ADVERTISEMENT

തിരുവനന്തപുരം ∙ സിൽവർലൈൻ വേഗറെയിൽപാതയ്ക്കായി സാമൂഹികാഘാതപഠനം തുടരേണ്ടതില്ലെന്നു റവന്യുവകുപ്പ് രേഖാമൂലം അറിയിച്ചു. ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും നിർദേശിച്ചു. സാമൂഹികാഘാത പഠനം തുടരാൻ പുതിയ വിജ്ഞാപനം ഇറക്കുന്നത് റെയിൽവേ ബോ‍ർഡിന്റെ അനുമതിക്കു ശേഷം മതിയെന്നു സർക്കാർ വ്യക്തമാക്കി. ബോർഡിന്റെ അനുമതി കിട്ടാൻ സാധ്യതയില്ലെന്നാണു നിഗമനം. ഇതോടെ, എൽഡിഎഫിന്റെ സ്വപ്നപദ്ധതിയായ സിൽവർലൈൻ മരവിപ്പിച്ച സ്ഥിതിയായി.

നിർദിഷ്ട സിൽവർലൈനിനെതിരെ സംസ്ഥാനത്തുടനീളം വൻ പ്രതിഷേധം ഉയർന്നപ്പോഴും പിന്മാറ്റമില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. സാമൂഹികാഘാത പഠനത്തിനു സർവേ നടത്താനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചപ്പോൾ പ്രതിഷേധക്കാരെ പലയിടത്തും ബലമായി നേരിടുകയും ചെയ്തു. ഒട്ടേറെ കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്.

11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണു ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ചിരുന്നത്. ഇവരെ തിരിച്ചുവിളിക്കാനും മറ്റ് അടിയന്തര പദ്ധതികളിലേക്കു മാറ്റിനിയമിക്കാനുമുള്ള നിർദേശം റവന്യു അഡീഷനൽ ചീഫ് സെക്രട്ടറിയാണു നൽകിയത്. ഇതേസമയം, പദ്ധതിയിൽനിന്നുള്ള പിന്മാറ്റം സർക്കാരും എൽഡിഎഫും കെ റെയിലും പരസ്യമായി സമ്മതിക്കുന്നില്ല. സാങ്കേതിക നടപടികൾ പൂർത്തിയാക്കി കേന്ദ്ര അനുമതി നേടിയെടുത്ത് വീണ്ടും പദ്ധതിയിലേക്കു നീങ്ങുമെന്ന ആത്മവിശ്വാസമാണ് എൽഡിഎഫ് നേതാക്കൾ പ്രത്യക്ഷത്തിൽ പ്രകടിപ്പിക്കുന്നത്. 

cartoon

ഇതുവരെ ചെലവ് 31 കോടി

സിൽവർലൈൻ പദ്ധതിക്ക് 3 വർഷം കൊണ്ട് പല ഇനത്തിൽ ചെലവു വന്നത് 31 കോടി രൂപയിലേറെ. 2019 ജൂൺ മുതൽ ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കാണ് കെ റെയിൽ വെളിപ്പെടുത്തിയത്. 

6737 മഞ്ഞക്കുറ്റി

പദ്ധതിക്കായി ഇതു വരെ 6737 കല്ലുകളാണ് (മഞ്ഞക്കുറ്റി) 11 ജില്ലകളിൽ സ്ഥാപിച്ചത്. മഞ്ഞക്കുറ്റി വാങ്ങാൻ ചെലവായത് 1.48 കോടി രൂപയാണ്.

ഉപേക്ഷിച്ചിട്ടില്ല: കെ റെയിൽ

പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കേന്ദ്ര അനുമതി കിട്ടുന്നതു വരെയുള്ള താമസമേയുള്ളൂവെന്നും കെറെയിൽ വിശദീകരണം. കേരളത്തിന്റെ സ്വപ്ന പദ്ധതി യാഥാർഥ്യമാകുമെന്നും കേരളം കുതിക്കട്ടെ സിൽവർലൈനിൽ എന്നുമാണ് കെ റെയിലിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലെ പോസ്റ്റിലെ അവസാന വരികൾ.

പിന്മാറുകയല്ല: മന്ത്രി രാജൻ

‘കെ റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറുകയാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. റെയിൽവേ ബോർഡിന്റെ അംഗീകാരം കിട്ടിയ ശേഷമേ സ്ഥലമേറ്റെടുക്കൽ ആരംഭിക്കാനാവൂ എന്നതിനാൽ സ്ഥലമേറ്റെടുക്കൽ യൂണിറ്റുകൾ പുനർവിന്യസിക്കുകയാണ് ചെയ്യുന്നത്.’ - റവന്യു മന്ത്രി കെ.രാജൻ.

English Summary: Silverline project; Kerala Government call back Revenue staff

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com