭാരവാഹികളായ പുഷ്പരാജൻ, സൻകി, മുത്തപ്പൻ, ലിയോ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് പ്രവർത്തകർ സംഘടിച്ച് വൈകിട്ടോടെ സ്റ്റേഷൻ വളഞ്ഞത്.

10 കേസ്; വൈദികർ ഉൾപ്പെടെ 95 പ്രതികൾ

മൂന്നര മാസത്തോളമായി തുടരുന്ന വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം ശനിയാഴ്ച സംഘർഷത്തിൽ കലാശിച്ചിരുന്നു. സമരക്കാരും തുറമുഖത്തെ അനുകൂലിക്കുന്നവരും ഏറ്റുമുട്ടി; അനേകം പേർക്കു പരുക്കേറ്റു. ഇതിന്റെ പേരിൽ പരാതികളുടെ അടിസ്ഥാനത്തിലും സ്വമേധയാ ആയും 10 കേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തത്. ഇതിൽ ഒൻപതും തുറമുഖ വിരുദ്ധ സമിതിക്കെതിരെയാണ്. ഇതിൽ 3 കേസുകളിലാണ് ആർച്ച് ബിഷപ്പിനെയും സഹായമെത്രാൻ ആർ.ക്രിസ്തുദാസിനെയും ഒന്നും രണ്ടും പ്രതികളാക്കിയത്. 

വൈദികർ ഉൾപ്പെടെ ആകെ 95 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ആർച്ച് ബിഷപ് പ്രതിയായ കേസുകൾ പൊലീസ് സ്വമേധയാ എടുത്തതാണ്. ആർച്ച് ബിഷപ്പും വൈദികരും ചേർന്ന്, കണ്ടാലറിയാവുന്ന ആയിരത്തോളം പേരെ ഉപയോഗിച്ച് സംഘർഷം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആർ. സംഘർഷ സ്ഥലത്തില്ലാതിരുന്ന ആർച്ച് ബിഷപ്പിനെ പ്രതിയാക്കിയതു വലിയ പ്രതിഷേധത്തിനിടയാക്കി.

Content Highlights: VIzhinjam Protest, Clash at Vizhinjam Police Station, Vizhinjam Port Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com