ADVERTISEMENT

തിരുവനന്തപുരം∙ കേരള ഡിജിറ്റൽ സർവകലാശാലയ്ക്കു കീഴിൽ 1515 കോടി രൂപ ചെലവിൽ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കുന്നതിനു ഭരണാനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത് ഡിജിറ്റൽ സർവകലാശാലാ ക്യാംപസിനോടു ചേർന്നാണു പാർക്ക് വരുന്നത്. 1175 കോടി രൂപ കിഫ്ബി വഴിയും ബാക്കി തുക വ്യവസായ പങ്കാളികൾ ഉൾപ്പെടെ സ്രോതസ്സുകളിൽനിന്നും കണ്ടെത്തും. ബജറ്റിൽ പ്രഖ്യാപിച്ച 200 കോടി രൂപയിൽ നിർമാണപ്രവർത്തനങ്ങൾ പരിമിതപ്പെടുത്തണമെന്ന നിബന്ധനയോടെയാണ് ഭരണാനുമതി. മറ്റു തീരുമാനങ്ങൾ:

∙ കോഴിക്കോട് ജില്ലയിൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. പോണ്ടിച്ചേരി ജിപ്മെറിൽ സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം പ്രഫസർ ഡോ. ബിജു പൊറ്റക്കാട്ടിനെ ഇവിടെ സ്പെഷൽ ഓഫിസറായി നിയമിച്ചു.

∙ കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ ഡിസ്ക്) മുൻനിര പദ്ധതിയായ യങ് ഇന്നവേഷൻ പ്രോഗ്രാം സർക്കാർ വകുപ്പുകളുടെയും സർവകലാശാലകളുടെയും മറ്റ് ഏജൻസികളുടെയും സഹകരണത്തോടെ നടപ്പാക്കും.

∙ ഹാൻവീവിന്റെ അംഗീകൃത ഓഹരി മൂലധനം 50 കോടി രൂപയിൽനിന്ന് 60 കോടിയാക്കി.

∙ രാജീവ്ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിലെ സ്ഥിരം തസ്തികകളിൽ വ്യവസ്ഥകളോടെ ശമ്പളപരിഷ്കരണം.

ജലപാത വികസനം: കാസർകോട്ട് 44 ഹെക്ടർ ഭൂമി ഏറ്റെടുക്കും

കോവളം – ബേക്കൽ ജലപാത വികസനത്തിന്റെ ഭാഗമായി കാസർകോട് ജില്ലയിലെ നീലേശ്വരം പുഴയെയും ചിത്താരി പുഴയെയും ബന്ധിപ്പിച്ചു നിർമിക്കുന്ന കൃത്രിമക്കനാലിനും നമ്പ്യാർക്കാൽ ഭാഗത്തു നിർമിക്കുന്ന നാവിഗേഷൻ ലോക്കിനും വേണ്ടി 44.156 ഹെക്ടർ ഭൂമി കിഫ്ബി ധനസഹായത്തോടെ ഏറ്റെടുക്കും. ഇതിനായി ന്യായവിലയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ 178.15 കോടി രൂപയുടെ എസ്റ്റിമേറ്റിനു ഭരണാനുമതി നൽകി.

English Summary: Digital science park in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com