ADVERTISEMENT

തലശ്ശേരി ∙ ഇരട്ടക്കൊലപാതക കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ലഹരിമാഫിയ ബന്ധത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനാണിത് എന്നാണു വിശദീകരണം. നിട്ടൂർ ഇല്ലിക്കുന്നിലെ സിപിഎം പ്രവർത്തകരായ‍ ത്രിവർണയിൽ കെ.ഖാലിദ് (52), സഹോദരീ ഭർത്താവ് പൂവനായി ഷമീർ (40) എന്നിവരെ ദേശീയപാതയിൽ വീനസ് കോർണറിൽ കുത്തിക്കൊലപ്പെടുത്തിയെന്ന കേസ് ക്രൈംബ്രാഞ്ച് എസിപി കെ.വി.ബാബു ആണ് ഇനി അന്വേഷിക്കുക.

കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവ് ഇറങ്ങിയതിനെത്തുടർന്ന് ലോക്കൽ പൊലീസിൽനിന്നു രേഖകളെല്ലാം ക്രൈംബ്രാഞ്ച് ഏറ്റുവാങ്ങി. കേസിലെ ആറാം പ്രതി വടക്കുമ്പാട് പാറക്കെട്ട് പി.അരുൺകുമാർ (38), 7-ാം പ്രതി പിണറായി പുതുക്കുടി ഹൗസിൽ ഇ.കെ.സന്ദീപ് (38) എന്നിവരെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒരു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ചോദ്യംചെയ്യലിനു ശേഷം തിരിച്ചു കോടതിയിൽ ഹാജരാക്കി. കൃത്യം നടത്തിയ ശേഷം ഒന്നാം പ്രതി പാറായി ബാബുവിനു കർണാടകയിലേക്കു കടക്കാൻ വാഹനം ഏർപ്പാടാക്കുകയും കൂടെ സഞ്ചരിച്ചു സഹായിക്കുകയും ചെയ്തത് ഇവരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കൂടുതൽ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിൽ ലഭിക്കുന്നതിനു തലശ്ശേരി പൊലീസ് കോടതിയിൽ ഹർജി നൽകിയിരുന്നു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത സാഹചര്യത്തിലാണ് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. 23നു വൈകിട്ട് 3.55നു ദേശീയപാതയിൽ വീനസ് കോർണറിലായിരുന്നു സംഭവം. 7 പേരാണു പ്രതികൾ. മുഖ്യപ്രതി പാറായി ബാബു ഉൾപ്പെടെ കേസിലെ മിക്ക പ്രതികളും സിപിഎം ബന്ധമുള്ളവരാണ്. പ്രദേശത്തെ ലഹരി വിൽപനയ്ക്കെതിരെ പ്രവർത്തിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കേസ്.

English Summary: Crime branch will investigate the thalassery double murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com