ADVERTISEMENT

പീരുമേട് ∙ വ്യാപാരസ്ഥാപനത്തിലെ പെട്ടിയിൽ നിന്നു പണം മോഷ്ടിച്ച പൊലീസുകാരനെ കടയുടമ കയ്യോടെ പിടികൂടി. നഷ്ടപരിഹാരം നൽകിയും മാപ്പു പറഞ്ഞും രക്ഷപ്പെടാൻ, പൊലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹികൂടിയായ പൊലീസുകാരന്റെ ശ്രമം. കഴിഞ്ഞ ദിവസം പാമ്പനാർ മാർക്കറ്റ് റോഡിലെ കടയിലായിരുന്നു സംഭവം. കടയിലെ നിത്യസന്ദർശകനായ യുവ പൊലീസുകാരൻ സോഡാ നാരങ്ങാവെള്ളം ആവശ്യപ്പെട്ടു കടയുടമയുടെ ശ്രദ്ധ മാറ്റിയശേഷമാണു പണം മോഷ്ടിക്കാൻ ശ്രമിച്ചത്. മുൻപു പല തവണ പൊലീസുകാരൻ കടയിൽ എത്തിയപ്പോഴൊക്കെ പെട്ടിയിൽ നിന്നു പണം നഷ്ടപ്പെട്ടതിനാൽ കടയുടമ ജാഗ്രത പാലിച്ചു.

പൊലീസുകാരൻ പെട്ടിയിൽ കയ്യിട്ട് 1,000 രൂപ എടുത്തതിനു പിന്നാലെ ഇയാളെ ഉടമ പിടികൂടി. ബഹളം കേട്ടു സമീപത്തെ കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ളവരുമെത്തി. ഇതോടെ താൻ നഷ്ടപരിഹാരം നൽകാമെന്നായി പൊലീസുകാരൻ. പരാതി നൽകാതിരിക്കാൻ 40,000 രൂപ വാഗ്ദാനം ചെയ്യുകയും 5,000 രൂപ ഉടനടി നൽകുകയും ചെയ്തു. ഇതിനിടെ ചില വ്യാപാരികൾ പീരുമേട് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഒത്തുതീർപ്പ് ചർച്ചകൾക്കാണു മുതിർന്നത്.

സമ്മർദം മുറുകിയതോടെ തനിക്കു പരാതിയില്ലെന്നു മുതിർന്ന പൗരനായ വ്യാപാരി അറിയിച്ചു. മുൻപ് നിരോധിത ലഹരി ഉൽപന്നങ്ങൾ ഇതേ കടയിൽ നിന്നു പൊലീസ് പിടികൂടിയിരുന്നു. അന്നു സംഘത്തിലുണ്ടായിരുന്ന പൊലീസുകാരൻ പിന്നീടു കടയുടമയുമായി സൗഹൃദത്തിലാവുകയായിരുന്നു. ഇതു മുതലെടുത്ത്, കടയിലെത്തിയാൽ ഇയാൾ കാഷ് കൗണ്ടറിൽ ഇരിക്കുക പതിവായിരുന്നുവെന്നു പറയുന്നു. സംഭവം വിവാദമായതോടെ രഹസ്യാന്വേഷണ വിഭാഗം സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

English Summary : policeman stole money from the shop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com