ശബരിമല വികസനം: പദ്ധതികൾ തയാറാക്കുന്നതിൽ പാളിച്ച; കേന്ദ്രം അനുവദിച്ച 80 കോടി പാഴാകുന്നു

SHARE

ശബരിമല ∙ കേന്ദ്ര സർക്കാരിന്റെ ‘സ്വദേശി ദർശൻ’ തീർഥാടന ടൂറിസം പദ്ധതിയിൽ ശബരിമല വികസനത്തിന് അനുവദിച്ച 100 കോടി രൂപയിൽ 80 കോടിയും പാഴാകുന്നു. ഇതുവരെ 20 കോടിയുടെ പദ്ധതിക്ക് മാത്രമാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി അനുമതി വാങ്ങിയത്. കാലാവധി ഡിസംബർ 31ന് അവസാനിക്കാനിരിക്കെ, അനുമതി വാങ്ങി നിർമാണം തുടങ്ങിയ പദ്ധതികളും പൂർത്തിയാക്കിയിട്ടില്ല. 

2015 ഡിസംബറിലാണു കേന്ദ്രസർക്കാർ 100 കോടി രൂപ അനുവദിച്ചത്. 36 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന വ്യവസ്ഥയിൽ ആദ്യഗഡുവായി 20 കോടി രൂപ നൽകി. എന്നാൽ, പദ്ധതികൾ തയാറാക്കി നൽകുന്നതിൽ ദേവസ്വം ബോർഡ്, സംസ്ഥാന സർക്കാർ, ഉന്നതാധികാര സമിതി എന്നിവയ്ക്കു പറ്റിയ പാളിച്ചകളും വനം വകുപ്പുമായുള്ള തർക്കവും തിരിച്ചടിയായി. മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ നിർമാണം നടത്തണമെന്ന കേന്ദ്ര നിർദേശം വന്നതോടെ വനം വകുപ്പ് പിടിമുറുക്കി. ഇതു വനഭൂമിയും ദേവസ്വം ഭൂമിയും തമ്മിലുള്ള അതിർത്തി തർക്കമായി മാറി. ഇതോടെ മാസ്റ്റർ പ്ലാൻ ലേഔട്ട് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 

ഹൈക്കോടതി ഇടപെട്ട് അഭിഭാഷക കമ്മിഷനെ നിയോഗിച്ച് ദേവസ്വം ഭൂമി അളന്നുതിരിച്ച് ജണ്ട സ്ഥാപിച്ചു. കമ്മിഷന്റെ റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ച് തർക്കത്തിനു പരിഹാരം ഉണ്ടാക്കി. എന്നിട്ടും ദേവസ്വം ബോർഡും ഉന്നതാധികാര സമിതിയും പദ്ധതി നടപ്പാക്കുന്നതിനു താൽപര്യം കാണിച്ചില്ല. ആദ്യ ഗഡുവായി കിട്ടിയ 20 കോടിയിൽ ഉൾപ്പെടുത്തിയ പ്രധാന നിർമാണമാണു നീലിമല പാത കരിങ്കല്ല് പാകുന്നത്. 14.45 കോടി രൂപയായിരുന്നു ചെലവ്. ഇത് ഇനിയും പൂർത്തിയായിട്ടില്ല. പമ്പയിൽ സ്നാനഘട്ടം നവീകരണത്തിനു 4.5 കോടിയുടെ പണി പൂർത്തിയാക്കിയതാണ് ഏക നേട്ടം, വാട്ടർ കിയോസ്ക് സ്ഥാപിക്കുന്ന ജോലികളും പൂർത്തിയായിട്ടില്ല.

കേന്ദ്ര ഫണ്ടിനു സമർപ്പിച്ച പദ്ധതികൾ

സന്നിധാനം

2 ഹെൽത്ത് കിയോസ്ക് (64.25 ലക്ഷം രൂപ), വളവുകളിൽ 560 മീറ്റർ പുതിയ വഴി (5.04 കോടി), ശരംകുത്തിയിൽ ക്യു കോംപ്ലക്സ് (6.82 കോടി), പിൽഗ്രിം സെന്റർ (90.56 ലക്ഷം), പ്രസാദം കൗണ്ടർ (6.80 കോടി), മണ്ഡപം (49.50 ലക്ഷം), ഇരിപ്പിടങ്ങൾ (3.97.കോടി), സ്റ്റേജ് (4.11 കോടി), ശുദ്ധജല വിതരണ ആർഒ പ്ലാന്റ് (45.31 ലക്ഷം). 

പമ്പ

കിയോസ്ക് (46.20 ലക്ഷം), പാർക്കിങ് ഗ്രൗണ്ട് (6.38 കോടി), നടപ്പാത (4.43 കോടി), മണ്ഡപം (59.21 ലക്ഷം), പമ്പാ തീരത്ത് ഷവർ (43.34 ലക്ഷം), 5 ശുചിമുറി സമുച്ചയം (2.55 കോടി), ഖരമാലിന്യ സംസ്കരണ ശാല (80.13 ലക്ഷം), മാലിന്യ സംസ്കരണശാല (1.56 കോടി), കുടിവെള്ള ഫൗണ്ടൻ (48.58 ലക്ഷം), വൈദ്യുതീകരണം (93.75 ലക്ഷം).

നീലിമല പാത

ഹെൽത്ത് കിയോസ്ക് (1.10 കോടി), സെക്യൂരിറ്റി കാബിൻ (15.8 കോടി), റാംപ് (41.7 കോടി), സിസിടിവി ക്യാമറ (40.95 ലക്ഷം), ട്രാക്ടറിനു കടന്നുപോകാനുള്ള വഴി (1.69 കോടി).

English Summary: 80 crore central government fund for Sabarimala development may be lapsed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS