ADVERTISEMENT

കൊച്ചി ∙ ശശി തരൂരിനെ മുൻനിർത്തി സംസ്ഥാന കോൺഗ്രസിലെ വിവാദങ്ങൾക്കിടയിൽ തരൂർ ദേശീയ ചെയർമാനായ ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസിന്റെ സംസ്ഥാന കോൺക്ലേവിൽ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പങ്കെടുത്തു. തരൂരിനോട് എന്നും ആദരവാണെന്നു പറഞ്ഞു വിവാദം തണുപ്പിക്കാൻ വി.ഡി. സതീശൻ വഴിയൊരുക്കിയപ്പോൾ രാവിലെ നടന്ന സെഷനിൽ കോൺഗ്രസ് യുവ നേതാക്കൾ ശശി തരൂരിനെ മുക്തകണ്ഠം പ്രശംസിച്ചതും ശ്രദ്ധേയമായി. 

കെ. സുധാകരനും വി.ഡി. സതീശനും തരൂരും സമ്മേളനത്തിൽ പങ്കെടുത്തെങ്കിലും ഒരുമിച്ച് ഉണ്ടായില്ല. സുധാകരൻ ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചപ്പോൾ തരൂർ വേദിയിലുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വൈകിട്ട് വേദിയിൽ എത്തിയപ്പോഴേക്കും തരൂർ വേദി വിട്ടിരുന്നു. ഹൈബി ഇൗഡൻ എംപി, എംഎൽഎമാരായ ടി.ജെ. വിനോദ്, മാത്യു കുഴൽനാടൻ, മുൻ എംഎൽഎ കെ.എസ്. ശബരീനാഥൻ, എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനം വൈകിയതിനാൽ ടി.ജെ. വിനോദ് എംഎൽഎ പ്രസംഗിക്കാതെ മടങ്ങി. 

വിവാദങ്ങളുടെ പഴി മാധ്യമങ്ങൾക്കു മേൽ ചാരുന്നതായിരുന്നു സതീശന്റെ വാക്കുകൾ. പലരും കഥകൾ മെനയുകയാണെന്നു വിമർശനം. ഒരേ വേദി പങ്കിട്ടിട്ടും തരൂരിനോടു സതീശൻ മിണ്ടിയില്ലെന്ന വാർത്തയിലായിരുന്നു പരിഭവമത്രയും. ഇപ്പോഴുള്ള വിവാദങ്ങൾക്കു കാരണം താനല്ലെന്നു ശശി തരൂരും പറവൂരിലെ സ്വകാര്യ ചടങ്ങിൽ പ്രതികരിച്ചു. 

രാഷ്ട്രീയത്തിൽ മുൻപ് എന്നത്തെക്കാളും പ്രഫഷനലുകളുടെ പങ്കാളിത്തം ആവശ്യമുള്ള സമയമാണിതെന്നു ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ച കെ. സുധാകരൻ കോൺഗ്രസിന് പ്രഫഷനലുകളെ കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും പറഞ്ഞു. 

സുധാകരനു ശേഷം സംസാരിച്ച തരൂർ ഇന്നലെ രാവിലെയും സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു എന്നു പറഞ്ഞാണു തുടങ്ങിയത്. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പഠനങ്ങൾക്കു പ്രഫഷനൽ കോൺഗ്രസ് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഭിന്നിപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാൻ രാഷ്ട്രീയത്തിൽ പ്രഫഷനലുകളുടെ പങ്കാളിത്തം ആവശ്യമാണെന്നും തരൂർ പറഞ്ഞു. പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.എസ്.ലാൽ അധ്യക്ഷനായി. സെക്രട്ടറി സുധീർ മോഹൻ, വൈസ് പ്രസിഡന്റ് ഡോ. ഹൈഫ എന്നിവർ പ്രസംഗിച്ചു. 

English Summary: Respect to Shashi Tharoor says V.D. Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com